കണക്കില്‍ കുഞ്ഞുങ്ങളെ സൂപ്പറാക്കാം; ഇതാ അതിനുള്ള താക്കോല്‍

കുട്ടികളെ കണക്കുപടിപ്പിക്കല്‍ പലയിടത്തും ഒരു കീറാമുട്ടിയാണ്. പക്ഷെ കണക്കിനെ ഒന്നും ഒന്നും കൂട്ടിയാല്‍ രണ്ട് എന്ന വിധം ലളിതമാകാന്‍ ചില പൊടികൈകളുണ്ട്. അങ്ങനെയായാല്‍ കണക്ക് കുട്ടികള്‍ക്ക് ആസ്വദിച്ച് പഠിക്കാന്‍ കഴിയുന്ന ഒന്നാവും. മുതിര്‍ന്ന കുട്ടികളില്‍ കണക്കിനോട് താല്‍പ്പര്യം ജനിപ്പിക്കുന്നതിനേക്കാള്‍ എളുപ്പമാണ് കൊച്ചു കുട്ടികളില്‍ അതുണ്ടാക്കാന്‍.

മാത്രവുമല്ല ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ കണക്കിനോട് കുട്ടിക്ക് സ്‌നേഹമുണ്ടായാല്‍ മുതിര്‍ന്നാലും അതങ്ങനെയാവാനുള്ള സാധ്യത കൂടുതലാണ്.

ചുറ്റുപാടുകളില്‍ നിന്നും പഠിക്കാം

പുസ്തകത്തിനകത്തു നോക്കി പഠിക്കുന്ന ഒരു വിഷയം എന്ന രീതി ഒന്ന് മാറ്റി ചുറ്റും കാണുന്ന വസ്തുക്കള്‍ ഉപയോഗിച്ചുള്ള കളിയായി കണക്കെന്ന വിഷയത്തെ കുഞ്ഞിന് പരിചയപ്പെടുത്താം. ബട്ടന്‍സോ, നാണയങ്ങളോ, പഴങ്ങളോ, മരങ്ങളോ ഒക്കെ ഇതിനായി ഉപയോഗപ്പെടുത്താം. കുട്ടികളെ എണ്ണം പഠിപ്പിക്കുമ്പോഴും കൂട്ടാനും കിഴിക്കാനും പഠിപ്പിക്കുമ്പോഴും ഈ രീതി അവലംബിച്ചാല്‍ കണക്കു ഒരു കളിയായി മാത്രമേ കുട്ടിക്ക് തോന്നുകയുള്ളൂ.

മാത്തമാറ്റിക്കൽ ഗെയിമുകള്‍ ഉപയോഗിക്കാം

നല്ല നിലവാരമുള്ള കുട്ടികളിലെ മാത്തമാറ്റിക്കലും ലോജിക്കലുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന ഗെയിമുകള്‍ പരിചയപെടുത്തുന്നതും വാങ്ങിച്ചുകൊടുക്കുന്നതും നല്ലതായിരിക്കും. ഇന്ന് മാര്‍ക്കറ്റില്‍ ഇത്തരം ഗെയിമുകള്‍ സുലഭമാണ്. ചെറിയ കുട്ടികള്‍ക്ക് അബാക്കസ് വാങ്ങിച്ചുകൊടുക്കുന്നതും നല്ലതാണ്.

കേക്ക് മുറിച്ചും പഠിക്കാം

കുട്ടിയെകൊണ്ട് കേക്കിനെ പകുതിയായി മുറിപ്പിക്കാം. പിന്നെ വിലങ്ങനെ മുറിച്ചു നാലില്‍ ഒന്നെന്നെതെന്തെന്ന് പഠിപ്പിക്കാം, അതുപോലെ തന്നെ മുക്കാല്‍ ഭാഗം എന്താണെന്നും പറഞ്ഞുകൊടുക്കാം. അങ്ങനെ ചെയ്യുമ്പോള്‍ കുട്ടിയുടെ മനസ്സില്‍ പതിയുന്ന ദൃശ്യങ്ങള്‍ ക്ലാസില്‍ ഫ്രാക്ഷന്‍ പോലെയുള്ള ടോപിക്‌സ് പഠിപ്പിക്കുമ്പോള്‍ അവന് അല്ലെങ്കില്‍ അവള്‍ക്ക് കാര്യങ്ങള്‍ എളുപ്പം മനസിലാക്കാന്‍ സഹായകരമാകും.

പല രീതികള്‍ പരീക്ഷിക്കാം

ചില കുട്ടികള്‍ക്ക് നാണയങ്ങളോ മിഠായികളോ പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചു കൂട്ടലും കിഴിക്കലും പഠിക്കുന്നത് എളുപ്പമാവുമ്പോള്‍ മറ്റു ചിലര്‍ക്കു ഫ്‌ളാഷ് കാര്‍ഡുകളില്‍ 2 + 3 = 5 എന്ന് എഴുതി കാണിക്കുന്നതാവും മനസിലാക്കാന്‍ എളുപ്പം. അതുകൊണ്ടു തന്നെ വ്യത്യസ്തങ്ങളായ രീതികള്‍ പരിശോധിച്ച് കുട്ടിക്ക് ഏറ്റവും അനുയോജ്യം ഏതെന്നു കണ്ടുപിടിക്കേണ്ടതുണ്ട്.

നിത്യജീവിതത്തിന്റെ ഭാഗമാക്കാം

കണക്കിന്റെ ബാലപാഠങ്ങള്‍ എല്ലാം തന്നെ നിത്യ ജീവിതത്തിലെ സാഹചര്യങ്ങളില്‍ നിന്നും പഠിപ്പിക്കാവുന്നതാണ്. അത് തന്നെയാണ് മാതാപിതാക്കള്‍ക്ക് അവലംബിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല രീതിയും.

ചില ഉദാഹരണങ്ങള്‍ പറയാം.

ട്രാഫിക് സിഗ്‌നല്‍ കാത്ത് കിടക്കുമ്പോള്‍ ഏതെല്ലാം കളറില്‍ ഉള്ള എത്ര കാറുകള്‍ കുറുകെ കടന്നു പോയെന്നു കുട്ടിയെകൊണ്ട് എണ്ണിപ്പിക്കാം.

സൂപ്പര്‍മാര്‍ക്കറ്റില്‍ പോകുമ്പോള്‍ ചോക്ലേറ്റ് വാങ്ങി നല്‍കുന്നതിന് മുന്‍പ് 100 രൂപയ്ക്കു 10 രൂപയുടെ എത്ര പാക്കറ്റ് ചോക്ലേറ്റ് വാങ്ങിക്കാന്‍ കഴിയുമെന്ന് കുട്ടിയെകൊണ്ട് പറയിപ്പിക്കാം.

അതുപോലെ അറുപതു രൂപയുടെ ഐസ്‌ക്രീം വാങ്ങുമ്പോള്‍ നൂറുരൂപ കൊടുത്താല്‍ എത്ര ബാക്കികിട്ടുമെന്നു കുഞ്ഞിനോട് തന്നെ ചോദിക്കാം.

ഏതെങ്കിലും കളിപ്പാട്ടത്തിനു ഇരുപത്തിയഞ്ച് ശതമാനം ഓഫര്‍ ഉണ്ടെന്നു കണ്ടാല്‍ അതിന്റെ വില പറിഞ്ഞിട്ടു ഇനി എത്ര കൊടുക്കേണ്ടി വരുമെന്ന് ചോദിക്കാം.

ഒരാള്‍ക്ക് കൊടുത്ത ഭക്ഷണത്തിന്റെ മുക്കാല്‍ ഭാഗമേ കഴിച്ചിട്ടുള്ളുവെന്നു പറയുമ്പോള്‍ ബാക്കി എത്ര ഭാഗം ഉണ്ടാവും എന്ന് ചോദിക്കാം.

നമ്മുടേതല്ലാത്തൊരു ഭാഷയില്‍ ഒട്ടും പരിചിതമല്ലാത്ത സന്ദര്‍ഭങ്ങളുമായി ബന്ധപ്പെടുത്തി തുടക്കത്തിലേ പഠിപ്പിക്കുന്നതാണ് കണക്കിനെ പല കുട്ടികള്‍ക്കും കീറാമുട്ടിയാക്കുന്നത്. മുതിര്‍ന്നവര്‍ ഒന്ന് മനസുവെച്ചാല്‍ ഈ കീറാമുട്ടിയെ രസകരമായൊരു കളിയാക്കാന്‍ സാധിക്കും.