കുഞ്ഞുങ്ങള്‍ക്ക് ദിവസവും കഥ പറഞ്ഞുകൊടുക്കാറുണ്ടോ?

വളരെ ചെറിയ പ്രായം തൊട്ടേ കുട്ടികളുടെ അടുത്തിരുന്നു പുസ്തകങ്ങള്‍ ഉറക്കെ വായിക്കുന്ന ശീലമുള്ള അമ്മയാണോ നിങ്ങള്‍. എങ്കില്‍ ഭയപ്പെടേണ്ട... അവന്‍ അല്ലെങ്കില്‍ അവള്‍ അടിപൊളിയായി വളരും. കുട്ടികള്‍ക്ക് കഥകള്‍ ഉറക്കെ വായിച്ചുകൊടുക്കുന്നതും മറ്റും അവരുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. 

കുഞ്ഞുങ്ങളുടെ ബുദ്ധിശക്തിയും ഗ്രഹണശേഷിയും പഠിക്കാനുള്ള കഴിവുമെല്ലാം കൂട്ടുന്നതിന് പുറമെ അമ്മമാരുമായി വൈകാരികമായ ഇഴയടുപ്പം ശക്തമാകുന്നതിനും അതുപകരിക്കുമെന്ന് അടുത്തിടെ യുകെയില്‍ നടന്ന ഒരു പഠനം സാക്ഷ്യപ്പെടുത്തുന്നു.  പഠനവൈകല്യങ്ങള്‍ പ്രകടമാക്കുന്ന പല കുട്ടികളുടെയും ചരിത്രം പരിശോധിക്കുമ്പോള്‍ അവരുടെ മാതാപിതാക്കള്‍ അവരുടെ അടുത്തിരുന്ന് കഥകളും കവിതകളുമെല്ലാം വായിച്ച് കേള്‍പ്പിക്കുന്ന ശീലം പിന്തുടരുന്നില്ല എന്നാണ് വ്യക്തമാകുന്നത്. അത്തരം ജീവിതപശ്ചാത്തലങ്ങളില്‍ നിന്നും സ്‌കൂളുകളില്‍ എത്തുന്ന കുട്ടികള്‍ പഠനത്തില്‍ ശ്രദ്ധയില്ലാത്തവരായി മാറാനുള്ള സാധ്യതയും കൂടുതലാണ്. 

പലപ്പോഴും തിരക്കു പിടിച്ച ജീവിതക്രമങ്ങളാകും മാതാപിതാക്കളെ ഇത്തരം പ്രവൃത്തികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്. എന്നാല്‍ ഏതു തിരക്കുകള്‍ മാറ്റി വെച്ചിട്ടാണെങ്കിലും കുഞ്ഞിനൊപ്പം ഒരു മണിക്കൂറെങ്കിലും ഇരുന്ന് അവര്‍ക്ക് പുസ്തകം വായിച്ചു നല്‍കുന്നതിന് സമയം കണ്ടെത്തിയാല്‍ പ്രവചനാതീതമായ മാറ്റങ്ങളായിരിക്കും അവര്‍ക്കു സംഭവിക്കുക.  യുകെയില്‍ നടത്തിയ പഠനത്തില്‍ 10ല്‍ ആറ് മാതാപിതാക്കളും പറഞ്ഞത് ഇത്തരത്തില്‍ വായിച്ച് കൊടുക്കുന്നത് കുട്ടികള്‍ക്ക് മികച്ച രീതിയില്‍ പഠനത്തിനും അവരുടെ വായന ശീലങ്ങള്‍ വികസിപ്പിക്കുന്നതിനും കാരണമാകുന്നുണ്ടെന്നാണ്. എന്നാല്‍ ഇതിന് സമയം ചെലവഴിക്കുകയെന്നത് പലരെ സംബന്ധിച്ചും ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അഭിപ്രായമുയര്‍ന്നു. 

കുട്ടികള്‍ വളര്‍ന്നുവരുന്ന കാലങ്ങളില്‍ നിങ്ങള്‍ക്ക് അനുവര്‍ത്തിക്കാവുന്ന ഇത്തരം ലളിതമായ കാര്യങ്ങളിലൂടെയാണ് അവരുടെ ഭാവി പരുവപ്പെട്ടുവരുന്നത്. സ്‌കൂള്‍ പഠനത്തിന്റെ പല തലങ്ങളിലുള്ള വൈദഗ്ധ്യം വികസിപ്പിക്കുന്നതിന് അവര്‍ക്ക് നിങ്ങള്‍ നല്‍കുന്ന ഈ വായനാ പാഠങ്ങള്‍ ഗുണം ചെയ്യും. വായിച്ച് നല്‍കുമ്പോള്‍ എല്ലാം അവര്‍ക്ക് മനസിലാകുന്നുണ്ടോയെന്ന ചിന്തയൊന്നും വേണമെന്നില്ല കേട്ടോ...