ഒരേ കഥ തന്നെ കേട്ടാലും ബോറടിക്കാത്തതിന് പിന്നിൽ?
എന്നും രാത്രി ഉറങ്ങുന്നതിനു മുൻപ് അമ്മുവിന് ഒരേ കഥ തന്നെ കേട്ടാൽ മതി. അതും 10 തവണ ആവർത്തിച്ചു കേട്ടാലും മതിയാകില്ല. ഇതെന്താ ഇങ്ങനെ? ഈ കുട്ടിക്ക് ബോറടിക്കില്ലേ എന്നാവും അച്ഛനമ്മമാർ ചിന്തിക്കുക. പക്ഷേ, ശാസ്ത്രം പറയുന്നു ബോറടിക്കില്ല...മാത്രമല്ല ഇത് കുട്ടിയെ കൂടുതൽ സ്മാർട്ട് ആക്കും. എങ്ങനെയെന്നല്ലേ...?
ദിവസവും ഒരേ വാക്കുകൾ തന്നെ കേൾക്കുന്നതു വഴി കുട്ടികൾ അത് ഹൃദിസ്ഥമാക്കും. അതു കുട്ടിയുടെ വൊക്കാബുലറി അഥവാ പദസമ്പത്ത് ശക്തമാക്കും. മികച്ച പദസമ്പത്ത് അക്കാദമിക് വിജയത്തിന് മുതൽക്കൂട്ടാകുമെന്ന് പറയേണ്ടതില്ലല്ലോ. ഇനി ആഴ്ചകളോളം ഒരേ കഥ തന്നെ വായിക്കാൻ കുട്ടി വാശി പിടിച്ചാലും അതു സാധിച്ചുകൊടുക്കാൻ മടിക്കരുത്.
ഭാഷാപരമായ ശേഷികളിൽ മികച്ചു നിൽക്കുന്ന കുട്ടികൾ സമപ്രായക്കാരെ അപേക്ഷിച്ച് സാമൂഹികമായും വിദ്യാഭ്യാസപരമായും മികച്ചവരായിരിക്കുമെന്നു പഠനങ്ങൾ പറയുന്നു. വായനയാണല്ലോ ഭാഷാപരമായ ശേഷി മെച്ചപ്പെടുത്താനുള്ള പ്രധാനവഴി. അതുകൊണ്ട് ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ വായനയോട് താൽപര്യം ഉണർത്തുക. വായനാസംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ കുട്ടിക്കുണ്ടോയെന്ന് നേരത്തേ തിരിച്ചറിയാനും പരിഹരിക്കാനും ഇതുവഴി സാധിക്കും. ഇല്ലെങ്കിൽ സ്കൂളിലെത്തി പഠിപ്പു തുടങ്ങുമ്പോഴാകും ഇതു തിരിച്ചറിയുക. ഏഴു വയസ്സാകുമ്പോഴേക്കും വായിക്കാൻ പഠിക്കുന്ന കുട്ടികൾ തുടർന്നുള്ള വർഷങ്ങളിൽ സമപ്രായക്കാരേക്കാൾ ബുദ്ധിശക്തി പ്രകടമാക്കുമെന്നും പഠനങ്ങൾ പറയുന്നു.
വായിച്ചുകൊടുക്കുമ്പോൾ
∙ നിങ്ങൾ വായിച്ചുകൊടുക്കുകയും കുട്ടി പടം കണ്ടിരിക്കുകയും ചെയ്യുന്നത് അത്ര ഗുണകരമാകില്ല. വായിക്കാറായ കുട്ടികളാണെങ്കിൽ നിങ്ങളോടൊപ്പം വായിക്കുവാൻ കുട്ടിയെ പ്രേരിപ്പിക്കുക. പുതിയ വാക്കുകൾ ചൂണ്ടിക്കാണിച്ച് വായിപ്പിക്കുക. ഇത് വായനാശേഷിയുടെ മുന കൂർപ്പിക്കും.
∙ കുട്ടിക്കു കഥ മനസ്സിലാക്കിയെടുക്കാൻ കഴിയാവുന്ന വിധം പതുക്കെ വായിച്ചുകൊടുക്കുക.
∙ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് അതേപടി വായിച്ചുകൊടുക്കണമെന്നില്ല. നിങ്ങളുടെ കുട്ടിക്ക് കാര്യം വ്യക്തമായി മനസ്സിലാകുന്നവിധം നിങ്ങളുടേതായ ചെറു വിശദീകരണങ്ങളും കൂട്ടിച്ചേർക്കലുകളും ആകാം.
∙ ഒരേ മട്ടിൽ കഥ വായിച്ചുപോയാൽ കുട്ടിക്ക് താൽപര്യം ഉണ്ടാകണമെന്നില്ല. ഒാരോ കഥാപാത്രത്തിനും അനുയോജ്യമായ രീതിയിൽ സ്വരം ഉയർത്തിയും താഴ്ത്തിയും വായിക്കുക.
∙ കഥകൾക്കൊപ്പം പാട്ടുകളുമുള്ള ബുക്കുകൾ തിരഞ്ഞെടുത്തു വായിക്കുക. പാട്ടുകൾ താളത്തിൽ കൈകൊട്ടി പാടിക്കൊടുക്കുക.
∙ വായിക്കാറാകാത്ത കുട്ടികൾക്ക് വലിയ ചിത്രങ്ങളുള്ള തരം ബുക്കുകൾ വായിച്ചുകൊടുക്കുക. പടങ്ങൾ ചൂണ്ടിക്കാണിച്ച് അത് എന്താണെന്നു വിശദീകരിക്കുക. ചിത്രത്തിലെ വിശദാംശങ്ങൾ പോലും ചൂണ്ടിക്കാണിക്കുക.
∙ കഥയിൽ എന്താണ് അടുത്തതായി സംഭവിക്കുകയെന്ന് കുട്ടിയോട് ചോദിക്കുക. ഇതു വായന മുൻപോട്ടു കൊണ്ടുപോകാനുള്ള താൽപര്യം ജനിപ്പിക്കും.
∙ ഒാരോ പുസ്തകം വായിക്കുമ്പോഴും അതിലെ എന്താണ് കുട്ടിയെ കൂടുതൽ ആകർഷിക്കുന്നതെന്ന് ശ്രദ്ധിക്കുക. പാട്ടുകളാണോ, ചിത്രങ്ങളാണോ... കഥയുടെ പ്രത്യേകതയാണോ? അതു കണ്ടുപിടിച്ച് അത്തരം ഘടകങ്ങളുള്ള മറ്റു പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായിച്ചുകൊടുക്കുക.
∙ ബെഡ് ടൈം പോലെ എന്നും ഒരേ സമയത്ത് വായിച്ചുകൊടുക്കണം എന്നില്ല. കുട്ടി ആവശ്യപ്പെടുന്നെങ്കിൽ അങ്ങനെ ചെയ്യുക. ഇല്ലെങ്കിൽ കുട്ടി വായിക്കാൻ താൽപര്യം കാണിക്കുന്നത് ഏതു സമയത്താണോ അപ്പോൾ വായിച്ചുകൊടുക്കുക.
Summary : Brainy Benefits, Bedtime Stories