കുട്ടികള്‍ കൗമാരത്തിലേക്ക് കടക്കുമ്പോള്‍!
ടീനേജ് ഒരു വല്ലാത്ത കാലമാണ്. അക്കരെ നിന്ന് പുറപ്പെടുകയും ചെയ്തു ഇക്കരെ ഒട്ടു എത്തിയുമില്ല എന്ന് പറയാന്‍ പറ്റുന്ന ഒരു ഘട്ടം. ഇന്നലെ വരെ അമ്മയുടെയും അച്ഛന്റെയും വാലില്‍ തൂങ്ങി നടന്ന കുട്ടികള്‍ പെട്ടെന്നു അഭിപ്രായങ്ങള്‍ പറയാനും തര്‍ക്കിക്കാനും
ഒക്കെ തുടങ്ങും. പ്രായത്തിന്റെ കുഴപ്പമാണെന്നു എത്ര സ്വയം പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചാലും അച്ഛനമ്മമാര്‍ക്ക് ഈ മാറ്റങ്ങള്‍ പെട്ടന്നങ്ങു ഉള്‍കൊള്ളാനും ആവില്ല.
എല്ലാ കൗമാരക്കാരും തര്‍ക്കുത്തരം പറയുന്നവരും താന്തോന്നികളും ആന്നെന്നല്ല. എന്നാലും സ്വതന്ത്ര ചിന്താഗതിയും അഭിപ്രായപ്രകടനങ്ങളും കൗമാരത്തിന്റെ ഒരു ഭാഗമാണ്. യഥാര്‍ത്ഥത്തില്‍, ഒരു പരിധി വരെ, അത് കുട്ടിയുടെ ശരിയായ വളര്‍ച്ചയെ ആണ് കാണിക്കുന്നത്.
പക്ഷെ ചിലപ്പോള്‍ ഇത്തരം 'പ്രായത്തിന്റെ കുഴപ്പങ്ങള്‍' അതിരു കടക്കാറുണ്ടെന്നു മാത്രം.
ഈ പ്രശ്നം കൊണ്ട് വലയുന്ന മാതാപിതാക്കള്‍ക്ക് അവനവന്റെ തന്നെ കൗമാരകാലം ഓര്‍ക്കാന്‍ കഴിയുമെങ്കില്‍ തന്നെ പകുതി പരിഹാരമായി. ചിന്തകള്‍ക്ക് തീപിടിച്ചിരുന്ന ആ കാലം ഓര്‍ക്കുമ്പോള്‍ എന്തുക്കൊണ്ടാണ് ഇവരിങ്ങനെ എന്ന ചോദ്യത്തിന് എളുപ്പം ഉത്തരം കിട്ടും.
അല്‍പ്പം സംയമനത്തിലൂടെ കുട്ടികളോട് ഇടപഴകേണ്ട ഒരു സമയം കൂടിയാണ് കൗമാര ഘട്ടം. കാരണം എതിരഭിപ്രായങ്ങളെ ശരിയായ രീതില്‍ കുട്ടി പ്രകടിപ്പിക്കാന്‍ പഠിക്കേണ്ട ഒരു കാലം കൂടിയാണിത്. മുതിര്‍ന്നവരാണ് ഇവിടെ വഴികാട്ടികളാകേണ്ടത്. അതുകൊണ്ടുകൊണ്ടു തന്നെ വീട്ടിലുള്ള മുതിര്‍ന്നവര്‍ക്ക് ചില കാര്യങ്ങളിലൂടെ കൗമാര പ്രായത്തിലുള്ള കുട്ടിയെ ശരിയായ ദിശയിലേക്കു നയിക്കാന്‍ കഴിയും.
വീട്ടിനകത്തു സംസാരിക്കുമ്പോള്‍ പാലിക്കേണ്ട ചില നിയമങ്ങള്‍ ഉണ്ടാക്കുക. ഉദാഹരണത്തിന് സംസാരിക്കുമ്പോള്‍ കൈ ചൂണ്ടിയോ, ശബ്ദം ഉയര്‍ത്തിയോ സംസാരിക്കരുത് എന്നത് എല്ലാവരും പാലിക്കേണ്ട ഒരു നിയമം ആക്കി മാറ്റം. അതുപോലെ ദേഷ്യം പോലുള്ള വികാരങ്ങള്‍ നിയന്ത്രിച്ചു വേണം സംസാരിക്കാന്‍ എന്ന് നിഷ്‌കര്‍ഷിക്കാം. മുതിര്‍ന്നവരും പാലിക്കേണ്ട ഈ നിയമങ്ങള്‍ ഉണ്ടക്കാന്‍ കൗമാരക്കാരെയും കൂട്ടാം. അവര്‍ നിര്‍മിച്ച നിയമങ്ങള്‍ നടപ്പാക്കാന്‍ അവര്‍ ശ്രമിക്കും. കാരണം അഭിപ്രായ സ്വാതന്ത്ര്യം പോലെ തന്നെ കൗമാരത്തിന്റെ ഒരു ലക്ഷണമാണ് ഉത്തരവാദിത്ത ബോധവും.
നീ വളരെ മോശമായാണ് സംസാരിക്കുന്നത്. നീ ആകെ വഷളായി പോയി എന്നൊക്കെ പറയുന്നതിന് പകരം നീ പറഞ്ഞത് എനിക്ക് വളരെ വിഷമമുണ്ടാക്കി എന്ന് പറയുകയോ, പ്രകടിപ്പിക്കുകയോ ചെയ്താല്‍, കുട്ടിയുടെ സ്വഭാവത്തിന് വലിയ മാറ്റം കാണാന്‍ സാധിക്കും. നിന്റെ മനസ്സില്‍ തോന്നുന്ന ദേഷ്യം പ്രകടിപ്പിക്കാം പക്ഷെ അമ്മയ്ക്ക് വിഷമമാവുമെന്നേയുള്ളു അല്ലെങ്കില്‍ അച്ഛന് വിഷമം ആവുമെന്നേയുള്ളു എന്ന് പറഞ്ഞാല്‍ കുട്ടിയുടെ മനസിനെ അത് തോടും. തീര്‍ച്ച.
മറ്റുള്ളവരുടെയോ തങ്ങളുടെ തന്നെയോ ഒക്കെ ജീവിതാനുഭവങ്ങള്‍ കുട്ടികളോട് മാതാപിതാക്കള്‍ പറയുന്നത് നല്ലതാണ്. പക്ഷെ കുട്ടികള്‍ക്ക് അത് അലോസരമാവുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഫലം വിപരീതമാവും.
ഇതിനൊക്കെ പുറമെ, നിങ്ങള്‍ക്ക് അവരുടെ റോള്‍ മോഡല്‍ ആകാന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ നിങ്ങള്‍ വിചാരിച്ചതിലും ഭംഗിയാവും.