രണ്ടാം വയസിൽ ലോകറെക്കോര്‍ഡ്! ഓർമ അപാരം!

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേര് തെറ്റുകൂടാതെ പറയാൻ മുതിർന്നവർ പോലും ഒന്ന് ശങ്കിച്ചേക്കും. എന്നാൽ രണ്ടുവയസുകാരി മീത് അമര്യ ഗുലാത്തിക്ക് അതത്ര വലിയ കാര്യമൊന്നുമല്ല. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും കാര്യത്തിൽ മീതിന് സംശയം ലവലേശമില്ല. വെറും ഒരു മിനിറ്റുകൊണ്ട് മീത് അവ‍ മുഴുവൻ പറ‍ഞ്ഞുതീർക്കും. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പേര് പറയുന്ന ഇന്ത്യക്കാരിയായ ഏറ്റവും ചെറിയ വ്യക്തിയെന്ന ലോക റെക്കോര്‍ഡും ഇവൾക്കു സ്വന്തം.

ഡൽഹി സ്വദേശിയാണ് മീത്. അമ്മ ഉർവശി ഗുലാത്തിയാണ് ഗുരു. മീതിന് ഏഴു മാസമുള്ളപ്പോൾ മുതല്‍ ഉർവശി പഠിപ്പിച്ചു തുടങ്ങി. രണ്ടു വയസായപ്പോഴേക്കും മീതിന് എല്ലാ സംസ്ഥാനങ്ങളുടെയും സംസ്ഥാന തലസ്ഥാനങ്ങളുടെയും പേരുകൾ മന:പാഠമായി. ഡൽഹിക്കകത്തും പുറത്തും നടന്ന നിരവധി മത്സരങ്ങളില്‍നിന്ന് ഇതിനോടകം ധാരാളം സമ്മാനങ്ങൾ ഈ കൊച്ചുമിടുക്കി വാരിക്കൂട്ടിയിട്ടുണ്ട്.

സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേര് പറയുന്നതു മാത്രമല്ല, ഗായത്രീ മന്ത്രവും മഹാമൃത്യുഞ്ജയ മന്ത്രവും തെറ്റു കൂടാതെ മീത് ചൊല്ലും. മകളുടെ ഓർമ്മശക്തി അപാരമാണെന്നും വേഗത്തിൽ കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള കഴിവുണ്ടെന്നും മാതാപിതാക്കൾ പറയുന്നു. മീതിനെ ഇനിയും ഒരുപാട് മത്സരങ്ങളിലും ടെലിവിഷൻ പരിപാടികളിലും പങ്കെടുപ്പിക്കണമെന്നാണ് അച്ഛൻ രാഹുൽ ഗുലാത്തിയുടെ ആഗ്രഹം