കുട്ടി സംസാരിക്കാൻ വൈകുന്നോ? വഴിയുണ്ട്! ‍

ചില കുട്ടികൾ നേരത്തെതന്നെ ചെറിയ വാക്കുകൾ പറഞ്ഞു തുടങ്ങും. സാധാരണയായി ഒരുവയസിൽ അമ്മ, അച്ഛൻ തുടങ്ങിയ ഒറ്റവാക്കുകളാകും പറയുക, രണ്ട് വയസാകുമ്പോഴേയ്ക്കും അമ്മ പോയി, പാല് കുടിച്ചു തുടങ്ങിയ ചെറിയ വാചകങ്ങൾ പറഞ്ഞു തുടങ്ങും. മൂന്നായൽ ചറപറേന്നാകും വർത്തമാനം. എന്നാൽ ചില കുട്ടികളാകട്ടെ വളരെ വൈകിയാകും സംസാരിച്ചു തുടങ്ങുക. ഇത് മാതാപിതാക്കളെ വിഷമിപ്പിക്കുകതന്നെ ചെയ്യും. ചികിത്സയ്ക്കും സ്പീച്ച് തെറപ്പിസ്റ്റിൻറടുത്തും കൊണ്ടു പോകും മുൻപ് വീട്ടിൽ തന്നെ ചില പരിശീലനങ്ങൾ നൽകി നോക്കാം. മിക്കവാറും അതുമാത്രം മതിയാകും കുട്ടികൾ സംസാരിച്ചു തുടങ്ങാൻ.

1.റേഡിയോ പോലെ സംസാരിക്കാം
അതായത് കുട്ടി ഒന്നും സംസാരിക്കുന്നില്ലെങ്കിലും അങ്ങോട്ട് നിർത്താതെ സംസാരിച്ചു കൊണ്ടിരിക്കാം. 'വാവേടെ നീല ഉടുപ്പ് കണ്ടോ?, ചുവന്ന റോസാപ്പൂവാണിത്' അങ്ങനെ അവർക്കു മനസിലാകുന്ന ചെറിയ വാക്കുകളിൽ സംസാരിച്ചുകൊണ്ടേയിരിക്കാം.

2. പാട്ടുപാടി വാക്കുകൾ പഠിപ്പിക്കാം
വാചകങ്ങളേക്കാൾ പാട്ട് കുഞ്ഞിന് എളുപ്പം വഴങ്ങും. കുഞ്ഞു പാട്ടുകളിലൂടെ അവനെ പഠിപ്പിക്കാം.

3.ക്രിയാത്മകമായ കാര്യങ്ങൾ ചെയ്യാം
ദിവസവും ഒരുമണിക്കൂർ അവർക്കൊപ്പം ക്രിയാത്മകമായ പ്രവർത്തികളുമായി നിങ്ങളുണ്ടാകണം. വരയ്ക്കുകയോ, നിറം നൽകുകയോ പടങ്ങൾ വെട്ടി ഒട്ടിക്കുകയോ കഥപറഞ്ഞു കൊടുക്കുകയോ വായിച്ചുകൊടുക്കുകയോ ഒക്കെയാകാം.

4. വിശദീകരിച്ചു നൽകാം
ഉദാഹരണത്തിന് ' നോക്കിക്കേ! ഇതൊരു ബോളാണ്, നല്ല ഉരുണ്ട ബോൾ, നീല നിറം, ഇതുകൊണ്ട് എറിഞ്ഞ് കളിച്ചാലോ'. ഇങ്ങനെ ചെറിയ കാര്യങ്ങളെ വിശദമാക്കി അവരോട് പറയാം

5. കുട്ടികളുമായി കളിക്കട്ടെ
കളിപ്പാട്ടങ്ങളേക്കാൾ കുട്ടികൾക്കാവശ്യം അവരുടെ പ്രായത്തിലുള്ളവരുമായുള്ള സഹവാസമാണ്. മറ്റ് കുട്ടികളുമായി കളിക്കുന്നതിലൂടെ ആശയവിനിമയശേഷി വർദ്ധിക്കുന്നു.

6. എവിടെയും കൂടെക്കൂട്ടാം
അയൽപക്കത്തും സൂപ്പർമാർക്കറ്റിലും പാർക്കിലും ഒക്കെ അവരെയും കൂട്ടാം. കണ്ടും കേട്ടും അവർ വളരട്ടെ

7. പദസമ്പത്ത് കൂട്ടാം
'നോക്കിക്കേ അതൊരു കെട്ടിടമാണ്, അത് വളരെ വലുതാണ്, കെട്ടിടങ്ങളിലാണ് വീടുകളും ഓഫീസുകളുമൊക്കെയുള്ളത് '. അങ്ങനെ ഒരു വാക്കിനെ ബന്ധപ്പെടുത്തി പല വാക്കുകൾ പറഞ്ഞുകൊടുക്കാം, അവരെക്കൊണ്ട് പറയിപ്പിക്കാൻ ശ്രമിക്കാം.

8. മനസിലാകാത്തത് പറഞ്ഞു കൊടുക്കാം
മറ്റൊരാൾ കുട്ടിയോട് ചോദിക്കുന്ന കാര്യങ്ങൾ അവർക്ക് ചിലപ്പോൾ മനസിലാകണമെന്നില്ല, അപ്പോൾ അവർക്കു മനസിലാകുന്ന ഭാഷയിൽ പറയാം.

9. കളിയാക്കേണ്ട
വാക്കുകൾ തെറ്റായി ഉച്ഛരിച്ചാലോ പറയാൻ ബുദ്ധിമുട്ടിയാലോ അവരെ കളിയാക്കല്ലേ. വാക്കുകൾ പഠിക്കാൻ അവർക്ക് സാവകാശം കൊടുക്കാം.

10. ടെലിവിഷൻ നല്ലതാണ്
കുട്ടികളോട് ചോദ്യം ചോദിക്കുന്ന രീതിയിലുള്ള, അവരെക്കൊണ്ട് ഉത്തരം പറയിപ്പിക്കുന്ന തരത്തിലുള്ള പരിപാടികൾ ടിവിയിൽ കാണിക്കാം. അമിതമാവുമ്പോഴാണ് ടിവി - അപകടമാകുന്നത്.