ഒരു ദുഷ്ടനോട്ടം ഒരു ബാഡ് ടച്ച് , സഹിക്കില്ല ഒരമ്മ; മനസ്സ് നിറയ്ക്കും കുറിപ്പ്
കുഞ്ഞുങ്ങളെ തല്ലാത്ത, വഴക്കുപറയാത്ത എപ്പോഴും കൊഞ്ചിച്ചുകൊണ്ടു മാത്രം നടക്കുന്ന അമ്മമാർ എവിടെയെങ്കിലുമുണ്ടോ? അവർ ഒപ്പിക്കുന്ന എല്ലാ കുസൃതികൾക്കും അനുസരണക്കേടിനും പഠിക്കാത്തത്തിനും വീട് വൃത്തികേടാക്കുന്നതിനും എന്തിന് ഭക്ഷണം കഴിക്കാത്തതിനു പോലും കുഞ്ഞുങ്ങളെ അടിക്കുകയും വഴക്കുപറയുകയും ഒക്കെ ചെയ്യുന്ന അമ്മമാരാണ് അധികവും. ഇതിന്റെയൊക്കെ അര്‍ഥം ഈ അമ്മമാർക്ക് കുഞ്ഞുങ്ങളോട് സ്നേഹമില്ലെന്നല്ല. തങ്ങളല്ലാതെ മറ്റാരും, അത് അച്ഛനായാൽപ്പോലും കുഞ്ഞിനെ തല്ലുന്നത് അമ്മമാർ സഹിക്കില്ല. അമ്മാരുടെ ഈ പ്രത്യേക സ്വഭാവങ്ങളെക്കുറിച്ച് കൃഷ്ണപ്രഭ എന്ന യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച മനോഹരമായ ഈ കുറിപ്പ് എല്ലാവരും വായിച്ചിരിക്കേണ്ടതു തന്നെയാണ്.
കൃഷ്ണപ്രഭയുടെ കുറിപ്പിന്റെ പൂർണരൂപം
"ഈ ആളുകളൊക്കെ എന്താ വിചാരിച്ചു വെച്ചിരിക്കുന്നതെന്ന് ഒട്ടും മനസ്സിലാകുന്നില്ല...
അമ്മമാർ കുഞ്ഞുങ്ങളെ ഒന്ന് തൊട്ടു നോവിക്കില്ലെന്നോ...?
എപ്പോഴും പുന്നാരിച്ചു കൊണ്ടു നടക്കുമെന്നോ....?
തല്ലില്ലെന്നോ, നല്ല വഴക്ക് കൊടുക്കില്ലെന്നോ....?
ജോലികളൊന്നും ചെയിപ്പിക്കില്ലെന്നോ....?
എങ്കിൽ ഇതൊന്നുമല്ല സത്യങ്ങൾ...
ഞങ്ങൾ അമ്മമാർ നല്ല ദുഷ്ടകളാണ്....
കുട്ടികൾക്ക് ഞങ്ങൾ നല്ല സുന്ദരൻ തല്ലുകൊടുക്കും, ഭർത്താവ് കുടിച്ചിട്ട് വന്നിട്ടുള്ള സമയത്തോ മറ്റെന്തെങ്കിലും ടെൻഷനിൽ ഇരിക്കുന്ന സമയത്തോ ആണെങ്കിൽ രണ്ട് തല്ല് കൂടുതൽ കിട്ടുകയും ചെയ്യും....
ഓടിച്ചാടിയോ മറ്റോ വീഴുമ്പോൾ സിനിമയിൽ കാണുന്ന അമ്മമാരെപ്പോലെ ഓടിപ്പോയി കെട്ടിപ്പിടിക്കുകയൊന്നുമില്ല, ശ്രദ്ധയില്ലാതെ വീണതിന് തല്ലായിരിക്കും ആദ്യം കൊടുക്കുക.....
വീടു വൃത്തിയാക്കി ഇത്തിരി കഴിയുമ്പോഴേക്കും വെള്ളമോ മറ്റോ ഒഴിച്ച് മുറികൾ വൃത്തികേടാക്കിയാൽ നല്ല വഴക്കുകൊടുത്ത് വൃത്തിയാക്കിപ്പിക്കുകയും ചെയ്യും....
പഠിപ്പിക്കാനിരിക്കുമ്പോൾ പറയുകയും വേണ്ട,അടിയുടെ പൊടിപൂരമായിരിക്കും....
ഞങ്ങൾ എന്തൊക്ക കള്ളങ്ങളാണ് ഈ കുട്ടികളോട് പറയുകയും കാണിക്കുകയും ചെയുന്നത്....
കള്ളം പറഞ്ഞാൽ ചെവി പൊട്ടുമെന്നും, വെള്ളത്തിലിറങ്ങിയാൽ മുതല പിടിക്കുമെന്നും, രാത്രി ഉപ്പൂപ്പി വരുമെന്നും, മുതിർന്നവരുടെ കാലിൽ ചവിട്ടിയിട്ട് തൊട്ട് നെറ്റിയിൽ വെച്ചില്ലെങ്കിൽ മുട്ടു മുതൽ മൂക്കു വരെ പുഴുത്തു പോകുമെന്നും, സ്കൂളിൽ ഫസ്റ്റ് വാങ്ങിയില്ലെങ്കിൽ ഒട്ടകത്തിന്റെ അപ്പി വാരാൻ പോകണമെന്നും, അമ്മമാരെ സങ്കടപ്പെടുത്തിയാൽ ചിത്രഗുപ്തൻ നരകത്തിൽ കൊണ്ടിടുമെന്നും.....
ഇതൊന്നും പോരാഞ്ഞ്, കടകളിൽ പോകുമ്പോൾ എന്തെങ്കിലും വാങ്ങിക്കൊടുക്കാൻ വഴക്കുണ്ടാക്കിയാൽ കടക്കാരനെ കണ്ണടച്ചു കാണിച്ചിട്ട് ഇത് വിൽക്കാൻ വെച്ചിട്ടുള്ളതല്ലെന്നൊക്കെ കടക്കാരനെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്യും.....
ടിവി കാണുന്നതിന്, കളിക്കാൻ പോകുന്നതിന്, ചോറ് കഴിക്കാത്തതിന്, വായിക്കാത്തതിന്, നോട്ടുബുക്കിൽ വൃത്തിയായി എഴുതാത്തതിന്, മറ്റുകുട്ടികളോട് വഴക്കുണ്ടാക്കുന്നതിന്, മൊബൈൽ നോക്കുന്നതിന്, കട്ടിലിൽ കുത്തി മറിയുന്നതിന്, കുളിപ്പിക്കുമ്പോൾ വെള്ളത്തിൽ കളിക്കുന്നതിന്, അടുക്കള ജോലിക്കിടയിൽ ശല്യം ചെയ്യുന്നതിന്, ഇട്ടിരിക്കുന്ന ഡ്രസ്സിൽ അഴുക്ക് പിടിപ്പിക്കുന്നതിന്,.....എന്നുവേണ്ട കണ്ടതിനും പിടിച്ചതിനുമൊക്ക ഞങ്ങൾ അമ്മമാർ വഴക്കു പറയുകയും തല്ലുകയും ചെയ്യാറുണ്ട്....
ഒരുമാതിരി പട്ടാളച്ചിട്ട....കുട്ടികൾ എങ്ങനെ ഞങ്ങളെ സഹിക്കുന്നു...!!!
എങ്കിലും കുഞ്ഞുങ്ങൾ ഉറങ്ങുമ്പോഴാണ് ഞങ്ങൾക്ക് സ്നേഹം കൂടുക...
'പാവം എന്റെ കുഞ്ഞ്' എന്ന് ഉള്ളിൽ മന്ത്രിച്ചുകൊണ്ടേയിരിക്കും...
അപ്പോൾ കെട്ടിപ്പിടിക്കും, കുഞ്ഞിമണം മണത്തു നോക്കും, കുഞ്ഞൻ ചന്തിയിലൊരുമ്മ കൊടുക്കും.....
എവിടെങ്കിലും ഒറ്റയ്ക്ക് പോകുമ്പോൾ രുചിയുള്ളൊരു ആഹാരം കിട്ടിയാൽ നാണക്കേട് നോക്കാതെ അത് പൊതിഞ്ഞെടുക്കാൻ ഞങ്ങളൊരു പേപ്പർ അന്വേഷിക്കും....
വീട്ടിൽ ഒറ്റയ്ക്കാകുമ്പോൾ കുഞ്ഞിന്റെ ബഹളമില്ലായ്മയിൽ സങ്കടപ്പെടും....
അമ്മമ്മയുടെ അടുത്ത് വിരുന്നുപോയി തിരികെ വരുന്നതുവരെ ഉള്ളിലൊരു മൗനമാണ്....
അച്ഛൻ അടിക്കാൻ വിളിച്ചാൽ സാരിയ്ക്ക് പുറകിലോ, പാതകത്തിന്റെ അടിയിലോവന്ന് ഒളിച്ചിരിക്കുമ്പോൾ കുഞ്ഞെവിടെയെന്ന് അറിയാത്ത ഭാവത്തിൽ ഞങ്ങൾ തേങ്ങാ ചുരണ്ടും...
ഞങ്ങൾ അമ്മമാരല്ലാതെ മറ്റാരും തല്ലുന്നത് ഞങ്ങൾക്കിഷ്ടമല്ല....
ഒരു ദുഷ്ടനോട്ടം, ഒരു ബാഡ് ടച്ച്...സഹിക്കില്ല ഒരമ്മ....
പെററുകിടക്കുന്ന ഈറ്റപ്പുലി തന്നെയാണ് സ്വന്തം മക്കൾക്ക് എപ്പോഴുമവരുടെ അമ്മ....
ഭർത്താവിന്റെ കള്ളുകുടിയും, വീട്ടിലുണ്ടാക്കുന്ന വഴക്കുകളും ഇടയ്ക്കിടെ കിട്ടുന്ന പ്രഹരങ്ങളുമെല്ലാം നാട്ടുകാരറിഞ്ഞാൽ സന്തോഷിക്കുമെന്ന് കരുതി ഞങ്ങളങ്ങു സഹിക്കും....
പക്ഷേ സ്നേഹമില്ലായ്‌മ കുഞ്ഞുങ്ങളോട് കാണിക്കുമ്പോഴാണ് അന്തസ്സും അഭിമാനവുമൊക്കെ മാറ്റി നിർത്തി കുട്ടികളുടെ കൈപിടിച്ച് ഞങ്ങളിറങ്ങിപ്പോരുന്നത്......
കാലങ്ങൾക്ക് മുൻപ്, യാത്രയ്ക്കിടയിൽ തമിഴ്‌നാട്ടിലെ ഒരു ബേക്കറിയിൽ കയറി...
ന്യൂട്ടലയ്ക്കൊപ്പം കഴിക്കാൻ ബ്രഡ് വേണമെന്ന് പൂത്തുമ്പി വാശിപിടിച്ചു....
കൈയിൽ രൂപയില്ലെന്ന് കള്ളം പറഞ്ഞ് ഞങ്ങൾ കടയിൽനിന്നിറങ്ങിയപ്പോൾ ഭിക്ഷയ്ക്ക് നിൽക്കുന്ന സ്ത്രീകളെ കണ്ടു...
പൊരിവെയിലത്ത് കുഞ്ഞുങ്ങളേയും തോളിലെടുത്ത്...
തിരികെ കടയിൽ കയറി മൂന്നാലു ബ്രഡ് വാങ്ങി പൂത്തുമ്പിയെക്കൊണ്ട് അവർക്കൊക്കെ കൊടുപ്പിച്ചു....
അവരുടെ കണ്ണിലെ സന്തോഷം കണ്ടപ്പോൾ പൂത്തുമ്പിയും ഹാപ്പി....
കൈയിൽ ഇപ്പോൾ എങ്ങനെ രൂപ ഉണ്ടായെന്നോ, എനിക്ക് വാങ്ങിക്കാതെ അവർക്കൊക്കെ എന്തിനാണ് വാങ്ങി കൊടുത്തതെന്നോ കുട്ടി എന്നോട് ചോദിച്ചില്ല....
ഇതാണ് ഞങ്ങൾ അമ്മമാർക്കും മക്കൾക്കുമിടയിലെ മാജിക്....
'My children are the reason I laugh, smile and want to get up every morning'എന്ന് ഹോളിവുഡ് താരം ജെനാ ലീ നോലിന്‍ പറഞ്ഞതായി എവിടെയോ കണ്ടു......
അതെ ഏതു പ്രായത്തിലും മരിക്കാതെയിരിക്കുന്നതു പോലും മക്കളെ പിരിയേണ്ടി വരുന്നത് സഹിക്കാൻ കഴിയാത്തതുകൊണ്ടാണ്....."