അച്ഛൻ വിദേശത്തുള്ള കുട്ടികളെ വളർത്തേണ്ടത് എങ്ങനെ?, Father, Abroad, Good Parents, Tension Free, Manorama Online

അച്ഛൻ വിദേശത്തുള്ള കുട്ടികളെ വളർത്തേണ്ടത് എങ്ങനെ?

അച്ഛനമ്മമാർ ഒരുമിച്ചു നിന്ന്, അവരുടെ കരുതലും സ്നേഹവും ഒരുപോലെ പകർന്നു നൽകിയാണ് കുട്ടികളെ വളർത്തേണ്ടത്.കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും കഴിവുകളിലുമെല്ലാം ഇത് പ്രതിഫലിക്കുകയും ചെയ്യും. എന്നാൽ ഇന്നത്തെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ അച്ഛനമ്മമാർക്ക് എല്ലായ്പ്പോഴും മക്കളുടെ കൂടെ നിൽക്കാൻ കഴിഞ്ഞു എന്ന് വരില്ല. പ്രത്യേകിച്ച് അച്ഛന്മാർക്ക്. വിദേശത്ത് ജോലി തേടിപ്പോകുന്ന അച്ഛന്മാർ ഒരുപക്ഷെ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് മക്കളെ ആയിരിക്കും.

എന്നാൽ വളരുന്ന കാലഘട്ടത്തിൽ അച്ഛന്മാർ കൂടെയില്ല എന്നത് കാരണം മക്കൾക്ക് ഈ വിഷമം മനസിലായി എന്ന് വരില്ല. ഈ അവസ്ഥയിൽ അച്ഛനെയും മക്കളെയും പരസ്പരം ഇണക്കത്തിൽ നിർത്തുക എന്നത് അമ്മമാർക്കും വീട്ടുകാർക്കും മുന്നിലുള്ള ഉത്തരവാദിത്വമാണ്. വിദേശത്തു നിന്നും അവധിക്കായി നാട്ടിലെത്തുന്ന അച്ഛനോട് നാട്ടിൽ വളരുന്ന മക്കൾക്ക് ഒരു അറ്റാച്ച്മെന്റ് ഇല്ല എന്നത് നാം സ്ഥിരം കേൾക്കുന്ന പരാതിയാണ്. ഈ അവസ്ഥ മറികടക്കണമെങ്കിൽ അമ്മയുടെ ഭാഗത്ത് നിന്നും ചില ബുദ്ധിപൂർവമായ ഇടപെടലുകൾ ഉണ്ടായേ തീരൂ

1. അച്ഛന്റെ അസാന്നിധ്യം കുട്ടികളെ അറിയിക്കാതിരിക്കുക എന്നതാണ് പ്രധാനം. ഇത് ടെക്‌നോളജിയുടെ കാലമാണ്. സ്‌കൈപ്പ് വഴിയും മറ്റും വീഡിയോ കോളിങ് നടത്തി എന്ന് അച്ഛനുമായി വിശേഷം പങ്കുവയ്പ്പിക്കണം. കുട്ടികളുടെ പഠനം, കൂട്ടുകാരുടെ വിശേഷം തുടങ്ങിയ കാര്യങ്ങൾ അമ്മയോട് പറയുന്നത് പോലെ തന്നെ അച്ഛനോട് പറയാനും അവസരമുണ്ടാക്കണം.

2. അച്ഛനും അമ്മയും കുട്ടിയും ചേർന്ന് വേണം വിഡിയോ കോളിങ് നടത്താൻ. അച്ഛനും അമ്മയും ഒപ്പമുണ്ട് എന്ന വിചാരം കുട്ടികൾക്ക് നൽകാൻ ഇത് സഹായിക്കും.

3. പഠനം, വസ്ത്രം, കളിപ്പാട്ടം എന്ന് വേണ്ട കുട്ടിയുമായി ബന്ധപ്പെട്ട എന്ത് കാര്യത്തിൽ തീരുമാനം എടുക്കുമ്പോഴും അച്ഛന്റെ കൂടി അഭിപ്രായം മുഖവിലയ്ക്ക് എടുക്കണം. അച്ഛന് തന്റെ കാര്യത്തിൽ ശ്രദ്ധയുണ്ടെന്ന തോന്നൽ കുട്ടിക്കുണ്ടാവണം.

4. അത് പോലെ തന്നെ വാട്സാപ്പ് വഴി കുട്ടിക്ക് മാത്രമായി പാട്ടുകൾ പാടി അയക്കുക, ഓഡിയോ സന്ദേശമയക്കുക തുടങ്ങിയ കാര്യങ്ങൾ അച്ഛൻ അടുത്തില്ല എന്ന തോന്നലിനെ ഒഴിവാക്കും.

5. അച്ഛൻ നാട്ടിലെത്തുമ്പോൾ ചെയ്യുന്ന കാര്യങ്ങളെ പറ്റി കുട്ടിയോട് സംസാരിക്കുക, അച്ഛൻ നാട്ടിലെത്താൻ കാത്തിരിക്കുന്നതിനു അതൊരു കാരണമാകും.

6. അത് പോലെ തന്നെ അച്ഛന്റെ ഇഷ്ടാനിഷ്ടങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കാൻ ശ്രമിക്കുക.

7. എന്താവശ്യപ്പെട്ടാലും പണം നൽകി വാങ്ങിത്തരുന്ന ആളാണ് വിദേശത്ത് ജോലി ചെയ്യുന്ന അച്ഛൻ എന്ന ധാരണ കുട്ടികളിൽ ഉണ്ടാക്കരുത്. എന്ത് കാര്യത്തിലും മിതത്വം വേണം.

Summary : Father, Abroad, Good Parents, Tension Free