ജോലിയും മാതൃത്വവും ബാലൻസ് ചെയ്യാൻ!

അമ്മയാകുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും കൂടുതൽ ഉത്തരവാദിത്വം ഉള്ള ഒരു കാര്യമാണ്. അമ്മയാകുന്നതോടെ ഒരു സ്ത്രീ തന്റെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കാലെടുത്തു വയ്ക്കുന്നു. അവളുടെ  ചിന്തകൾ മാറുന്നു, മുൻഗണകൾക്ക് വ്യത്യാസം വരുന്നു, താൽപര്യങ്ങൾ വേറിട്ടതാകുന്നു. അവളുടെ ലോകം കുഞ്ഞിൻറേതായി മാറുന്നു. കുഞ്ഞിന് വേണ്ടി മാത്രം ജീവിക്കുമ്പോൾ അവൾ ഒരു തികഞ്ഞ അമ്മയാകുന്നു. ജോലിയും മാതൃത്വവും കൂടി ബാലൻസ് ചെയ്യേണ്ടി വരുന്ന ഘട്ടത്തിലാണ് പല അമ്മമാർക്കും താളം തെറ്റുന്നത്. 

തനിക്കും കുടുംബത്തിനും നല്ലൊരു ജീവിതവും സാമ്പത്തിക ഭദ്രതയും ലക്ഷ്യമിട്ടുകൊണ്ടാണ് ഓരോ  അമ്മയും കുഞ്ഞിനെ വേർപിരിഞ്ഞു ജോലിക്ക് പോകുന്നത്. തിരിച്ചറിവ്  ഇല്ലാത്ത പ്രായത്തിൽ ഈ മാറ്റി നിർത്തൽ കുഞ്ഞു അംഗീകരിച്ചു എന്ന് വരും. എന്ന് കരുതി, വളർച്ചയുടെ പലഘട്ടങ്ങളിലും ഈ വേർപിരിയൽ അവനു അംഗീകരിക്കാനാകുമെന്ന് പറയാനാവില്ല. 

'' അമ്മയ്ക്ക് എന്നെ ഇഷ്ടമല്ല, അമ്മയ്ക്ക് ചേട്ടനോടാണ് ഇഷ്ടം, 'അമ്മ എന്താ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കാത്തത്, 'അമ്മ ജോലിക്ക് പോവണ്ട, ഇങ്ങനെ പലവിധ പരാതി പറച്ചിലുകൾ ഒടുവിൽ ചെന്നവസാനിക്കുന്നത് ജോലി മൂലം കുഞ്ഞിൽ നിന്നും മാനസികമായി അമ്മമാർ അകന്നു തുടങ്ങുന്നു എന്ന യാഥാർഥ്യത്തിലേക്കാണ് . ജീവിക്കാൻ പണം വേണം വളരെ ശരിയാണ്, എന്നാൽ അതിനായുള്ള നെട്ടോട്ടത്തിനിടയിൽ ഒരിക്കൽ പോലും മറന്നു പോകരുത് കുഞ്ഞിന്റെ മനസ്സിന്റെ വേദന.

കുഞ്ഞുങ്ങളിൽ നിന്നും മാനസികമായി അകന്നു എന്ന തോന്നൽ ഒഴിവാക്കാൻ ജോലിക്കാരായ അമ്മമാർക്ക് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം 

1 .യാത്ര പറയാതെ പോകരുത് - 'അമ്മ ഓഫീസിലേക്കാണ് പോകുന്നത്. വൈകുന്നേരം വരും എന്ന വാക്ക് കുഞ്ഞിന്റെ മനസിലെ ഉത്കണ്ഠകൾ മാറ്റും. അമ്മമാർ യാത്ര പറയാതെ പോകുന്ന പക്ഷം, 'അമ്മ എവിടെ പോയി എന്ന ചിന്ത കുഞ്ഞിന്റെ മനസ്സിൽ അവശേഷിക്കും. അത് പിന്നീട് അവന്റെ ചിന്തകളെ ബാധിക്കും. 

2. കുഞ്ഞിന് സമയം നൽകുക - തിരക്കുകൾ പറഞ്ഞു കൊണ്ട് കുഞ്ഞിന്റെ കളിചിരിയിൽ നിന്നും ഒഴിഞ്ഞുമാറാതെ, അവനോടൊപ്പം കളിക്കാനും ചിരിക്കാനും അവസരം കണ്ടെത്തുക. കുഞ്ഞിന്റെ ഒപ്പം കളിക്കുന്നത് അവന്റെ നല്ല ചിന്തകളെ ഉണർത്തും. 'അമ്മ തന്നോടൊപ്പം ഉണ്ടെന്ന ചിന്ത അവനെ കൂടുതൽ ഉത്സാഹിയാക്കും 

3. കുഞ്ഞു വാക്കുകൾക്ക് ചെവി കൊടുക്കുക - പ്ളേ സ്‌കൂളിലെ വിശേഷങ്ങൾ, പുതുതായി പഠിച്ച പാട്ടുകൾ , കൂട്ടുകാരന്റെയോ കൂട്ടുകാരിയുടെടെയോ പിറന്നാൾ വിശേഷങ്ങൾ അങ്ങനെ പല കാര്യങ്ങളും കുഞ്ഞുങ്ങൾക്ക് അമ്മമ്മാരോട് പങ്കുവയ്ക്കാനുണ്ടാകും. തിരക്ക് കാരണം, ഇവയ്ക്ക് ചെവികൊടുക്കാതെ, അച്ഛനോട് പോയി പറയു, പിന്നെ സംസാരിക്കാം എന്നൊന്നും പറഞ്ഞു കളയല്ലേ, അത് മതി ആ കുഞ്ഞു മനസ് നോവിക്കാൻ. 

4. എന്തിനും ഏതിനും ആയയെ വിളിക്കല്ലേ - കുഞ്ഞിന്റെ കാര്യങ്ങൾ എല്ലാം നോക്കാൻ ജോലിക്കാരായ അമ്മമാർക്ക് സാധിച്ചു എന്ന് വരില്ല. എന്ന് കരുതി എന്തുകാര്യത്തിനും ജോലിക്കാരികളെയോ ആയമാരെയോ വിളിച്ചു വരുത്തുന്നത് അത്ര നല്ല സ്വഭാവമല്ലാട്ടോ അമ്മമാരേ... 

5.  ഭക്ഷണം അമ്മയ്‌ക്കൊപ്പം - ഭർത്താവിന്റെ ഹൃദയത്തിലേക്കുള്ള വഴി വയറുവഴിയാണ് എന്ന് ആരോ പറഞ്ഞിട്ടുണ്ട്, മക്കളുടെ കാര്യത്തിലും ഈ കണ്ടു പിടുത്തം വളരെ ശരിയാണ്. 'അമ്മ വച്ച ഭക്ഷണം, 'അമ്മ വാരിത്തന്ന ചോറ് ...ഇതൊക്കെയാണ് കുഞ്ഞുമനസ്സ് ഓർക്കാൻ ആഗ്രഹിക്കുന്നത്. 

6. സമയക്രമം പാലിക്കാം- നൂറു ജോലിത്തിരക്കാണ്. അതിനിടയ്ക്ക് കാര്യങ്ങൾ ഒന്നും ശരിക്ക് നടക്കുന്നില്ല എന്ന പരാതി വേറെ. സംഭവം ഒക്കെ ശരിതന്നെ, ഈ പ്രശനം പരിഹരിക്കാൻ കൃത്യമായ ഒരു ടൈം ടേബിൾ ഉണ്ടാക്കാം . അതനുസരിച്ച് പ്രവർത്തങ്ങൾ ക്രോഡീകരിക്കാം. ടൈം ടേബിൾ എഴുതുമ്പോൾ കുഞ്ഞിനൊപ്പം ചെലവഴിക്കാനുള്ള സമയത്തിനു മുൻഗണന നൽകുക 

7. ഇടക്കൊരു ഔട്ടിംഗ് ആവാം - അമ്മയുടെ കൂടെ ഒന്ന് നാട് ചുറ്റാൻ ആഗ്രഹിക്കാത്ത ആരാണ് ഉള്ളത്. അത് അമ്മയെയും കുഞ്ഞിനേയും കൂടുതൽ അടുപ്പിക്കും. അടുത്തുള്ള പാർക്കോ, ബീച്ചോ, ഐസ്ക്രീം പാർലറോ ഒക്കെ ഇതിനായി കണ്ടു വയ്ക്കാം. 

8. ഉറക്കം ഒരുമിച്ചു മാത്രം മതി - ജോലിക്കാരായ അമ്മമാർ തങ്ങളുടെ ദൈനം ദിന ജീവിതത്തിന്റെ ഭൂരിഭാഗം സമയവും കുഞ്ഞിൽ നിന്നും വിട്ടാണ് നിൽക്കുന്നത്. ആയതിനാൽ, വീട്ടിൽ എത്തി ഉറങ്ങുന്ന സമയം അവനോടൊപ്പം ആവാൻ ശ്രദ്ധിക്കുക. കഥ പറഞ്ഞും പട്ടു പാടിയും കെട്ടിപ്പിടിച്ച് കിടന്നുറങ്ങുമ്പോൾ അത് അമ്മയും കുഞ്ഞും തമ്മിലെ ആത്മബന്ധം  ശക്തമാക്കും.