കുഞ്ഞു പിറന്നാൽ അച്ഛൻ ഉപേക്ഷിക്കേണ്ട 5 ശീലങ്ങൾ!

കുഞ്ഞു പിറന്നാൽ അച്ഛൻ ഉപേക്ഷിക്കേണ്ട 5 ശീലങ്ങൾ! ഒരു കുഞ്ഞിന് ജന്മം നൽകിയതിന്റെ വേദനയിൽ മുഴുകി അമ്മ ആശുപത്രി കിടക്കയിൽ മയങ്ങുന്ന നേരത്ത് ഒരച്ഛനായതിന്റെ സന്തോഷം മുഴുവൻ ഏറ്റുവാങ്ങി ആഹ്ലാദിക്കുന്നത് അത്രനേരം ഉത്കണ്ഠയോടെ പുറത്തു കാത്തുനിന്ന ഭർത്താവായിരിക്കും. ആനന്ദത്തിനപ്പുറം ഒട്ടേറെ ഉത്തരവാദിത്തങ്ങളും ആ കുഞ്ഞ് പിതാവിന് സമ്മാനിക്കുന്നുണ്ട്. അതിനാൽ മക്കളോട് ഒത്തുള്ള സന്തുഷ്ട ജീവിതത്തിനായി അച്ഛൻമാർ ഉപേക്ഷിക്കേണ്ട ശീലങ്ങളുമുണ്ട്. അക്കാര്യത്തിൽ നിങ്ങൾ മക്കളോട് പ്രതിബന്ധത കാണിച്ചേ മതിയാകൂ.

ഓരോ നിമിഷത്തേയും നിങ്ങളുടെ അദ്ധ്വാനം മക്കളുടെ ഭാവിക്ക് വേണ്ടിയാണല്ലോ. അത്രതന്നെ പ്രിയപ്പെട്ടതാണ് മക്കൾക്ക് നിങ്ങളുടെ ജീവനും. മക്കളോടു ഒത്തുചേർന്നുള്ള സന്തുഷ്ട കുടുംബജീവിതത്തിനായി ഈ അഞ്ചു ശീലങ്ങൾ ഉപേക്ഷിക്കുകയാണ് വേണ്ടത്.

1. പുകവലിയും മദ്യപാനവും
അച്ഛന്മാരുടെ ചീത്തശീലങ്ങളെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരുടേയും മനസ്സിലേക്ക് ആദ്യമെത്തുന്നത് പുകവലിയും മദ്യപാനവും തന്നെയാണ്. ഈ ശീലങ്ങൾ നവജാത ശിശുക്കളുടെ ആരോഗ്യത്തെപ്പോലും ദോഷകരമായി ബാധിക്കുന്നുണ്ട്. അച്ഛനെപ്പോലെ പുകവലിക്കാനും മദ്യപിക്കാനുമൊക്കെ മക്കളും ആഗ്രഹിക്കുന്നുണ്ടാകും. അതാണല്ലോ ചില കുസൃതികുട്ടികൾ ആദ്യം അങ്ങനെയൊക്കെ അഭിനയിച്ചു കാണിക്കുന്നതും പിന്നെ അനുകരിക്കുന്നതും. അച്ഛന്മാർ ഈ ദുശീലങ്ങളെ ഉപേക്ഷിക്കുമ്പോൾ മക്കളും ആ ശീലങ്ങളെ തമാശയ്ക്കായി പോലും അഭിനയിച്ചു കാണിക്കാതിരിക്കും. കൂടാതെ നിരന്തരമായ പുകവലിയും അമിത മദ്യപാനവും ക്യാൻസറിനും കരൾ രോഗങ്ങൾക്കും വഴിവെയ്ക്കും. അവിവാഹിതരിൽ ഈ ദുശീലങ്ങൾ ബീജോൽപാദനത്തിന് വരെ തടസ്സങ്ങളുണ്ടാക്കുന്നുണ്ട്.

ഇത്തരം ദുശീലങ്ങളിൽ നിന്ന് പതുക്കെ സ്വയം രക്ഷപ്പെടുന്നതിന് വേണ്ടി, പുകവലിക്കണമെന്ന് വല്ലാത്ത ആഗ്രഹം തോന്നുമ്പോൾ ചൂയിംഗം ചവയ്ക്കാനും, മദ്യപാനാസക്തി തോന്നുമ്പോൾ നല്ല ഫ്രഷ് ഫ്രൂട്ട് ജ്യൂസോ സാധാരണ പച്ചവെള്ളമോ കുടിക്കാനുമാണ് മനഃശാസ്ത്രജ്ഞരുടെ നിർദ്ദേശം.

2. വ്യായാമമില്ലായ്ക
ഭാര്യ ഗർഭം ധരിക്കും മുമ്പേ ഭർത്താവ് ശാരീരികമായി നല്ല ആരോഗ്യവാനും നിത്യം വ്യായാമം ചെയ്യുന്ന വ്യക്തിയുമാണെങ്കിൽ, ഭാവിയിൽ അവർക്കുണ്ടാകുന്ന കുഞ്ഞ് നല്ല ആരോഗ്യത്തോടെ ജനിക്കുമെന്നാണ് ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. വ്യായാമം ശരീരത്തിനും തലച്ചോറിനും ഗുണപ്രദമാണ്. നിങ്ങൾ ശാരീരികമായി ആരോഗ്യത്തോടെയിരുന്നാലല്ലേ മക്കളുടെ നല്ല ആരോഗ്യം ഉറപ്പുവരുത്താനാകൂ. വ്യായാമമില്ലാതെ മടിയനായിരുന്നാൽ മക്കൾ വളർന്നു വരുന്തോറും അച്ഛന്മാർ പലവിധ ശാരീരിക അസുഖങ്ങൾക്ക് ഇരയായിത്തീർന്നിട്ടുണ്ടായിരിക്കും. ശാരീരികമായി ആയാസം കിട്ടുന്ന ഏതെങ്കിലും കായിക വിനോദങ്ങളിൽ ദിവസവും ഏർപ്പെടാൻ ശ്രമിക്കുക. അതിനൊന്നും കഴിയുന്നില്ലെങ്കിൽ കോവണിപ്പടി എന്നും കയറിയിറങ്ങുകയോ, രാവിലെയോ വൈകിട്ടോ നടത്തം ഒരു ശീലമാക്കുകയും ചെയ്യുക.

3. അനുചിതമായ ഭക്ഷണക്രമം
ശാരീരികാരോഗ്യത്തിനുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നതുപോലെ സന്തുലനമായതും പോഷകപ്രദവുമായ ഒരു ഭക്ഷണരീതിയാണ് പുരുഷന്മാർ പിന്തുടരേണ്ടത്. മക്കളുണ്ടായി കഴിയുമ്പോൾ പലർക്കും സമ്പാദ്യശീലം വർദ്ധിക്കും. ഓവർ ടൈം പണിയെടുക്കാൻ തുടങ്ങും. അങ്ങനെ മക്കൾക്ക് വേണ്ടി ജീവിതം ഓടിക്കുമ്പോൾ അച്ഛന്മാർ അതിനനുസരിച്ച് ഭക്ഷണവും കഴിക്കണം. വിറ്റാമിൻ സി, സിങ്ക്, ഫോളിക് ആസിഡ്, പ്രോട്ടീനുകൾ, പോഷകാംശങ്ങൾ എന്നിവയടങ്ങിയ ഭക്ഷണങ്ങളാണ് പുരുഷന്മാർ പ്രധാനമായും കഴിക്കേണ്ടത്. ഒരുപാട് ഭക്ഷണം കഴിക്കാതെ പോഷകപ്രദമായത് കുറച്ച് കഴിക്കുക.

4. പതിവുതെറ്റിയുള്ള ഉറക്കം
ചില അച്ഛന്മാർക്ക് മക്കളുമായി ചിലവഴിക്കാൻ അവസരം കിട്ടുന്നത് രാത്രിയിലായിരിക്കും. അവർ പാതിരാത്രിവരേയും കുട്ടികളെ കളിപ്പിച്ച് ആഹ്ലാദിച്ചിരിക്കും. അങ്ങനെ കുട്ടികളുടേയും ഉറക്കം വൈകും. മറ്റു ചിലർ മക്കൾക്ക് വേണ്ടി ഓവർടൈം പണിചെയ്ത്, വൈകിമാത്രം വീട്ടിലെത്താൻ കഴിയുന്നവരായിരിക്കും. എങ്ങനെയൊക്കെ ആയാലും നല്ല ഉറക്കം മനുഷ്യന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്ന ഒരു ഘടകമാണ്. രാത്രി നന്നായുറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ അത് നമ്മുടെ ചിന്തയേയും എല്ലാ ദൈനംദിന പ്രവർത്തനങ്ങളേയും ദോഷകരമായി ബാധിക്കും. കുട്ടികളോടൊപ്പം കിടന്നുറങ്ങാൻ ആഗ്രഹിക്കുന്ന അച്ഛന്മാര്‍ അതിനായി കൃത്യസമയം പാലിക്കുക. രാത്രി വൈകിയുള്ള കളികളും ടിവി കാണലും ഒഴിവാക്കുക.

5. മാനസിക സമ്മർദ്ദങ്ങളും സംഘർഷങ്ങളും
മിക്കവാറും അച്ഛന്മാരെയാണ് മക്കൾക്ക് കൂടുതൽ പേടി. ചിലർക്ക് മൂക്കത്താണല്ലോ ശുണ്ഠി. കൊച്ചു കൊച്ചു കാര്യങ്ങള്‍ക്കൊക്കെ വഴക്കുണ്ടാക്കുന്ന പുരുഷന്മാർ ധാരാളം. അത് കാണുന്ന മക്കൾ മാനസികമായി തന്നെ പിതാവിനോട് ഒരകലം പാലിക്കുകയും ചെയ്യും. ജോലി സംബന്ധമായതോ കുടുംബപരമായതോ സാമ്പത്തികപരമായതോ ആയ പലവിധ മാനസിക സമ്മർദ്ദങ്ങളാൽ ഉഴലുന്ന പുരുഷ മനസ്സുകൾക്ക് ചിലപ്പോൾ കുട്ടികളുടെ തമാശകളെപ്പോലും ആസ്വദിക്കാൻ കഴിയാറില്ല. ഇത് അവർക്ക് അച്ഛനോടുള്ള അടുപ്പം കുറയുന്നതിന് കാരണമാകുന്നു. മക്കൾക്ക് എന്തറിയാം. മനസ്സിലെ ദേഷ്യം അവരോട് തീർത്തിട്ട് എന്ത് ഗുണം. അവരുടെ ചെറിയ വികൃതികൾക്ക് അവരെ ഉച്ചത്തിൽ ശാസിക്കാനോ പ്രഹരിക്കാനോ ഒരുങ്ങും മുമ്പ് ദേഷ്യം ഒന്നു നിയന്ത്രിക്കാം. പത്തു മുതൽ ഒന്നു വരെ അവരോഹണക്രമത്തിൽ മനസ്സിൽ എണ്ണുക, ദേഷ്യം എന്നിട്ടും കുറയുന്നില്ലെങ്കിൽ ഒരു ഗ്ലാസ് വെള്ളം മുഴുവനായി കുടിക്കുക. ദേഷ്യം ഇത്തിരി കുറഞ്ഞില്ലേ... കുറഞ്ഞു കാണും ഇതൊരു മനഃശാസ്ത്രപരമായ സമീപനമാണ്.

പെൺമക്കളായാലും ആൺമക്കളായാലും മിക്കവർക്കും അവരുടെ ഹീറോയും റോൾ മോഡലും ഒക്കെ അവരുടെ പിതാവായിരിക്കും. അപ്പോൾ തീർച്ചയായും മക്കൾക്കു വേണ്ടി നിങ്ങളുടെ സ്വഭാവത്തിലും ശീലത്തിലും നല്ല മാറ്റങ്ങൾ വരുത്തിയാലേ സന്തുഷ്ടമായ കുടുംബജീവിതം നിങ്ങൾക്ക് ആസ്വദിക്കാനാകൂ. ‘ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്.’