ശാരീരിക

ശാരീരിക ലൈംഗിക അക്രമങ്ങളെപ്പറ്റി കുട്ടികളോട് പറയേണ്ട പ്രായം

ലക്ഷ്മി നാരായണൻ

വാർത്ത ചാനലുകൾ നോക്കിയാലും പത്രം തുറന്നാലും ഇന്ന് നിറഞ്ഞു കേൾക്കുന്നതും കാണുന്നതും കുട്ടികൾക്ക് നേരെയുള്ള ശാരീരിക ലൈംഗിക അതിക്രമങ്ങളെപ്പറ്റിയാണ്. ഇത്തരം ചൂഷണങ്ങൾ തിരിച്ചറിയാനുള്ള പ്രായം കുട്ടികൾക്ക് ആയിട്ടില്ല എന്നതും അവർ പരാതി പറയാനുള്ള സാധ്യത കുറവാണ് എന്നതുമാണ് കുട്ടികൾക്ക് എതിരെയുള്ള ഉപദ്രവങ്ങൾക്ക് കാരണമാകുന്നത്. എന്നാൽ വീട്ടിൽ നിന്നും ചിട്ടയായ പരിശീലനം നൽകുകയാണെങ്കിൽ ഡെ കെയർ, സ്‌കൂൾ, പൊതുസ്ഥലങ്ങൾ, ബന്ധുക്കളുടെ വീട് തുടങ്ങിയയിടങ്ങളിൽ നിന്നും കുട്ടികൾ നേരിടുന്ന അതിക്രമങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും.

സ്വന്തം ശരീരത്തിന്റെ അധിപൻ താൻ തന്നെയാണ് എന്നും തന്റെ സമ്മതം കൂടാതെ ആരും ശരീരത്തിൽ തൊടുന്നത് ശരിയല്ല എന്നുമുള്ള തിരിച്ചറിവാണ് ഇവിടെ പ്രധാനം. എന്നാൽ പല മാതാപിതാക്കൾക്കും ഏത് പ്രായത്തിലാണ് കുട്ടികളോട് ഉത്തരം കാര്യങ്ങൽ സംസാരിക്കേണ്ടത് എന്ന കാര്യത്തിൽ ഇന്നും സംശയമാണ്. പഠനങ്ങൾ വ്യക്തമാക്കുന്നത് മൂന്നു വയസ് മുതൽ കുട്ടികൾക്ക് തന്റെ ശരീരത്തെ കുറിച്ചതും സ്വകാര്യതയെക്കുറിച്ചും ബോധമുണ്ട് എന്നാണ്.

അതായത് അങ്കണവാടിയിൽ പോകുന്ന പ്രായം മുതൽക്ക് തന്നെ മാതാപിതാക്കൾ കുട്ടികളെ തങ്ങളുടെ ശരീരത്തെ പറ്റി ബോധവാന്മാരാക്കണം. ഗുഡ് ടച്ച്, ബാഡ് ടച്ച് തുടങ്ങിയ രണ്ട് ടൂളുകൾ ഇതിനായി ഉപയോഗിക്കാം. ഗുഡ് ടച്ച് എന്നാൽ അച്ഛൻ, 'അമ്മ, സഹോദരങ്ങൾ എന്നിവർ ഏറെ സ്നേഹത്തോടെയും ലാളനയോടെയും തൊടുന്നതാണ് എന്ന് മനസിലാക്കിക്കണം. ശരീരത്തിലെ ബാഡ് ടച്ച് പോയിന്റുകളായ ലിപ്സ്, മൗത്ത്, ചെസ്റ്റ് , ബട്ടക്സ്, തുടങ്ങിയ ഇടങ്ങളിൽ മാതാപിതാക്കൾ അല്ലാത്തയാളുകൾ തൊടുന്നതാണ് ബാഡ് ടച്ച്.

ശരീരത്തിന്റെ സ്വകാര്യതയെക്കുറിച്ചുള്ള അടിസ്ഥാനപരമായ ഈ കാര്യം അറിഞ്ഞിരുന്നാൽ തന്നെ തങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണോ അല്ലയോ എന്ന് മനസിലാക്കാൻ കുഞ്ഞിന് കഴിയും. ഇത്തരം അവസ്ഥകളിൽ മാതാപിതാക്കളോടോ അധ്യാപകരോടോ തന്നെ സഹായിക്കും എന്നുറപ്പുള്ള വ്യക്തികളോടോ കാര്യങ്ങൾ തുറന്നു പറയാനുള്ള ധൈര്യം കുട്ടികൾക്ക് മാതാപിതാക്കൾ തന്നെ പകർന്നു നൽകണം.

മക്കളുടെ മേൽ മാതാപിതാക്കൾക്കുള്ള ശ്രദ്ധയും കണിശതയുമാണ് അവരെ വിവിധങ്ങളായ അപകടങ്ങളിൽ നിന്നും രക്ഷിക്കുന്നത് എന്ന് മുൻകൂട്ടി മനസിലാക്കുക. കുട്ടികൾ എന്തു ചെറിയ കാര്യം പറയാൻ വന്നാലും സമയക്കുറവാണ് എന്നു പറഞ്ഞുകൊണ്ട് അതിനെ അവഗണിക്കാതിരിക്കുക. എന്തിനും ഏതിനും ചീത്തപറയുകയും ശകാരിക്കുകയും ചെയ്യുന്ന സ്വഭാവമുള്ളവരാണ് എങ്കിൽ അത് മാറ്റുക. പേടിയില്ലാത്ത മാതാപിതാക്കളോട് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ് ഒരു കുഞ്ഞിന് ആദ്യം നൽകേണ്ടത്

Summary : Tips for Talking to Children About Child Abuse