വീട്ടിലെ രണ്ടാമൻ കുഴപ്പക്കാരനോ? പഠനം പറയുന്നത് ഇങ്ങനെ!
മിക്കവീടുകളിലും ശ്രദ്ധിച്ചാൽ അറിയാം രണ്ടാമത്തെ കുട്ടിക്കാവും കുറുമ്പ് കൂടുതൽ. ഇവർ ഒരോ കുസൃതി ഒപ്പിച്ചുവച്ചാലും കുറ്റം മുഴുവൻ മൂത്ത ആൾക്കാകും. അടിയും വഴക്കുകിട്ടുന്നതുമെല്ലാം മുതിർന്ന കുട്ടിയ്ക്കാകും. വീട്ടിലെ ആദ്യ കുട്ടിയായിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് സാരം. അനിയൽ അലമ്പ് കാണിച്ചാലും ചേട്ടന്റെ പേരിലാകും പരാതി വരിക. മാത്രല്ല തങ്ങളുടെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും എല്ലാം അവർ അടിച്ചുമാറ്റുകയും ചെയ്യും. ഇളയ ആള്‍ വഴക്കുണ്ടാക്കിയിട്ട് ഒന്നു കരഞ്ഞാൽ ഉറപ്പായും അച്ഛനമ്മമാരുടെ അടി കിട്ടുക മൂത്തയാൾക്കാകും.
മിക്ക വീടുകളിലും രണ്ടാമൻ കുഴപ്പക്കാരനാണെന്നാണ് ഒരു പുത്തൻ പഠനവും പറയുന്നത്. എംഐറ്റി ഇക്കണോമിസ്റ്റായ ജോസഫ് ഡോയ്ലേ നടത്തിയ ഒരു പഠനമാണ് രസകരമായ ചില കാര്യങ്ങൾ പുറത്തുകൊണ്ടുവന്നത്. സ്കൂളിലായാലും വീട്ടിലായാലും മൂത്തായാളേക്കാൾ 25 % മുതൽ 40% പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് രണ്ടാമനാണെന്നാണ് പഠനഫലം.
ഇതിനൊക്കെ കാരണക്കാർ മാതാപിതാക്കൾ തന്നെയെന്നതാണ് മറ്റൊരു രസകരമായ കാര്യം. അതെന്താണേന്നോ? ആദ്യത്തെ കുട്ടിയുടെ കാര്യത്തിൽ മാതാപിതാക്കൾ പൊതുവെ കൂടുതല്‍ ശ്രദ്ധയും കർശനസ്വഭാവവും കാണിക്കും. എന്നാൽ രണ്ടാമത്തെയാൾ എത്തുമ്പോഴേയ്ക്കും അല്പം കൂടി അയഞ്ഞ സമീപനമാകും അവരുടെ ഭാഗത്തു നിന്നുമുണ്ടാകുക. അതുപോലെ പൊതുവെ മൂത്ത കുട്ടിയുടെ റോള്‍ മോഡലുകൾ മാതാപിതാക്കളാകും എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമാകുമത്രേ രണ്ടാമന്റെ റോൾ മോഡലുകൾ. അതായത് തന്നേക്കാൾ രണ്ടോ മൂന്നോ വയസ്സുമാത്രം കൂടുതലുള്ള ചേട്ടനോ ചേച്ചിയോ ആകും ഇവരുടെ ഹീറോ.
അതുകൊണ്ടുതന്നെ ഈ രണ്ടാമന്റെ സ്വഭാവം മാതാപിതാക്കളുടെ അവരോടുള്ള സമീപനത്തേയും മൂത്തകുട്ടിയുടെ പ്രകൃതത്തേയും അടിസ്ഥാമാക്കിയാകും എന്നും പഠനം പറയുന്നു.
Summary : Second born children are more troublemaker study says