സ്കൂളിൽ ഉച്ചമയക്കം അനുവദിക്കാറുണ്ടോ? ; പഠനം പറയുന്നത് ഇങ്ങനെ
അവധിയുടെ ആലസ്യം കളഞ്ഞ് പഠനത്തിന്റെ ചൂട് തലയ്ക്കു പിടിക്കേണ്ടുന്ന ദിനങ്ങളുമായി സ്കൂൾ തുറക്കുകയായി. തോന്നുംപടി ഉറങ്ങിയുണർന്നിരുന്ന ദിവസങ്ങളിൽ നിന്നും ചിട്ടയായ ഉറക്ക–ഉണരലുകളുടെ നാളുകൾ വരുമ്പോൾ മാതാപിതാക്കൾക്കും ടെൻഷനാണ്. മിക്ക സ്കൂളുകളിലും എട്ടിനും എട്ടരയ്ക്കുമിടയ്ക്ക് സ്കൂളിലെത്തണം. സ്കൂൾ അൽപം ദൂരെയാണെങ്കിൽ ഏഴു മണിക്കേ പുറപ്പെടേണ്ടിവരും.
അതിരാവിലെ എഴുന്നേറ്റ് ഒരുങ്ങി പോകേണ്ടിവരുന്ന കുട്ടികൾ ക്ലാസ്സിൽ ഇരുന്ന് ഉറക്കം തൂങ്ങുന്നത് സാധാരണമായ കാഴ്ചയാണ്. പ്രത്യേകിച്ച് ഉച്ചയൂണിനു ശേഷമുള്ള സമയം. കെജി ക്ലാസ്സുകളിൽ ഉച്ചമയക്കത്തിന് സമയം കൊടുത്തിരിക്കുന്നതു കൊണ്ട് വലിയ പ്രശ്നമില്ല. എന്നാൽ മുതിർന്ന ക്ലാസ്സുകളിൽ നിലവിൽ ഉച്ചമയക്കത്തിന് സംവിധാനമില്ല. മുതിർന്ന കുട്ടികൾ ഉച്ചയ്ക്ക് ഉറങ്ങേണ്ടതുണ്ടോ എന്നു സംശയം തോന്നാം. എന്നാൽ കുട്ടികളുടെ മൂഡും പ്രസരിപ്പും അക്കാദമിക് പ്രകടനവും മെച്ചപ്പെടുത്താൻ ഉച്ചമയക്കം നല്ലതാണെന്നാണ് ഏറ്റവും പുതിയ പഠനം പറയുന്നത്.
പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ 10–12 വയസ്സിനിടയ്ക്കുള്ള (4,5,6 ക്ലാസ്സുകളിലെ കുട്ടികൾ) 3000 കുട്ടികളിൽ നടത്തിയ പഠനത്തിൽ ഉച്ചമയക്കത്തിന് ഒട്ടേറെ ഗുണങ്ങളുള്ളതായി കണ്ടെത്തി. ഉച്ചയ്ക്ക് മയങ്ങുന്ന കുട്ടികളിൽ നല്ല ആത്മനിയന്ത്രണം, വർധിച്ച സന്തോഷം, പെരുമാറ്റപ്രശ്നങ്ങൾ കുറവ്, ഉയർന്ന ഐക്യു എന്നിവയുള്ളതായാണ് പഠനം നിരീക്ഷിക്കുന്നത്. ഏറ്റവും എടുത്തുപറയേണ്ട ഗുണമെന്നത് അക്കാദമിക്കലായുണ്ടാകുന്ന മികവാണ്. 30–60 മിനിറ്റ് നേരം ആഴ്ചയിൽ മൂന്നോ നാലോ തവണ ഉച്ചമയക്കത്തിനു സമയം ചെലവഴിക്കുന്ന കുട്ടികളിലെ അക്കാദമിക് പ്രകടനം7.6 ശതമാനം മെച്ചപ്പെടുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു. സ്ലീപ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഉച്ചമയക്കത്തിന് പ്രത്യേകിച്ച് ചെലവോ സ്ഥലസൗകര്യമോ ആവശ്യമില്ലെന്നത് വലിയ മെച്ചമാണ്. അവനവന്റെ കസേരയിൽ തന്നെ ഇരുന്ന് കണ്ണടച്ച് മയങ്ങാം. മാത്രമല്ല, കുട്ടികളുടെ കണ്ണിന്റെ ആരോഗ്യത്തിനും ഈ ചെറുമയക്കം ഗുണം ചെയ്യും. മയക്കം ഉറക്കമായിപ്പോകാതെ ശ്രദ്ധിക്കണമെന്നു മാത്രം.