പെൺകുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ മറക്കല്ലേ, ഈ കാര്യങ്ങൾ
പെൺകുട്ടികളുള്ള മാതാപിതാക്കൾ ഭാഗ്യവതികളെന്നാണ് പറയാറ്. കാരണം ഒരു മകൾ എന്നതിലുപരി ഒരു നല്ല കൂട്ടുകാരിയെക്കൂടെയാണിവർക്കു കിട്ടിയിരിക്കുന്നത്.
തങ്ങളുടെ മകളുടെ അടുത്ത കൂട്ടുകാരിയാകുകയെന്നാൽ അതത്ര എളുപ്പ പണിയൊന്നുമല്ല കേട്ടോ.. വളരെ ചെറുപ്പം മുതൽ തന്നെ അതിനായി ശ്രമിക്കണം. അമ്മമാർ തന്നെയാവണം അവരുടെ ആദ്യത്തേയും ഏറ്റവും അടുത്തതുമായ കൂട്ടുകാരി. അതിനായി അവളെ ഒരുക്കിയെടുക്കേണ്ടതും അമ്മമാർതന്നെയാണ്. ഈ യാത്രയിൽ ചില കാര്യങ്ങൾ അമ്മമാർ ശ്രദ്ധിക്കുക തന്നെ വേണം. അതൊക്കെ എന്താണെന്ന് നോക്കാം.
നീ സുന്ദരിയാണ്, മിടുക്കിയാണ്
സുന്ദരിയാണെന്ന് കേൾക്കാൻ ഇഷ്ടമില്ലാത്ത പെൺകുട്ടികളുണ്ടാകുമോ? കുറ്റവും കുറവും പറഞ്ഞ് കുട്ടികളെ അപകർഷതാബോധത്തിലേക്ക് തള്ളി വിടാതെ, നീ സുന്ദരിയാണ്, മിടുക്കിയാണ് എന്നൊക്കെ പറഞ്ഞു നോക്കു. നിങ്ങൾ പ്രതീക്ഷിക്കുന്നതിനപ്പുറം ആയിരിക്കും അതിന്റെ ഫലം. മറിച്ച് 'നിന്നെകാണാൻ ഒരു ഭംഗിയുമില്ല', 'അച്ഛനും അമ്മയും ചന്തയിൽ നിന്നു വാങ്ങിയതാണു നിന്നെ' എന്നിങ്ങനെയുള്ള കളി പറച്ചിലുകൾപോലും പെൺകുട്ടികളെ പെട്ടെന്ന് തളർത്തി കളയും. പിന്നീട് മറ്റാരെങ്കിലും നല്ലത് എന്നു പറഞ്ഞാൽ അവരോട് കുട്ടികൾ കൂടുതൽ അടുക്കാനും സാധ്യതയുണ്ട്. ഇത് ചിലപ്പോൾ അപകടങ്ങൾ വിളിച്ചു വരുത്താം.
ആത്മവിശ്വാസം വളർത്തുക
നല്ലത് എന്തു കണ്ടാലും അഭിനന്ദിക്കാൻ മടിക്കരുത്. അഭിനന്ദനങ്ങൾ ആത്മവിശ്വാസം കൂട്ടും. സൗന്ദര്യമെന്നാൽ അത് ബാഹ്യമായത് മാത്രമല്ലെന്നും അവളുടെ കഴിവുകളും നേട്ടങ്ങളും എന്തിന് ഒരു നല്ല പ്രവർത്തി പോലും സൗന്ദര്യമാണെന്ന് അവളെ പറഞ്ഞ് മനസിലാക്കാം. നിന്നെ ഒന്നിനും കൊള്ളില്ല, നിന്നെക്കൊണ്ടത് ചെയ്യാൻ പറ്റില്ല എന്നൊന്നും ഒരിക്കലും അവളോട് പറയല്ലേ. അവളുെട ആത്മവിശ്വാസം വാനോളം ഉയർന്നതാവട്ടെ
അച്ഛന്റെയും അമ്മയുടെയും ഫോൺനമ്പർ അറിഞ്ഞിരിക്കണം
കുട്ടികളാണ്, അപകടവും ഒറ്റപ്പെട്ടു പോകുന്ന സന്ദർഭങ്ങളുമുണ്ടാകാൻ സാധ്യതയുണ്ട്. അത്തരം സന്ദർഭങ്ങളിൽ സുരക്ഷിത സ്ഥാനങ്ങൾ കണ്ടെത്താനും മാതാപിതാക്കളേയോ വേണ്ടപ്പെട്ടവരെയോ വിവരമറിയിക്കുവാനും അവളെ പര്യാപ്തയാക്കണം. രക്ഷകർത്താക്കളുടെ അഡ്രസും ഫോൺ നമ്പരും തീർച്ചയായും കുട്ടികളെ പഠിപ്പിച്ചിരിക്കണം.
നീ പെൺകുട്ടിയാണ് എന്നു പറഞ്ഞ് ഒന്നും നിഷേധിക്കരുത്
സാധാരണ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒരു രീതിയാണ് പെൺകുട്ടിയെന്ന കാരണം പറഞ്ഞ് പല കാര്യങ്ങളും നിഷേധിക്കുക എന്നത്. മരത്തിൽ കയറാനിഷ്ടമുള്ള പെൺകുട്ടി കയറിക്കോട്ടെ, പെൺകുട്ടിയാണെന്ന കാരണത്താൽ അവളെ തടയേണ്ടതില്ല. എന്നാൽ സൂക്ഷിച്ച് കയറിയില്ലെങ്കിൽ അപകടം പറ്റാമെന്നു പറഞ്ഞു കൊടുക്കാം.
അവളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ഒരു പെൺകുട്ടിയാണെന്ന ഒറ്റക്കാരണത്താൽ നിഷേധിക്കാതിരിക്കുക. അവൾ ചിറകു വിരിച്ച് പറക്കട്ടെ.
സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ ശീലിപ്പിക്കുക
ചെറിയ പ്രായമുതൽ തന്നെ സ്വന്തം കാര്യങ്ങൾ അവർ ചെയ്തുവളരട്ടെ. മുടി ചീകാനായാലും ഹോംവർക്ക് ചെയ്യാനാണെങ്കിലും ചെടി നനയ്ക്കാനാണെങ്കിലും സ്വയം പര്യാപ്തയായി അവളെ വളർത്താം. മുതിരുമ്പോഴും മറ്റുള്ളവരെ ആശ്രയിക്കാതെ അവൾ ജീവിക്കട്ടെ..
ആൺകുട്ടിയെക്കാൾ ഒട്ടും താഴെയല്ല പെൺകുട്ടി
കുട്ടികളെ ആൺപെൺ വേർതിരിവില്ലാതെ വളർത്തുക എന്നതാണ് ഒരു നല്ല രക്ഷകർത്താവിന്റെ ലക്ഷണങ്ങളിലൊന്ന്. കളിപ്പാട്ടങ്ങളിൽ പോലും ആൺപെൺ വ്യത്യാസം കാണിക്കാതിരിക്കുക. കാറാണ് അവൾക്കിട്ടപ്പെട്ട കളിപ്പാട്ടമെങ്കിൽ അവൾ അതുകൊണ്ടു കളിക്കട്ടെ. അത് ആൺകുട്ടിളുടെ കളിപ്പാട്ടമാണെന്നു പറഞ്ഞ് പെൺകുട്ടികൾക്കായി പാവ വാങ്ങുന്ന രീതി ശരിയല്ല. അവൾക്ക് ഇഷ്ടമുള്ളത് അവൾ തിരഞ്ഞെടുക്കട്ടെ.
'നിന്നെ ഞങ്ങളു കെട്ടിച്ചുവിടും'
എന്തിനാണ് മാതാപിതാക്കൾ പെൺകുട്ടികളോട് മാത്രമിങ്ങനെ പറയുന്നത്? അത്തരം വാക്കുകൾ തങ്ങളുടെ വീട്ടിൽ ആവശ്യമില്ലാത്ത ഒരാളാണെന്ന ഒരു ചിന്ത അവരിലുണ്ടാക്കും. എന്തിനാണ് ഭാവിയിൽ നടക്കാൻ പോകുന്ന ഒരു കാര്യത്തെ ഇപ്പോഴേ പറഞ്ഞ് കുട്ടിയിൽ അരക്ഷിതത്വം ഉണ്ടാക്കുന്നത്.
കരച്ചിൽ തടഞ്ഞു നിർത്തേണ്ട
സങ്കടങ്ങളും പ്രശ്നങ്ങളും അവളെ കരയിച്ചേക്കാം, എന്നാൽ അവളെ കരയാൻ അനുവദിക്കുക. കാരണം അത്തരം വികാരങ്ങൾ പ്രകടിപ്പിച്ച് തീർക്കുക തന്നെ വേണം.
സ്നേഹം അവൾ അറിയട്ടെ
എത്രമാത്രം അവളെ സ്നേഹിക്കുന്നുവെന്ന് അവൾ അറിയുക തന്നെ വേണം, അതവളെ കൂടുതൽ സുരക്ഷിതത്വമുള്ളവളും ആത്മവിശ്വാസമുള്ളവളുമാക്കും.
Summary : Daughter, Parents, Empower Girl Child