വെക്കേഷൻ ക്യാംപുകളിൽ മക്കളെ വിടുന്ന മാതാപിതാക്കൾ അറിയാൻ, Mobile phone addiction, Children, Kerala, Manorama Online

വെക്കേഷൻ ക്യാംപുകളിൽ മക്കളെ വിടുന്ന മാതാപിതാക്കൾ അറിയാൻ

പറഞ്ഞു പറഞ്ഞു വെക്കേഷൻ ഇങ്ങെത്തി. വെക്കേഷൻ എന്ന് പറയുമ്പോൾ കുട്ടികളുടെ മനസ്സിൽ സന്തോഷമാണെങ്കിലും മാതാപിതാക്കളുടെ മനസ്സിൽ തീയാണ്. കാരണം ഒട്ടുമിക്ക മാതാപിതാക്കളും ഇന്ന് ജോലിയുള്ളവരാണ്. അമ്മയും അച്ഛനും ജോലിക്ക് പോയിക്കഴിഞ്ഞാൽ വെക്കേഷൻ ആയിട്ട് വീട്ടിലിരിക്കുന്ന മക്കളെ ആര് നോക്കും എന്നതാണ് വിഷയം. പണ്ട് കാലത്തെ പോലെ കൂട്ടുകുടുംബം എന്ന ചിന്തയില്ലാത്തതും അണുകുടുംബം എന്ന ആശയം വ്യാപകമായതും ഈ പ്രശ്നം ഇരട്ടിച്ചു. ഈ അവസ്ഥ തരണം ചെയ്യാൻ വെക്കേഷൻ ക്യാംപുകളെയാണ് ഇന്ന് മാതാപിതാക്കൾ ആശ്രയിക്കുന്നത്. 

കളിയും ഒപ്പം പഠനവുമായി നടത്തുന്ന വെക്കേഷൻ ക്യാംപുകൾ ഒരു പരിധിവരെ കുട്ടികൾക്ക് രസകരമാണ്. എന്നാൽ ഈ വെക്കേഷൻ ക്യാംപുകൾ മാത്രമായിപ്പോകരുത് അവരുടെ അവധിക്കാലം. അവധിക്കാലത്ത് മക്കളുടെ സംരക്ഷണത്തിനായി ക്യാംപുകളെ ആശ്രയിക്കുന്ന മാതാപിതാക്കൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക 

1. വെക്കേഷൻ എന്നാൽ കുട്ടികൾക്ക് പഠനത്തിൽ നിന്നുള്ള അവധിയാണ്. അതിനാൽ ഈ കാലഘട്ടത്തിൽ സ്‌പെഷൽ ട്യൂഷനുകളും പഠനവും മാത്രമായി മുന്നോട്ട് പോകുന്നത് അവരുടെ മനസ്സ് മടുപ്പിക്കും. നിങ്ങളുടെ പ്രായത്തിന്റേതായ കോണിൽ നിന്നും വീക്ഷിക്കാതെ കുട്ടികളുടെ കോണിൽ നിന്നും ഈ അവസ്ഥയെ വിലയിരുത്തുക.

2 .വെക്കേഷൻ ക്യാംപുകൾ കോൺസെൻട്രേഷൻ ക്യാംപുകളാകരുത്. പലപ്പോഴും മാതാപിതാക്കൾ തങ്ങളുടെ തിരക്കുകളിൽ നിന്നും മക്കളെ മാറ്റി നിർത്തുന്നതിന്റെ ഭാഗമായി വെക്കേഷൻ ക്യാംപുകളെ കാണാറുണ്ട്. ഇത് തെറ്റായ രീതിയാണ്. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണി വരെ തുറന്നിരിക്കുന്ന ക്യാംപുകൾ യഥാർത്ഥത്തിൽ കുട്ടികളിൽ മടുപ്പുണ്ടാക്കുന്നു എന്നതാണ് വാസ്തവം 

3. ക്യാംപുകളിൽ പോകുന്നുണ്ടെങ്കിലും തങ്ങളുടെ മക്കളുടെ മനസ്സിൽ എന്താണെന്ന് ഓരോ മാതാപിതാക്കളും ചോദിച്ചറിയണം. അവർക്കൊപ്പം സമയം വിനിയോഗിക്കാനും, ക്യാംപിലെ വിശേഷങ്ങൾ അറിയാനും ശ്രമിക്കണം. 

4. മക്കളുടെ ആഗ്രഹങ്ങൾ കണ്ടറിയണം. സാധാരണ ദിവസങ്ങളിൽ മക്കളോട് പെരുമാറുന്ന ചര്യകൾ മറന്നേക്കൂ. പോയി ഇരുന്നു പടിക്ക്, ഹോംവർക്ക് ചെയ്തോ തുടങ്ങിയ ചോദ്യങ്ങൾ ഒന്നും ഈ രണ്ടുമാസക്കാലം വേണ്ട. മക്കളുടെ കഴിവുകളും താല്പര്യങ്ങളും തിരിച്ചറിയാനും വളർത്താനും ഈ സമയം വിനിയോഗിക്കുക

5. യാത്രകൾ ആവാം. സ്‌കൂളിൽ പോകുന്ന പോലെ എന്നും ക്യാംപുകളിലേക്കുള്ള യാത്രകൾ നല്ലതല്ല. വെക്കേഷൻ എന്നത് കുട്ടികൾക്ക് മികച്ച ഓർമയാകണം എങ്കിൽ അവരൊന്നിച്ച് യാത്രകൾ പോകണം. അവരുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾ സാധിക്കണം.