ഫെൽപ്സിന്റെ റെക്കോർഡ് തകർത്ത് കുഞ്ഞിപ്പയ്യൻ!

കുഞ്ഞ് കെന്റിനൊരു സ്വപ്നമുണ്ട്. നീന്തൽ കുളത്തിലെ രാജകുമാരനായ മൈക്കിൾ ഫെൽപ്സിനെ പോലെ മെഡലുകൾ വാരികൂട്ടണം... ഒളിംപിക്സിൽ പങ്കെടുക്കണം...ഒരിക്കൽ തന്നെയും ഈ ലോകം വിളിക്കണം നീന്തൽക്കുളത്തിലെ സ്വർണമീനെന്ന്... കെന്റിന്റെ ആഗ്രഹങ്ങൾ അനന്തമായി നീളുകയാണ്. ആഗ്രഹിക്കുക മാത്രമല്ല, അതിനായി കഠിന പരിശ്രമത്തിലുമാണ് ഈ കൊച്ചുമിടുക്കൻ. ആ പരിശ്രമത്തിൽ തകർന്നു വീണതോ...സാക്ഷാൽ മൈക്കിൾ ഫെൽപ്സിന്റെ 23 വർഷം പഴക്കമുള്ള റെക്കോർഡും.

കാലിഫോർണിയയിൽ നടന്ന ഫാർ വെസ്റ്റേൺ കോഴ്സ് ചാമ്പ്യൻഷിപ്പിലാണ് ക്ലാർക് കെന്റ് എന്ന പത്തുവയസ്സുകാരൻ ഫെൽപ്സിന്റെ റെക്കോർഡ് മറികടന്നത്. വർഷങ്ങൾക്ക് മുൻപ് ഫെൽ‌പ്സ് ഈ ചാമ്പ്യൻഷിപ്പിൽ വിജയിക്കുമ്പോൾ കുറിച്ച സമയം 1:10:48 ആണ്. ഒരു സെക്കന്റ് വ്യത്യാസത്തിൽ അതായത് 1:09:38 ലാണ് കെന്റ് ആ നേട്ടത്തെ മറികടന്നത്. 100 മീറ്റർ ബട്ടർഫ്‌ളൈ വിഭാഗത്തിലായിരുന്നു കെന്റിന്റെ സ്വപ്നസമാനമായ നേട്ടം. ഈ ഒരൊറ്റ റെക്കോർഡ് നേട്ടത്തിൽ ഒതുങ്ങുന്നതായിരുന്നില്ല കെന്റിന്റെ പ്രകടനം. ചാമ്പ്യൻഷിപ്പിൽ മത്സരിച്ച ഏഴുവിഭാഗങ്ങളിലും സ്വർണവുമായി നീന്തി കയറി ഈ മിടുക്കൻ.

മൂന്നു വയസിലാണ് കെന്റ് നീന്തൽക്കുളത്തിലേക്കിറങ്ങുന്നത്. ഇപ്പോൾ അഞ്ചാം തരത്തിലാണ് പഠിക്കുന്നത്. ഏഴുവർഷം കൊണ്ട് കെന്റ്, നീന്തിക്കയറുന്നത് സ്വപ്നനേട്ടങ്ങളിലേക്കു തന്നെയാണ്. റെക്കോർഡ് നേട്ടം സ്വന്തമാക്കിയപ്പോൾ ചോദിച്ച ചോദ്യത്തിന് ഈ കുഞ്ഞിന്റെ മറുപടി, നിറഞ്ഞ സന്തോഷത്തോടൊപ്പം അതെന്നെ ഏറെ പ്രചോദിപ്പിക്കുന്നു എന്നുമാണ്. തനിക്ക് ഇനിയും കീഴടക്കാൻ ധാരാളം റെക്കോർഡുകൾ ഉണ്ടെന്നു തന്നെയാണ് നിശ്ചയദാർഢ്യം സ്ഫുരിക്കുന്ന കെന്റിന്റെ മുഖം വിളിച്ചു പറയുന്നത്.

ഈ പ്രകടനം വിലയിരുത്തുന്ന ഏതൊരാൾക്കും അടിവരയിട്ടു പറയാൻ സാധിക്കും അത്ര ചെറുതല്ല ഈ നേട്ടമെന്ന്... അവൻ സ്വപ്നം കണ്ട കാര്യങ്ങളൊന്നും ഒട്ടും വിദൂരത്തിലല്ലെന്ന്. കാലം കുറച്ചുകൂടി മുന്നോട്ടു നീങ്ങുമ്പോൾ നീന്തൽ കുളത്തിലെ സ്വർണമീൻ എന്നറിയപ്പെടുന്നത് ക്ളാർക് കെന്റ് എന്ന ഈ ബാലൻ തന്നെയാകില്ലെന്ന് ആരുകണ്ടു?