സ്ത്രീകളോട് മാന്യമായി പെരുമാറുന്ന മകൻ: അച്ഛൻ ചെയ്യേണ്ടത്!
കുട്ടികളെ നോക്കുന്നതിലും അവരുടെ കാര്യങ്ങൾ നോക്കുന്നതിലും നമ്മുടെ നാട്ടിലെ അച്ഛന്മാൻ പൊതുവെ അൽപം പുറകോട്ടാണ്. എന്നാൽ ചില അച്ഛന്മാരാകട്ടെ കുട്ടികളെ നോക്കുന്നതിൽ മിടുക്കന്മാരുമാണ്. തന്‍റെ മറ്റു ജോലികൾക്കൊപ്പം കുട്ടികളുടെ കാര്യങ്ങൾ കൃത്യമായി, ഇഷ്ടത്തോടെ ചെയ്യുന്ന അച്ഛന്മാരെ സൂപ്പർ ഡാഡ് ഗണത്തിൽപ്പെടുത്താം. നമുക്കറിയാം സൂപ്പർ പേരന്റാകാൻ മാന്ത്രികവിദ്യയൊന്നും ഇല്ല, പേരന്റിങ് എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. നിങ്ങള്‍ ഒരു സൂപ്പർ അച്ഛനാണോ എന്നറിയാന്‍ ഇതാ 10 കാര്യങ്ങൾ..
കുട്ടികളുമൊത്തുള്ള സംസാരം
ചില അച്ഛന്മാരെ കണ്ടിട്ടില്ലേ കുട്ടികളോട് പോലും മിണ്ടാട്ടമില്ലാതെ വല്യ ഗമയിലങ്ങനെ നടക്കും. കുട്ടികളെന്തെങ്കിലും ചോദിച്ചാൽ ഒരു മൂളലോ തലയാട്ടലോ ആകും ഉത്തരം. ലോകത്തിലെ സകല ഉത്തരവാദിത്വവും അവരുടെ തലയിലാണെന്ന ഭാവത്തിൽ കുട്ടികളുടെ കുറുമ്പുകളോടു പോലും ഇത്തരക്കാർ കൂട്ടുകൂടില്ല. അച്ഛന്മാർക്കു വേണ്ട ഏറ്റവും നല്ല ഗുണങ്ങളിൽ ഒന്നാണ് സംസാരം. കുട്ടികളെ മനസ്സിലാക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴിയാണ് അവരുമായി നിരന്തരം സംസാരിക്കുകയെന്നത്.
കുട്ടികളുടെ അമ്മയെ ബഹുമാനിക്കുക
ഒരച്ഛന്റെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഗുണമാണ് തന്റെ ഭാര്യയെ അഥവാ മക്കളുടെ അമ്മയെ ബഹുമാനിക്കുക എന്നത്. നിങ്ങള്‍ എങ്ങനെയാണോ സ്ത്രീകളോട് പെരുമാറുന്നത് അതുപോലെ തന്നെയാകും മകൻ വലുതാകുമ്പോൾ പെരുമാറുന്നതും. അതുപോലെ അമ്മയ്ക്കു ലഭിക്കുന്ന ബഹുമാനം കണ്ടു വളരുന്ന മകളും ആത്മാഭിമാനമുള്ളവളായിരിക്കും.
കഥ പറയാറുണ്ടോ...
കുട്ടികളുമായി കൂട്ടുകൂടാനുളള എളുപ്പവഴിയാണ് അവർക്ക് കഥകൾ പറഞ്ഞുകൊടുക്കുന്നതും വായിച്ചുകൊടുക്കുന്നതും. മക്കളുമായി വൈകാരികമായ ഒരടുപ്പം ഇതിലൂടെ രൂപപ്പെടുമെന്ന് പഠനങ്ങൾ പറയുന്നു.
യഥാർഥ രക്ഷകനാണോ
എല്ലാക്കാലത്തും എന്തുകാര്യത്തിനും അച്ഛൻ ഒപ്പമുണ്ടെന്നുള്ള ആ ധൈര്യം മതി കുട്ടികൾ മിടുക്കരാകാൻ.
അവരുടെ കൂട്ടുകാർ
കുട്ടി നിങ്ങളോടൊപ്പം ആയിരിക്കുന്നതിനേക്കാൾ അവരുടെ കൂട്ടുകാരോടൊപ്പമാവും കൂടുതൽ സമയം ചെലവഴിക്കുക. അവർക്ക് നല്ല കൂട്ടുകാരും ചീത്തക്കൂട്ടുകാരും കാണാം. അവരുടെ കൂട്ടുകാരെപ്പറ്റി നല്ല ധാരണയുണ്ടാകണം. കുട്ടികളുടെ കൂട്ടുകാരുടെ മാതാപിതാക്കളുമായും ബന്ധം സൂക്ഷിക്കുക.
അച്ഛന് അച്ചടക്കമുണ്ടോ?
നല്ല അച്ചടക്കമുള്ള അച്ഛന് കുട്ടികളിൽ നിന്നും നല്ല ബഹുമാനവും കിട്ടുമത്രേ. അച്ചടക്കം അച്ഛനിൽ നിന്നും കുട്ടികൾക്കും പകർന്നുകിട്ടും.
നർമബോധം മർമപ്രധാനം
അച്ഛനുമൊത്തുള്ള രസകരമായ ആ നിമിഷങ്ങള്‍ കുട്ടികളുടെ മനസിൽ എന്നുമുണ്ടാകും. എപ്പോഴും തമാശപറയണമെന്നല്ല. തമാശകൾ പറയാനും ആസ്വദിക്കാനും കഴിയുന്ന അച്ഛൻ സൂപ്പറാ...
അറിവുള്ള അച്ഛൻ
കുട്ടികളുടെ എന്തു സംശയങ്ങള്‍ക്കും ഉത്തരമുള്ള അച്ഛൻമാർ കിടുവാ. ഇടയ്ക്കെങ്കിലും അവരെ ഇരുത്തി പാഠഭാഗങ്ങൾ പറഞ്ഞുകൊടുത്തു നോക്കൂ.
കളികളിൽ കൂടാറുണ്ടോ?
അച്ഛൻ തങ്ങൾക്കൊപ്പം കളിക്കുന്നതിലും വലിയ സന്തോഷം കുട്ടികൾക്കു വേറെയുണ്ടാകില്ല. ഈ കളികളിലൂടെ അവരുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായി മാറാനും അച്ഛനു കഴിയും
ഏറ്റവും നല്ല മാതൃക നിങ്ങളാകണം
അച്ഛനോളം നല്ല മാതൃക കുട്ടികൾക്ക് വേറെയുണ്ടോ? അച്ഛനുമമ്മയുമാണ് അവരുടെ ആദ്യത്തെ മാതൃകകൾ. നിങ്ങളുടെ ഓരോ പ്രവർത്തിയും നോക്കിക്കാണുന്ന രണ്ട് കുഞ്ഞുകണ്ണുകൾ ഉണ്ടെന്ന ഓർമയുണ്ടാകണം. എങ്ങനെ ജീവിക്കണമെന്ന് പറഞ്ഞുകൊടുക്കുകയല്ല വേണ്ടത്, അത് ജീവിച്ചു കാണിക്കുകയാണ് വേണ്ടത്.
Summary : Parental behaviors, Good Parents, Good Father