'എടുത്തോളൂ നിങ്ങൾ, അച്ഛൻ‌ എനിക്കായ് കരുതിവെച്ച ഒരേക്കർ‌ ഭൂമി '

പ്രളയം ദുരിതം വിതച്ച കേരളത്തിന് സഹായവുമായെത്തിയവർ അനവധിയാണ്. ലോകത്തിന്റെ പലകോണുകളിൽ നിന്നും നമ്മളെ കൈപിടിച്ചുയർത്താൻ സന്മനസുകാണിക്കുന്ന അനേകരുണ്ട്. കൊച്ചുകുട്ടികൾപോലും തങ്ങളുടെ കുടുക്കപൊട്ടിച്ച കൊച്ചുസമ്പാദ്യം ദുരിതമനുഭവിക്കുന്നവർക്കായി നൽകിയ വാർത്ത നാം കണ്ടു. കണ്ണൂരിൽ നിന്നുള്ള സ്വാഹ എന്ന കൊച്ചു മിടുക്കി കേരളത്തിനായി നൽകാൻ തയാറായത് അവരുടെ അരക്കോടിയുടെ സ്വത്താണ്. കൃഷിക്കാരനായ സ്വാഹയുടെ അച്ഛൻ അവർക്കായി കരുതി വച്ച ഒരേക്കർ ഭൂമിയാണ് പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകുന്നത്. വഹീദ് സമാൻ എന്ന വ്യക്തി സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വഹീദ് സമാന്റെ കുറിപ്പിന്റെ പൂർണരൂപം
സ്വർഗം എന്നാണ് സ്വാഹയുടെയും ബ്രഹ്മയുടെയും വീടിന്റെ പേര്. ഹ്യൂമാനിറ്റിസാണ് സ്വാഹയുടെ വിഷയം. കണ്ണൂരിലെ ഷേണായ് സ്മാരക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥി. ബ്രഹ്മ ഒൻപതാം ക്ലാസിലും. അച്ഛനാണ് ഇരുവർക്കും വേണ്ടി ഒരേക്കർ ഭൂമി കരുതിവെച്ചത്. അച്ഛൻ കൃഷിപ്പണി ചെയ്താണ് കുടുംബം പുലർത്തുന്നത്. അച്ഛൻ കരുതിവെച്ച അരക്കോടിയുടെ സ്വത്താണ് പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി കൈമാറാമെന്ന് സ്വാഹ സ്‌കൂളിൽ എഴുതി നൽകിയത്.

സ്വർഗം പകരംവെക്കാവുന്ന വീടും മനസുമുള്ള കുട്ടികൾ. പ്രളയത്തിന് ഇരയായവർക്ക് ഒന്നും നൽകരുതെന്ന വിഷ ജന്തുക്കളുടെ ശ്വാസക്കാറ്റ് പോലുമേൽക്കാത്ത മക്കള്‍...

സ്വാഹയുടെ സ്‌കൂളിലേക്ക് വിളിച്ചിരുന്നു. കുട്ടിയുടെ കുറിപ്പ് സ്‌കൂൾ അധികൃതരുടെ കൈവശമുണ്ട്. പ്രിൻസിപ്പൽ വിനോദ് സാറും സംഘവും സ്ഥലത്തിന്റെ ഡോക്യുമെന്റ്‌സും മറ്റും പരിശോധിക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്. ഈ ഭൂമി ഇങ്ങിനെ കൈമാറാൻ പറ്റുമോ എന്നറിയില്ല. നിയമക്കുരുക്കുകളുണ്ടാകാം..അഴിക്കാനെളുപ്പമാകും..

എങ്കിലും കൊടുക്കാമെന്ന് പറയാനുള്ള മനസുണ്ടല്ലോ... അതുമതി..

ദുരിതകാലത്തും കിനാവിലെ സ്വർഗം നോക്കി ചിരിക്കാൻ കരുത്ത് നൽകുന്നത് ഇത്തരം കുരുന്നുകളാണ്....

(((വഹീദ് സമാന്‍))) ‍