11 വയസ്സിനു മുൻപ് കാണുന്നത് 8000 കൊലപാതകങ്ങൾ; കുട്ടികളിലെ ക്രിമിനൽ വാസനയ്ക്കു പിന്നിൽ
ലക്ഷ്മി നാരായണൻ
കുറ്റകൃത്യങ്ങളിലേർപ്പെടുന്ന കുട്ടികളുടെ എണ്ണം ആഗോളതലത്തിൽ വർധിച്ചു വരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ലൈംഗികാതിക്രമം, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വർധിച്ചു വരികയാണ്. എന്നാൽ ഇതിനു പിന്നിൽ മൊബൈൽ ഫോൺ, ടിവി, ഇന്റർനെറ്റ് എന്നിവയുടെ സ്വാധീനം വളരെ വലുതാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അടിച്ചുപൊളിച്ചു ജീവിക്കാനും ബൈക്ക്, മൊബൈല്‍, മൊബൈല്‍ റീചാര്‍ജിങ്, ഇന്റര്‍നെറ്റ് കഫേ സന്ദര്‍ശനം, മദ്യം, ലഹരി വസ്തുക്കള്‍ തുടങ്ങിയവയ്ക്കുമായാണ് 14 വയസ്സിനു മുകളിലുള്ള കുട്ടികൾ കുറ്റകൃത്യങ്ങൾ നടത്തുന്നതെങ്കിൽ, തങ്ങൾ കാണുന്ന കുറ്റകൃത്യങ്ങളുടെ അനുകരണമാണ് 14 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ ചെയ്യുന്നത്.
സ്ഥിരമായി ടിവി, ഇന്റർനെറ്റ് എന്നിവ കാണുന്ന ഒരു കുട്ടി പത്തോ പതിനൊന്നോ വയസ്സാകുമ്പോഴേക്കും ശരാശരി 8000 കൊലപാതകങ്ങളും പതിനായിരത്തോളം മറ്റു കുറ്റകൃത്യങ്ങളും ടിവി, സിനിമ എന്നിവയില്‍ നിന്നായി കണ്ടു കഴിയുമെന്ന് അമേരിക്കയില്‍ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു. ഇത്തരം ചിത്രങ്ങൾ കുട്ടികളിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഇന്റർനെറ്റിന്റെ അമിതമായ ഉപയോഗത്തിലൂടെ അശ്ലീല വെബ്‌സൈറ്റുകൾ സന്ദർശിക്കുന്ന കുട്ടികളുടെ എണ്ണവും ആഗോളതലത്തിൽ വർധിച്ചിരിക്കുന്നു.
കൈസര്‍ ഫൗണ്ടേഷന്‍ റിപ്പോര്‍ട്ടനുസരിച്ച് 70 ശതമാനം കുട്ടികളും അവിചാരിതമായാണ് ഇത്തരം സൈറ്റുകളിലെത്തപ്പെടുന്നത്. കുട്ടികള്‍ തങ്ങള്‍ക്കു താല്‍പര്യമുള്ള ഏതെങ്കിലും സൈറ്റ് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുമ്പോഴോണ് അശ്ലീല ചിത്രങ്ങള്‍ മുന്നിലെത്തുന്നത്. അതിനാലാണ് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ മാത്രം കുട്ടികൾക്ക് ഇന്റർനെറ്റ് ഉപയോഗം അനുവദിക്കണം എന്നു പറയുന്നത്. വളരെ ചെറുപ്പത്തില്‍ അശ്ലീല ചിത്രം കാണാനിടവന്നാല്‍ അതു മാനസികവും ശാരീരികവുമായ വളര്‍ച്ചയില്‍ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
ഇതിനു തടയിടാനുള്ള മാർഗങ്ങളിൽ പ്രധാനം മാതാപിതാക്കൾ, അധ്യാപകർ, കുടുംബത്തിലെ മറ്റ് മുതിർന്ന വ്യക്തികൾ എന്നിവർ നൽകുന്ന പരിചരണവും സ്നേഹവുമാണ്. കുട്ടികളുടെ മാനസികാവസ്ഥയും കൗമാരത്തിന്റെ സവിശേഷതകളും കണ്ടറിഞ്ഞു പെരുമാറാനുള്ള സാഹചര്യം മാതാപിതാക്കൾ സൃഷ്ടിക്കണം. തെറ്റുകണ്ടാൽ ഉടനടി ശിക്ഷിക്കാൻ നിൽക്കാതെ തെറ്റിന്റെ ഗൗരവം കാര്യകാരണ സഹിതം പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം.
കുട്ടികൾക്ക് ടിവി, ഇന്റർനെറ്റ് എന്നിവ നൽകുമ്പോൾ ക്രിമിനൽ സ്വഭാവമുള്ള കാര്യങ്ങളല്ല അവർ കാണുന്നത് എന്നു ഉറപ്പാക്കുക. അത്തരം വിഡിയോ ഗെയിമുകളും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. അതിനാൽ കുട്ടികൾക്ക് കൂടുതൽ സമയം ഫിസിക്കൽ ആക്ടിവിറ്റികളിൽ ഏർപ്പെടാനുള്ള അവസരം ഔട്ട് ഡോർ ഗെയിമുകളിലൂടെ മാതാപിതാക്കൾ ഉണ്ടാക്കി നൽകുക.
Summary : Screen time and antisocial behavior in children