കുട്ടിയുടെ മറവിയാണോ പ്രശ്നം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ഡോ. ഹരി എസ്. ചന്ദ്രൻ
മനുഷ്യ മസ്തിഷ്കത്തെ ഒരു കംപ്യൂട്ടറിനോട് ഉപമിക്കാം. കംപ്യൂട്ടറിന്റെ പ്രധാന ഭാഗങ്ങൾ, വിവരങ്ങൾ സ്വീകരിക്കുന്ന ഇൻപുട്ട്, ലഭിച്ച വിവരങ്ങൾ പാകപ്പെടുത്തുന്ന CPU, വിശദാംശങ്ങൾ ആവശ്യാനുസരണം പുറത്തേക്കുവിടുന്ന ഔട്ട്പുട്ട് എന്നിവയാണ്. മനുഷ്യ ശരീരത്തിൽ പഞ്ചേന്ദ്രിയങ്ങൾ ആണ് ഇൻപുട്ട്. ഇന്ദ്രിയങ്ങളിലൂടെ ഉള്ളിലെത്തുന്ന ലക്ഷക്കണക്കിനു വിവരങ്ങളിൽ ആവശ്യമുള്ളവ തിരഞ്ഞെടുത്ത് പരസ്പരം ബന്ധിപ്പിച്ച് കോർത്തിണക്കി സൂക്ഷിക്കുന്നത് മസ്തിഷ്കമാണ്. ഔട്ട്പുട്ടിലൂടെ വിവരങ്ങൾ ആവശ്യാനുസരണം പുറത്തുവരുന്നു.
ഈ 3 ഘടകങ്ങളിൽ ഏതിനു വരുന്ന തകരാറും ഓർമക്കുറവായി കണക്കാക്കാം. അതായത് വേണ്ടവണ്ണം കാര്യങ്ങൾ സ്വീകരിക്കാതിരിക്കുക, സ്വീകരിച്ചവ പാകപ്പെടുത്തി സൂക്ഷിക്കാതിരിക്കുക, ചോദിക്കുമ്പോൾ ഉടൻ പുറത്തേക്കൊഴുകാതിരിക്കുക ഇവയെല്ലാം ഓർമക്കുറവിനു കാരണമാകാം. മസ്തിഷ്കത്തിന്റെ കുറവുകൾ വിദഗ്ധ പരിശോധനയിലൂടെ അറിയാനാവും. എന്നാൽ ഭൂരിഭാഗം വിദ്യാർഥികളും പരാതിപ്പെടുന്ന മറവിയുടെ യഥാർഥ കാരണം നിരീക്ഷണത്തിലും പഠനത്തിലും വരുന്ന പിഴവാണ്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
∙ മറവിയെ പഴി പറയുന്ന ശീലം അവസാനിപ്പിക്കുക.
∙ പരാജയത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക.
∙ഓർത്തിരിക്കാൻ പ്രയാസമുള്ള വാക്കുകളും ആശയങ്ങളും ആവർത്തിച്ച് ഉപയോഗിച്ച് ഹൃദിസ്ഥമാക്കുക.
(ഉദാഹരണമായി പുതിയ വാക്കുകളും ശൈലികളും സംഭാഷണങ്ങളിൽ പ്രയോഗിക്കുക)
∙വായിക്കുമ്പോൾ പ്രധാന പോയിന്റുകൾ കുറിച്ചുവയ്ക്കുകയും പിന്നീട് അവ വിപുലീകരിച്ചു പാഠഭാഗം മുഴുവൻ ഓർമിക്കാൻ ശ്രമിക്കുകയും ചെയ്യുക.
∙ഓരോ ദിവസവും പഠിക്കുന്നതിനു മുൻപായി തലേദിവസത്തെ ഭാഗങ്ങൾ ഒന്നുകൂടി ഓർത്തെടുക്കാൻ ശ്രമിക്കണം.
∙പ്രയാസമുള്ള പാഠഭാഗങ്ങൾ രസകരമായ ഏതെങ്കിലും നേരമ്പോക്കുകളുമായി ബന്ധപ്പെടുത്തി ഓർക്കാൻ ശ്രമിക്കുക.