‘ടീച്ചറേ ഹോംവർക്ക് തരരുത്’, പരീക്ഷ പോലും എഴുതേണ്ടെന്ന് ടീച്ചർ
തായ്‍ലൻഡിലെ താം ലുവാങ് ഗുഹയിൽ കുടുങ്ങിയ 12 കുട്ടികളോയും അവരുടെ ഫുട്ബോൾ കോച്ചിനേയും രക്ഷിക്കാൻ ലോകം മുഴുവൻ ശ്രമിക്കുകയായിരുന്നു. എല്ലാവരേയും പുറത്തെത്തിക്കാനും സാധിച്ചു. യുഎസ്, ബ്രിട്ടൻ, ചൈന, സ്വീഡൻ, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകരാണിതിനു പിന്നില്‍. കാണാതായതിന്റെ പത്താംനാൾ കുട്ടികളെ ജീവനോടെ കണ്ടെത്തിയത് ബ്രിട്ടനിൽനിന്നുള്ള രണ്ടു വിദഗ്ധരാണ്.
മുങ്ങൽ വിദഗ്ധരുടെ പക്കൽ കൊടുത്തു വിട്ട കത്തിൽ വിഷമിക്കേണ്ടെന്നും ഞങ്ങൾ ശക്തരാണെന്നും തായ് ഗുഹയിൽ കുടുങ്ങിയ കുട്ടികൾ മാതാപിതാക്കളോട് പറഞ്ഞു. ഫ്രൈഡ് ചിക്കൻ കഴിക്കാൻ കൊതിയാകുന്നുവെന്ന് ഒരു കുട്ടി കുറിച്ചപ്പോൾ, ടീച്ചറെ ഞങ്ങളെ അധികം ഹോംവർക്കിട്ടു കുഴപ്പിക്കരുതെന്നാണ് മറ്റൊരു കത്തിൽ.
ഈ കത്തിനുള്ള ആശ്വാസ മറുപടിയുമായി കുട്ടികളുടെ സ്ക്കൂളിലെ അധ്യാപകനുമെത്തി. ഗുഹയിൽ കുടുങ്ങിയ കുട്ടികളിലധികവും പഠിക്കുന്നത് Mae Sai Prasitsart school ആണ്. അടുത്ത ആഴ്ചയിലെ പരീക്ഷയിൽ നിന്നും കുട്ടികളെ ഒഴിവാക്കിയതായും അവർക്കിനി സാധാരണ പരീക്ഷ ഷെഡ്യൂളുകളില്ലെന്നും പത്രസമ്മേളനസ്സിൽ അധ്യാപകൻ അറിയിച്ചു. ലുവാങ് ഗുഹയിൽ കുടുങ്ങിയ 12 കുട്ടികളിൽ ആറുപേർ ഈ സ്ക്കൂളിലാണ് പഠിക്കുന്നത്.
ഈ കുട്ടികളുടെ മാനസിക ആരോഗ്യത്തിന് പ്രത്യേക കൗൺസിലിംങ് നൽകാനും സ്കൂൾ അധികൃതർ തീരുമാനിച്ചു. മാത്രമല്ല ഇത്രയും നാൾ ഗുഹയിൽ കുടുങ്ങിയ കുട്ടികൾ തിരികെയെത്തുമ്പോൾ എങ്ങനെയൊക്കെ പെരുമാറണമെന്ന് മറ്റ് കുട്ടികൾക്കും അധ്യാപകർക്കും പ്രത്യേക നിർദ്ദേശങ്ങളും നൾകിയതായി അദ്ദേഹം അറിയിച്ചു. കുട്ടികളെ മുറിവേൽപ്പിക്കുന്നതോ വേദനിപ്പിക്കുന്നതോ ആയ കമന്റുകളോ സംസാരമോ സ്കൂളിൽ നിന്നും ഉണ്ടാകാതിരിക്കാനുള്ള നിർദ്ദേശങ്ങളും കൊടുത്തുകഴിഞ്ഞു.
കുട്ടികൾക്കൊപ്പം ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ പരിശീലകൻ കുട്ടികളുടെ മാതാപിതാക്കളോട് മാപ്പു ചോദിക്കുന്ന കത്തും ഇതിനിടെ പുറത്തുവന്നു. മുങ്ങൽ വിദഗ്ധരുടെ പക്കൽ കൊടുത്തുവിട്ട കത്തിലാണ് പരിശീലകൻ മാപ്പു ചോദിച്ചത്.
കത്തിൽ പറയുന്നതിങ്ങനെ: ‘‘കുട്ടികളുടെ മാതാപിതാക്കൾ അറിയാൻ, ഇപ്പോൾ കുട്ടികളെല്ലാം സുരക്ഷിതരാണ്. രക്ഷാപ്രവർത്തകർ ഞങ്ങളെ നന്നായി ശ്രദ്ധിക്കുന്നു. കുട്ടികൾ സുരക്ഷിതരായിരിക്കാൻ എന്നാൽ കഴിയുന്നതെല്ലാം ഞാൻ ചെയ്യും. നിങ്ങളുടെ പിന്തുണയ്ക്കു നന്ദി. ഇത്തരം സാഹചര്യമുണ്ടായതിൽ മാതാപിതാക്കളോടു മാപ്പു ചോദിക്കുന്നു.’’