ഫുട്‌ബോൾ കാണാൻ വച്ച കാശാ.., തവിടുപൊടിയാക്കി!!

പുന്നാര മക്കൾ കൊച്ചു കൊച്ചു കുസൃതി കാണിക്കുമ്പോൾ നമ്മൾ ചിരിച്ചു രസിച്ച് പ്രോൽസാഹിപ്പിക്കും. കുസൃതി ഇത്തിരി ഗൗരവപ്പെട്ടതാണെങ്കിലോ.. എന്തു ചെയ്യാം കുഞ്ഞായിപ്പോയില്ലേ.. ഇതേ അവസ്ഥയിലാണ് അമേരിക്കയിൽ സോൾട്ട് ലേക്കിലെ ദമ്പതികൾ. 1060 ഡോളറാണ് രണ്ടു വയസ്സുകാരൻ ഷ്രെഡറിൽ ഇട്ട് പൊടിച്ചു കളഞ്ഞത്.

ബെൻ, ജാക്കി ബെൽനാപ് ദമ്പതികളുടെ മകൻ ലിയോ ആണ് കഥാനായകൻ. യൂറ്റാ സർവകലാശാല ഫുട്‌ബോൾ മൽസരങ്ങളുടെ സീസൺ ടിക്കറ്റ് ബെന്നിന്റെ പിതാവ് ഇവർക്ക് നേരത്തേ എടുത്തു കൊടുത്തിരുന്നു. കാശ് തിരിച്ചു കൊടുക്കാൻ 1060 ഡോളറിന്റെ നോട്ടുകൾ (എൺപതിനായിരത്തോളം ഇന്ത്യൻ രൂപ) പ്രത്യേകം കവറിൽ ഇട്ടുവച്ചതായിരുന്നു ബെൻ. പിറ്റേന്ന് കാശു നോക്കുമ്പോൾ കാണാനില്ല. ഭാര്യയും ഭർത്താവും വീടു മുഴുവൻ നോക്കിയെങ്കിലും രക്ഷയില്ല. കുന്തം പോയാൽ കുടത്തിലും തപ്പുമല്ലോ.. അതുപോലെയാണ് വേസ്റ്റ് ബാസ്‌കറ്റ് നോക്കുന്നത്. ബാസ്‌കറ്റ് കണ്ട് ഇരുവരും ഞെട്ടി. അഞ്ചു മിനിറ്റു നേരത്തേക്ക് രണ്ടു പേർക്കും ഒന്നും മിണ്ടാൻ പോലും കഴിഞ്ഞില്ല. ഇത് കുഞ്ഞു ലിയോ ഒപ്പിച്ചതാണെന്ന കാര്യത്തിൽ ഇരുവർക്കും സംശയമില്ലായിരുന്നു. എന്തായാലും കുഞ്ഞിനെ വഴക്കൊന്നും പറയാൻ പോയില്ല, ഭാവിയിൽ ചിരിക്കാൻ ഒരു വക എന്നു പറഞ്ഞ് ചിത്രം സഹിതം സംഭവം ബെൻ ട്വിറ്ററിലിട്ടു.

കീറിപ്പറിഞ്ഞ നോട്ടുകളാണ് ചിത്രത്തിലെങ്കിലും അവ സമൂഹ മാധ്യമങ്ങളിൽ ആളിപ്പടർന്നു. ഒട്ടേറെപ്പേരാണ് ചുരുങ്ങിയ നേരംകൊണ്ട് പോസ്റ്റ് പങ്കുവച്ചത്. കുഞ്ഞിനെക്കുറ്റം പറയാൻ പറ്റില്ല. കടലാസും ആവശ്യമില്ലാത്ത കത്തുകളുമൊക്കെയിടുന്ന വേസ്റ്റ് ബാസ്‌കറ്റ് നിറഞ്ഞാൽ അതു പൊടിച്ചു കളയാൻ ലിയോയും ബെന്നിനൊപ്പം കൂടാറുണ്ട്. തന്നെയുമല്ല, കാശെന്താണെന്നു പോലും കുഞ്ഞിന് അറിയാൻ സാധ്യത കുറവാണ്. ഭാര്യയും ഭർത്താവും മിക്കവാറും ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് കാർഡുകളാണ്.

എന്തായാലും കാശു മുഴുവൻ പോയി എന്നു സങ്കടപ്പെടേണ്ടതൊന്നുമില്ല. ബെൻ മുഷിഞ്ഞ നോട്ടുകൾ മാറ്റി നൽകുന്ന സർക്കാർ സംവിധാനവുമായി ബന്ധപ്പെട്ടിരുന്നു. പൊടിഞ്ഞ നോട്ടുകൾ എത്തിക്കാൻ അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാഗ്യമുണ്ടെങ്കിൽ പണം കിട്ടിയേക്കാം. ആറു മാസം മുതൽ മൂന്നു വർഷം വരെ അതിന് എടുത്തേക്കുമെന്നു മാത്രം. അതുവരെ കാത്തിരിക്കാൻ ബെന്നിന്റെ പിതാവും തയാറാണ്.

കളിപ്പാട്ടങ്ങൾക്ക് ആമസോണിൽ 20% മുതൽ 60% വരെ കിഴിവ്