പ്രളയശേഷം കുട്ടികളുടെ ആരോഗ്യസുരക്ഷയ്ക്ക്

മഞ്ജു പി.എം

പ്രളയക്കെടുതിയിൽ നിന്നും മോചിതരായതിന്റെ ആശ്വാസം എല്ലാവരിലും ഉണ്ടെങ്കിലും, വീട്, പ്രദേശം, ദിനചര്യകൾ, ആരോഗ്യം അങ്ങനെയെല്ലാം പൂർവ്വസ്ഥിതിയിലാകാൻ ഇനിയും ദിവസങ്ങൾ നമുക്ക് വേണ്ടി വരും. ആരോഗ്യപരമായി ഒട്ടേറെ അസുഖങ്ങളും നേരിടേണ്ടി വരും. കുട്ടികൾക്കാണ് അസുഖങ്ങൾ പെട്ടെന്ന് ബാധിക്കുക. രാസവസ്തുക്കളും അണുജീവികളും എല്ലാം വളരെയധികം അന്തരീക്ഷത്തില്‍ ഉണ്ടാകും. അതെല്ലാം ശരീരത്തെ ബാധിക്കുമ്പോൾ നിരവധി സാംക്രമിക രോഗങ്ങളും പിടിപെടും.

∙ കുട്ടികളുടെ നാഡീവ്യൂഹ വ്യവസ്ഥകളും, രോഗപ്രതിരോധ ശേഷിയും, ദഹനവ്യവസ്ഥയുമെല്ലാം വികസിച്ചു വരുന്നതല്ലേയുള്ളൂ. അതിനാൽ അതെല്ലാം എളുപ്പത്തിൽ ഹാനികരവുമാകും. അതിനാൽ കുട്ടികൾ നന്നായി ആഹാരവും വെള്ളവും ദ്രവരൂപത്തിലുള്ള ഭക്ഷണങ്ങളും ധാരാളമായി കഴിക്കണം. മുതിർന്നവരേക്കാൾ അധികമായി നല്ല വായു ശ്വസിക്കാനുള്ള അവസരം കുട്ടികൾക്ക് നൽകണം. കൂടാതെ ഭക്ഷണവും വെള്ളവും വായുവുമെല്ലാം ശുദ്ധമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം.

∙ നീന്തി തുടങ്ങുന്നതും മുട്ടിലിഴയുന്ന പ്രായത്തിലുമുള്ള കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. കിട്ടുന്നതെല്ലാം അവർ വായിലിടും. അഴുക്കുള്ള നിലത്ത് സ്പർശിച്ച വിരലുകളും കുട്ടികൾ വായിലിടും. ഇത് എളുപ്പത്തിൽ രോഗങ്ങൾക്കിടയാക്കും.

∙ വെള്ളം കയറിയ വീടുകളിലെ ചുമരുകളും മരഉരുപ്പടികളും തുണികളും കാർപ്പെറ്റുകളുമെല്ലാം ഈർപ്പം നിറഞ്ഞവയായിരിക്കുമല്ലോ. അത് പൂപ്പൽ വളരുന്നതിന് ഇടയാകും. ഇത് കുട്ടികളിൽ മൂക്കടപ്പ്, കണ്ണ് ചുവക്കൽ, വെള്ളം വരൽ, ചൊറിച്ചിൽ, തുമ്മൽ തുടങ്ങി ആസ്ത്മയ്ക്ക് വരെ കാരണമായേക്കാം. നന്നായി സോപ്പും വെള്ളവും അണുനാശിനിയും ഉപയോഗിച്ച് വീടും സാധനങ്ങളും കഴുകി വൃത്തിയാക്കി വെയിൽ കൊള്ളിച്ച് ഉണക്കിയെടുത്താൽ പൂപ്പൽ വരുന്നത് ഒഴിവാക്കാം. ഈർപ്പം നന്നായി വലിച്ചെടുത്ത കുഷ്യനുകൾ, കിടക്ക, കാർപ്പെറ്റുകൾ, പേപ്പറുകൾ എന്നിവയൊക്കെ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.

∙ വൈദ്യുതിയില്ലാത്ത സമയത്ത് ഗ്യാസോ ഡീസലോ ഉപയോഗിച്ചുള്ള ജനറേറ്ററുകൾ വീടുകളിൽ പ്രവർത്തിപ്പിക്കുമ്പോൾ വീടിന്റെ ജനലുകളും വാതിലുകളും നന്നായി തുറന്നിടാന്‍ ശ്രമിക്കുക. ജനറേറ്ററുകൾ പ്രവർത്തിക്കുമ്പോൾ പുറത്തു വരുന്ന കാർബൺ മോണോക്സൈഡ് കുട്ടികളിൽ തലവേദന, നെഞ്ചുവേദന എന്നിവയ്ക്കിടയാക്കും. വളരെ ചെറിയ കുട്ടികളിൽ ത്വക്കിൽ നിറവ്യത്യാസം വന്ന് ചുമക്കുന്നതിനും കാർബൺ മോണോക്സൈഡ് ഇടയാക്കും.

∙ കുട്ടികൾക്കും മുതിർന്നവർക്കും കുടിക്കാനുള്ള വെള്ളം കുറഞ്ഞത് ഒരു മിനിട്ടെങ്കിലും നന്നായി തിളപ്പിച്ചതിനുശേഷം മാത്രം ഉപയോഗിക്കുക. തിളപ്പിച്ചാലും വെള്ളത്തിൽ കലർന്നിട്ടുള്ള ലെഡിന്റെ അംശം പോയതായും രോഗാണുക്കൾ നശിച്ചതായും പൂർണ്ണമായി ഉറപ്പുവരുത്താനാകില്ല. അതിനാൽ കിണർ വെള്ളത്തിൽ ക്ലോറിനോ ബ്ലീച്ചിംഗ് പൗഡറോ അയഡിനോ ഇട്ട് വെള്ളം ശുദ്ധീകരിച്ചതിനു ശേഷം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. ശുദ്ധമല്ലാത്ത വെള്ളം കുടിച്ചാൽ കുട്ടികളിൽ വയറിളക്കം, ഛർദ്ദി, പ്രതിരോധ ശേഷി തകരാറിലാകൽ എന്നിവയ്ക്ക് ഇടയാകും.

∙ കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങൾ, പാൽക്കുപ്പി, ഭക്ഷണം കൊടുക്കുന്ന മറ്റ് പാത്രങ്ങൾ എന്നിവയൊക്കെ എത്രയൊക്കെ കഴുകിയെടുത്താലും അണുവിമുക്തമാണെന്ന് ഉറപ്പിക്കാനാകില്ല, കളയുന്നതാണ് നല്ലത്.

∙ കെട്ടിക്കിടന്ന വെള്ളത്തിലും ചെളിയിലും ചവിട്ടി എലിപ്പനി, വളംകടി എന്നിവ വരാനും സാധ്യത കൂടുതലാണ്. പാമ്പ്, പഴുതാര, തേൾ തുടങ്ങി വിഷജീവികളുടെ സ്പർശനത്തിനിടവരാനും സാധ്യതയുണ്ട്. ഇതെല്ലാം മുൻകൂട്ടി മനസ്സിലാക്കി, ആരോഗ്യവകുപ്പിൽ നിന്ന് വേണ്ട ഉപദേശം സ്വീകരിച്ച് പ്രതിരോധ മരുന്നുകൾ കൈവശം സൂക്ഷിക്കുക.

∙ കൊതുകുശല്യം വളരെയധികം കൂടാനിടയുള്ളതിനാൽ കുട്ടികളെ കൊതുകുവലയ്ക്കുള്ളിൽ തന്നെ കിടത്തിയുറക്കുക. ശരീരം നന്നായി മറയ്ക്കുന്ന വസ്ത്രങ്ങൾ ഇടീക്കുക. കൊതുകിനെ പ്രതിരോധിക്കാനുള്ള മരുന്നുകൾ വീടുകളിൽ തളിയ്ക്കുന്നതും, പുകയ്ക്കുന്നതും, കെമിക്കൽ ലിക്വിഡുകൾ കറണ്ടിൽ പ്രവർത്തിപ്പിക്കുന്നതുമൊക്കെ മൂന്നുവയസ്സിനു താഴെയുള്ള കുട്ടികളുടെ ശ്വസനവ്യവസ്ഥയെ ബാധിക്കും. അതിനാൽ കൊതുകു വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്.

രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോഴേ ചികിത്സ തേടുന്നതാണ് അഭികാമ്യം. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ചാൽ ഒരു പരിധിവരെ രോഗങ്ങളെയകറ്റി നിർത്താൻ ഈ പ്രളയാനന്തര കാലത്തിൽ നമുക്ക് സാധിക്കും. ‍