കളിപ്പാട്ടമായ് കൺമണീ...കളിപ്പാട്ടങ്ങൾ തെരഞ്ഞെടുക്കാം മാനസിക വളർച്ചയെ മുൻനിർത്തി
കുട്ടികൾ ഉള്ള വീടുകളിലെ സ്ഥിരം കാഴ്ചയാണ് കളിപ്പാട്ടങ്ങൾ. ചെറുതും വലുതുമായ നിരവധി കളിപ്പാട്ടങ്ങൾ കൊണ്ട് വീടിന്റെ അകവും പുറവും നിറഞ്ഞിരിക്കും. ഇതിൽ പതുപതുത്ത പാവകളും, ബിൽഡിംങ് ബ്ലോക്കുകളും പ്ലാസ്റ്റിക്ക് കാറുകളും എല്ലാം ഉൾപ്പെടും. കുഞ്ഞുങ്ങളെ എളുപ്പത്തിൽ ആകർഷിക്കുന്ന ഏതൊരു കളിപ്പാട്ടവും അവർക്ക് വാങ്ങിക്കൊടുക്കാനാണ് മാതാപിതാക്കൾ ശ്രമിക്കാറുള്ളത്. എന്നാൽ കളിപ്പാട്ടങ്ങൾ വാങ്ങുമ്പോൾ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞിന് ഉപയോഗപ്രദമല്ലാത്ത, എന്നാൽ വിലയേറിയതുമായ കളിപ്പാട്ടങ്ങൾ വാങ്ങിയാൽ അതൊരു കാഴ്ചവസ്തുവായി മാത്രം ഒതുങ്ങിത്തീരും. അതിനാൽ കുഞ്ഞിന്റെ മാനസികമായ വളർച്ചയെ ത്വരിതപ്പെടുത്തുന്ന കളിപ്പാട്ടങ്ങൾ വേണം വാങ്ങുവാൻ. കളിപ്പാട്ടങ്ങൾ തെരഞ്ഞെടുക്കുമ്പോൾ താഴെപ്പറയുന്ന നാല് കാര്യങ്ങൾ ശ്രദ്ധിക്കുക
1. കൗതുകത്തിനപ്പുറം കുഞ്ഞിന് ഉപയോഗപ്രദമാണോ
കുഞ്ഞിന്റെ ഓരോ പ്രായത്തിനനുസരിച്ചുള്ള കളിപ്പാട്ടങ്ങൾ വേണം നൽകുവാൻ. മൂന്നുമാസം വരെ പ്രായമുള്ളപ്പോൾ ശബ്ദം കേൾക്കുന്ന കളിപ്പാട്ടങ്ങളാണ് നൽകേണ്ടത്. ഈ പ്രായത്തിൽ കുട്ടികൾ ഏറ്റവും കൂടുതലായി ശ്രദ്ധിക്കുന്നത് ശബ്ദമാണ്. ആറുമാസം വരെയുള്ള സമയത്ത് വിവിധ നിറത്തിലുള്ള പാവകളെ നൽകാം. കുഞ്ഞിന്റെ ആരോഗ്യത്തിനു ഹാനീകരമല്ലാത്ത വസ്തുക്കൾ കൊണ്ട് നിർമിച്ച പാവകളാകണം എന്നുമാത്രം.
2. സുരക്ഷിതമായ കളിപ്പാട്ടങ്ങൾ മാത്രം
എത്ര വിലയേറിയ കളിപ്പാട്ടമാണെങ്കിലും എത്ര മനോഹരമാണെങ്കിലും പ്രധാനം കുഞ്ഞിന്റെ സുരക്ഷയാണ്. കുഞ്ഞിന്റെ ശരീരം വളരെ മൃദുലമാണ്. അതിനാൽ ശരീരത്തിൽ പരുക്കേൽപ്പിക്കാത്തതും ഭാഗങ്ങൾ ഊരിപ്പോകാത്തതുമായ കളിക്കോപ്പുകൾ തെരഞ്ഞെടുക്കുക. പാവയുടെ കണ്ണുകൾ, മുത്തുകൾ എന്നിവ കുട്ടികളുടെ വായിൽപോയി നിരവധി അപകടങ്ങൾ ഉണ്ടാകാറുണ്ട്. അതിനാൽ കളിപ്പാട്ടങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി ഓർക്കുക.
3 പഠിക്കാൻ സഹായിക്കുന്ന കളിപ്പാട്ടങ്ങൾ
നമ്മുടെ ചുറ്റുപാടുമുള്ള സാഹചര്യങ്ങളിൽ നിന്നും ഓരോ പുതിയ പാഠങ്ങൾ പഠിച്ചുകൊണ്ടാണ് ഓരോ കുഞ്ഞും വളരുന്നത്. അതിനാൽ പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരം ഒരുക്കുന്ന കളിപ്പാട്ടങ്ങൾ വാങ്ങിനൽകാം. ഉദാഹരണമായി പറഞ്ഞാൽ കൈ കൊട്ടാനും തലയാട്ടാനും ചിരിക്കാനും വാക്കുകൾ അനുകരിക്കാനുമെല്ലാം കുഞ്ഞുങ്ങളെ സഹായിക്കുന്ന കളിപ്പാട്ടങ്ങൾ രണ്ട് വയസ്സ് വരെയുള്ള പ്രായത്തിൽ വളരെ നല്ലതാണ്. അത് പോലെ തന്നെ പാട്ടു കേൾക്കുന്ന കളിപ്പാട്ടങ്ങളും കുഞ്ഞുങ്ങളുടെ മാനസികമായ വളർച്ചക്ക് സഹായിക്കും. കളിപ്പാട്ടത്തിൽ നിന്നും പാട്ട് ആവർത്തിച്ചു കേൾക്കുമ്പോൾ അത് അവരുടെ മനസ്സിൽ പതിയുകയും അവർ പാടാൻ ശ്രമിക്കുകയും ചെയ്യുന്നു
4 കളിപ്പാട്ടങ്ങൾ കുഞ്ഞുങ്ങളുടെ ഇഷ്ടത്തിന് വാങ്ങുക
കളിപ്പാട്ടങ്ങൾ വാങ്ങുമ്പോൾ ഏറെകാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട് എന്ന് കരുതി, കുഞ്ഞിന് താല്പര്യമില്ലാത്ത കളിപ്പാട്ടങ്ങൾ വാങ്ങി നൽകുന്നത് ആയാസകരമല്ല. കുഞ്ഞുങ്ങൾ സന്തോഷമായിരിക്കുന്നത് ഏത് തരാം കളിപ്പാട്ടത്തിനൊപ്പമാണോ അത് വാങ്ങി നൽകുക. കളിപ്പാട്ടത്തിന്റെ സുരക്ഷാ മാത്രം ഈ സമയത്ത് പരിഗണിക്കുക. കുഞ്ഞുങ്ങളെ അടുത്തറിയാനും അവർക്കൊപ്പം സമയം ചെലവഴിക്കാനും കഴിയുന്ന മാതാപിതാക്കൾക്ക് മാത്രമേ ഇത്തരത്തിൽ മികച്ച കളിപ്പാട്ടങ്ങൾ അവർക്കായി തെരഞ്ഞെടുക്കാനും കഴിയൂ.