കുഞ്ഞുങ്ങൾ ഇനി എല്ലാം കഴിക്കും, സൂപ്പർ വഴി!

കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനു ഏറെ ഗുണകരമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. പഠനങ്ങൾ അങ്ങനെയൊക്കെ പറയുന്നത് ശരിവെച്ചുകൊണ്ട് കുഞ്ഞുകുറുമ്പന്റെയും കുറുമ്പിയുടെയും ഭക്ഷണത്തിൽ നിറയെ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്താമെന്നു കരുതി മാതാപിതാക്കൾ ഒരുങ്ങിയിറങ്ങിയാൽ അവരിതെല്ലാം കഴിക്കുമോ എന്ന കാര്യം സംശയമാണ്. ശരീരത്തിനു ഗുണകരമായ ഭക്ഷ്യവസ്തുക്കൾ എങ്ങനെ കുഞ്ഞുങ്ങളെക്കൊണ്ട് ആസ്വദിച്ചു കഴിപ്പിക്കാമെന്നതിനെക്കുറിച്ചു നടന്ന ഒരു പഠനത്തിന്റെ ഫലങ്ങൾ കുഞ്ഞുങ്ങളുടെ ഭക്ഷണത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ആകുലപ്പെടുന്ന മാതാപിതാക്കൾക്ക് ഒരു വലിയ ആശ്വാസമാണ്.

ഓരോ ഭക്ഷ്യവസ്തുവിന്റേയും രുചിയും ഗുണവും പഞ്ചേന്ദ്രിയങ്ങളിലൂടെ കുട്ടികൾക്ക് അനുഭവവേദ്യമാക്കുക എന്നതായിരുന്നു ഗവേഷകർ പഠനത്തിലൂടെ ലക്ഷ്യമിട്ടത്. ഈ രീതി കിൻ‌ഡർഗാർഡനുകൾ വഴി കുഞ്ഞുങ്ങളിൽ നടപ്പിലാക്കിയപ്പോൾ വളരെ മികച്ച ഫലങ്ങളാണ് ഗവേഷകർക്ക് ലഭിച്ചത്. കുഞ്ഞുങ്ങൾ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിൽ ഒട്ടും വിമുഖത കാണിച്ചില്ലെന്നു മാത്രമല്ല, ഏറ്റവും മികച്ചരീതിയിൽ അതിനോട് പ്രതികരിക്കുകയും ചെയ്തു. ഇന്ദ്രിയങ്ങളിലൂടെ കുഞ്ഞുങ്ങൾക്ക് ഭക്ഷ്യവസ്തുക്കളുടെ ഗുണവും മണവും രൂപവും സ്വഭാവവുമൊക്കെ മനസിലാക്കി നൽകുന്ന ഈ പഠനരീതി അറിയപ്പെടുന്നത് സപേരെ എന്നാണ്.

പബ്ലിക് ഹെൽത്ത് ന്യൂട്രിഷൻ എന്ന മാസികയിലാണ് ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്‌. മൂന്നു മുതൽ അഞ്ചു വയസ്സുവരെയുള്ള കുഞ്ഞുങ്ങളെയായിരുന്നു പഠനത്തിനായി തിരഞ്ഞെടുത്തത്. പഠനത്തിന്റെ ആദ്യപടിയായി ഗവേഷകർ കിൻ‌ഡർഗാർഡനുകളെ തിരഞ്ഞെടുക്കുകയും തങ്ങളുടെ ലക്ഷ്യം വിശദീകരിക്കുകയും ചെയ്തു. അതുപ്രകാരം കിൻ‌ഡർഗാർഡനുകൾ ഓരോ ഭക്ഷ്യവസ്തുവും കുഞ്ഞുങ്ങൾക്ക് കഴിക്കാൻ നൽകുകയും, അവയുടെ സ്വഭാവവും രുചിയും രൂപവും തുടങ്ങി ആ ഭക്ഷ്യവസ്തുക്കൾ നൽകുന്ന അനുഭവങ്ങളെക്കുറിച്ച് വിവരിക്കാൻ കുഞ്ഞുങ്ങളോട് ആവശ്യപ്പെട്ടു. ആ രീതി കുഞ്ഞുങ്ങളിൽ ഭക്ഷണം കഴിക്കുന്നതിൽ വലിയ താല്പര്യം ജനിപ്പിക്കുകയും സാധാരണ കഴിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ധാരാളം പച്ചക്കറികളും പഴങ്ങളും കഴിച്ചുകൊണ്ട് അവയുടെ ഗുണഗണങ്ങൾ വിവരിക്കുന്നതിൽ അവർ വലിയ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. കിൻ‌ഡർഗാർഡനുകളിലൂടെ കുഞ്ഞുങ്ങൾക്കു പച്ചക്കറികളുടെയും പഴങ്ങളുടേയുമൊക്കെ പേരുകൾ പരിചയമുള്ളതുകൊണ്ടു തന്നെ മേല്പറഞ്ഞ രീതി നടപ്പിലാക്കുന്നതിന് ഗവേഷകർക്ക് തടസങ്ങളൊന്നും അഭിമുഖീകരിക്കേണ്ടി വന്നില്ല.

ഇത്തരത്തിലൊരു ഭക്ഷ്യരീതി ശീലിപ്പിക്കുന്നതു വഴി കുഞ്ഞുങ്ങൾ വീട്ടിലെത്തിയാലും അതുതന്നെ പിന്തുടരുന്നതായി കണ്ടെത്താൻ ഈ പഠനത്തിലൂടെ കഴിഞ്ഞു. അതും സപേരെ എന്ന ഈ ഭക്ഷ്യരീതിയുടെ മികച്ച ഒരു ഗുണഫലമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. വളരെ വ്യത്യസ്തമായ പഴങ്ങളും പച്ചക്കറികളും കുഞ്ഞുങ്ങൾ തിരഞ്ഞെടുത്തു കഴിക്കുന്ന കാഴ്ച മാതാപിതാക്കൾക്കും ഏറെ സന്തോഷം പകരുന്നുണ്ടെന്നു ഗവേഷകയായ കഹ്‌കൊനെൻ, ഈ പഠനഫലങ്ങൾ പുറത്തുവിട്ടുകൊണ്ട് സന്തോഷത്തോടെ പ്രതികരിച്ചു.

പഠനങ്ങൾ ഇങ്ങനെ പറയുമ്പോൾ, ശാസിച്ചും ശിക്ഷിച്ചും കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കുന്ന രീതി മാറ്റിവച്ചുകൊണ്ട്..അറിവിലൂടെ ആരോഗ്യം വളർത്തുന്ന ഈ രീതിയൊന്നു പരീക്ഷിച്ചാലോ പ്രിയ മാതാപിതാക്കളേ ?