കുഞ്ഞിന്റെ 'ഉറക്കം' കളയുന്ന മാതാപിതാക്കളറിയാൻ
കുട്ടിക്കൊരു പനി വന്നാല്‍ മതി വീട്ടിലെ മൂടാകെ മാറും. മഴക്കാലം വന്നതോട് കൂടി കുഞ്ഞുങ്ങളെ അസുഖങ്ങള്‍ ഓടിച്ചിട്ടു പിടിക്കുന്നത് പോലെയാണ്. കുഞ്ഞിന്റെ സന്തോഷം കുടുംബത്തിന്റെ മുഴുവന്‍ സന്തോഷമാണ്. അത് പറയേണ്ട കാര്യവുമില്ലല്ലോ...അതുപോലെതന്നെ കുഞ്ഞിന്റെ ആരോഗ്യം ഒരു പരിധിവരെയെങ്കിലും അമ്മയുടെയും അച്ഛന്റെയും കൈകളിലുമാണ്.
കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യവാന്മാരായ മുതിര്‍ന്നവരേക്കാള്‍ പ്രതിരോധ ശേഷി കുറവായിരിക്കും. രോഗങ്ങളോടു പയ്യെ പയ്യെ പടവെട്ടിയാണ് ആ ശക്തി അവര്‍ കൈവരിക്കുന്നത്. അതുകൊണ്ടു തന്നെ വര്‍ഷത്തില്‍ അഞ്ചോ എട്ടോ തവണ ജലദോഷപ്പനി വരുന്നതോ ഇടയ്ക്കു ചെവിക്കു ഇന്‍ഫെക്ഷന്‍ വരുന്നതോ ഒക്കെ സാധാരണമാണ്. എന്നാലും കുഞ്ഞിന്റെ പൊതുവെയുള്ള ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സാധിക്കും.
കുഞ്ഞിന്റെ ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ചേര്‍ക്കുക. വിഷമയമായ മാര്‍ക്കറ്റില്‍ കിട്ടുന്ന പഴങ്ങളും പച്ചക്കറികളും നന്നായി കഴുകാന്‍ മറക്കരുതെന്നു മാത്രം. അതുപോലെ തന്നെ പഴച്ചാറുകളൊക്കെ കൊടുക്കുമ്പോള്‍ കഴിയുന്നെങ്കില്‍ പഞ്ചസാരയെ ദൂരെ നിര്‍ത്താന്‍ ശ്രമിക്കണം. കുഞ്ഞ് മധുരം വേണമെന്ന് വാശിപിടിക്കുന്നെങ്കില്‍ പഞ്ചസാരയ്ക്ക് പകരമായി കല്‍ക്കണ്ടം ഉപയോഗിക്കാം.
വലിയവര്‍ക്കായാലും കുഞ്ഞുങ്ങള്‍ക്കായാലും ഏറെ പ്രധാനമാണ് ആവശ്യത്തിനുള്ള ഉറക്കം. മാതാപിതാക്കള്‍ക്കു രാത്രി ഏറെ വൈകി ഉറങ്ങുന്ന ശീലമാണുള്ളതെങ്കില്‍ അത് കുഞ്ഞിനെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രതിരോധ ശേഷിക്കു മാത്രമല്ല കുഞ്ഞിന്റെ ശരിയായ രീതിയിലുള്ള ശാരീരിക മാനസിക വളര്‍ച്ചയ്ക്കും ഏറെ പ്രധാനമാണ് ഉറക്കം.
മുലപ്പാലിനോളം നല്ലൊരു ഭക്ഷണം കുഞ്ഞിന് കൊടുക്കാനില്ല. മുലപ്പാല്‍ കുടിച്ചു വളര്‍ന്ന കുട്ടികളെ എളുപ്പമൊന്നും അസുഖങ്ങള്‍ പിടികൂടാറുമില്ല.
അണുക്കള്‍ ഏതെങ്കിലും തരത്തില്‍ വളരാനുള്ള ഒരു സാഹചര്യവും വീട്ടില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതും ആവശ്യമാണ്.
പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു കാര്യമാണ് പാസ്സീവ് സ്‌മോക്കിങ്ങിന്റെ ഏറ്റവും വലിയ ഇരകള്‍ കുഞ്ഞുങ്ങള്‍ ആണെന്നത്. അതിനുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുന്നതും കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഏറെ ആവശ്യകരമാണ്.