ആ പരാജയത്തിനുള്ള മറുപടിയാണീ ചിത്രങ്ങൾ!
സെറീന വില്യംസ് ഈയടുത്താണ് ഒരു കുഞ്ഞിന്റെ അമ്മയായത്. കൃത്യമായി പറഞ്ഞാൽ പത്തുമാസങ്ങൾക്കു മുൻപ്. അമ്മയായെങ്കിലും തന്റെ പ്രിയയിടമായ ടെന്നീസ് കോർട്ട് വിട്ടു പോകാൻ ഈ താരം തയാറല്ല. പണ്ടങ്ങനെയായിരുന്നോ കളിക്കളത്തെ അടക്കി വാണിരുന്നത്, അതേ മികവോടെ
സെറീന തിരിച്ചു വരുന്ന കാഴ്ച നമ്മൾ ഈയിടെ കണ്ടു. ഫൈനലിൽ പിഴച്ചെങ്കിലും ആ പരാജയം വിജയത്തിനൊപ്പം തന്നെയാണെന്നാണ് കളി കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നത്. മികച്ചൊരു കായികതാരം എന്നതിനൊപ്പം തന്നെ ഒരു സൂപ്പർ മോം കൂടിയാണ് സെറീന.
മകളോടൊപ്പമല്ലാതെ സെറീനയെ പൊതുവേദികളിൽ കാണുന്നത് വളരെ വിരളമാണ്. അലക്സിസ് ഒളിംപിയ ഒഹാനിയാൻ എന്ന മകളോടൊപ്പമുള്ള സുന്ദര നിമിഷങ്ങൾ എല്ലാം തന്നെ സെറീന സമൂഹമാധ്യമങ്ങൾ വഴി തന്റെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ലക്ഷക്കണക്കിന് പേരുടെ ഇഷ്ടങ്ങൾ സ്വന്തമാക്കുന്ന ആ ചിത്രങ്ങളിൽ ഒരെണ്ണം ഈയടുത്തു വളരെയധികം ശ്രദ്ധേയമായി. മാതാപിതാക്കൾക്കൊപ്പം കൊച്ചരിപ്പല്ലുകൾ കാണിച്ച് ചിരിച്ചു കൊണ്ട് നിൽക്കുന്ന കുഞ്ഞു ഒളിംപിയയുടെ ഓമനത്തം തുളുമ്പുന്ന ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഇറ്റലിയിൽ അവധിക്കാലം ആഘോഷിക്കുകയാണ് സെറീനയും ഭർത്താവും കുഞ്ഞും. യാത്രയ്ക്കിടയിൽ, വാഹനത്തിനുള്ളിൽ വെച്ചാണ് ചിത്രമെടുത്തിരിക്കുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള യാത്ര ആസ്വദിച്ചുകൊണ്ട്, അവർക്കിടയിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന കുഞ്ഞ് ഒളിംപിയ ഒറ്റ നോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കും. സന്തോഷകരമായ ഈ ചിത്രം പോലെ തന്നെ മറ്റൊന്നുകൂടി സെറീന ഈ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. സെറീനയുടെ നെഞ്ചിൽ തലവെച്ചുറങ്ങുന്ന മകളുടെ ചിത്രമായിരുന്നു അത്. അതിനു താഴെ കുറിച്ചിരുന്ന വരികൾ ഏറെ വികാരഭരിതവും ഒരമ്മയ്ക്ക് കുഞ്ഞിനോടുള്ള ആത്മബന്ധത്തിന്റെ ആഴവും ഇഷ്ടവും വിവരിക്കുന്നതുമായിരുന്നു. ''319 ദിവസങ്ങളായി ഈ കുഞ്ഞിനെ എനിക്ക് ലഭിച്ചിട്ട്. ഈ 319 ദിവസങ്ങൾ ഇവൾക്കൊപ്പം ചെലവഴിച്ചു. ഞാൻ ഭാഗ്യവതിയാണ്.''
സെറീനയുടെ ഈ ചിത്രവും പോസ്റ്റും പലചോദ്യങ്ങൾക്കുമുള്ള ഉത്തരമായിരുന്നു. വിംബിൾഡൺ ഫൈനലിൽ എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് സെറീന ഈ ചിത്രത്തിനു ചുവട്ടിലെഴുതിയ വാക്കുകളിലൂടെ പറയാതെ പറഞ്ഞത്. വിംബിൾഡണിന്റെ ഫൈനൽ മത്സരം സെറീന എല്ലാ അമ്മമാർക്കുമായാണ് സമർപ്പിച്ചിരുന്നത്. വെല്ലുവിളികൾ ഏറെ നേരിടേണ്ടി വന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ചു കൊണ്ട് ഫൈനൽ വരെ എത്തിയ ആ യാത്രയ്ക്ക് നിറഞ്ഞ കയ്യടിയാണ് എല്ലാവരും നൽകിയത്. തോൽവി നിരാശപ്പെടുത്തിയെങ്കിലും പുതിയൊരു തുടക്കം മാത്രമാണതെന്നാണ് ഫൈനലിനു ശേഷം ഇച്ഛാശക്തിയുടെ ആൾരൂപമായി നിന്നുകൊണ്ട് അവർ പറഞ്ഞത്.
വിംബിൾഡൺ മുമ്പിൽ കണ്ടുകൊണ്ടു പരിശീലനത്തിനും വ്യായാമത്തിനുമിറങ്ങിയപ്പോൾ കുഞ്ഞ് ഒളിംപിയയ്ക്ക് മുലപ്പാൽ നൽകുന്നതിനുപോലും തടസങ്ങൾ നേരിട്ടത് വലിയൊരു വേദനയായാണ് സെറീന പങ്കുവെച്ചത്. അതുമാത്രമല്ല, ട്രെയിനിങ് സമയത്തായതു കൊണ്ട് മകൾ ആദ്യപാദം വെയ്ക്കുന്നത് കാണാനുള്ള ഭാഗ്യവും തനിക്ക് ഇല്ലാതെപോയെന്നു ഇന്റർവ്യൂകളിൽ കണ്ണീരോടെ സെറീന പറയാറുണ്ട്. കുഞ്ഞിനൊപ്പമുള്ള സുന്ദരമായ ഒരു നിമിഷം പോലും നഷ്ടപ്പെടരുതെന്ന് എല്ലാ അമ്മമാരെയും പോലെ ഈ അമ്മയും ആഗ്രഹിക്കുന്നുണ്ടെന്നതിനു ഇതില്പരം വേറെന്തു തെളിവാണ് വേണ്ടത്?
319 ദിനങ്ങൾ മകൾക്കൊപ്പം ചെലവഴിച്ച ആ അമ്മ, ഒരു കളിയിൽ നേരിട്ട പരാജയത്തിനു തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മറുപടി പറയുന്നത്. ആ ജയം തന്നെയേറെ സന്തോഷിപ്പിക്കുമെങ്കിലും ഈ കൊച്ചുകൊച്ചു സന്തോഷങ്ങൾക്ക് പകരമായി മറ്റൊന്നുമില്ലെന്നാണ് സെറീനയുടെ വാക്കുകൾ അടിവരയിടുന്നത്.