വിഡിയോ ഗെയിം; പഠനം ഞെട്ടിക്കും! 

കുട്ടികള്‍ ടെക് ഫ്രണ്ട്‌ലി ആകുന്നത് നല്ലത് തന്നെയാണെങ്കിലും അവർ അതിന് അടിമയാകുന്നതുമൂലം അവരുടെ മാനസിക, ശാരീരിക ആരോഗ്യമാണു അവതാളത്തിലാകുന്നത്, അക്കാര്യത്തിൽ ഒരു സംശയവും വേണ്ട.  ലോകാരോഗ്യ സംഘടനയുടെ പുതിയ ഒരു നടപടി വിഡിയോ ഗെയിമിന് അടിമകളായവർക്കുള്ള ഒരു മുന്നറിയിപ്പാണ്. WHO (World Health Organisation) വിഡിയോ ഗെയിം അഡിക്ഷനെ 'ഗെയിമിങ് ഡിസോഡർ' എന്ന പട്ടികയിൽ ഉൽപ്പെടുത്തിയിരിക്കുന്നു. അതായത് അമിത വിഡിയോ ഗെയിം ആസക്തി ഇനി മുതൽ രോഗങ്ങളുടെ നിരയിലാണ്. ഇത്തരക്കാർ ഇനി മുതൽരോഗികളെന്നുതന്നെയാണ് അറിയപ്പെടാൻ പോകുന്നതും. ഇത്തരക്കാർ വിദ്ഗദ്ധരുടെ ചികിൽസ തേടണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ന്യു ജഴ്സി മെഡിക്കൽ സ്ക്കൂളിലെ ചെയർമാനായ ഡോ. പെട്രോസ് ലെവോയുനിസ് പറയുന്നത് ശ്രദ്ധേയമാണ് "കാൻഡി ക്രഷ് സാഗ പോലുള്ള കളികൾക്ക് അടിമകളായി ചികിത്സ തേടിയെത്തുന്നവർ കൊക്കെയ്നിന് അടിമകളായവർക്ക് തുല്യരാണ്." എന്റർടെൻമെന്റ് സോഫ്ട്​വെയർ അസോസിയേഷന്റെ കണക്കനുസരിച്ച് ലോകത്തിൽ 2.6 ബില്ല്യൻ ആളുകളാണ് വിഡിയോഗെയിമിന് അടിമകൾ. ഇതിൽ കുട്ടികൾ‌ ഏറെയാണ്.

പണ്ട് ടെലിവിഷനായിരുന്നു പല മാതാപിതാക്കള്‍ക്കും വില്ലന്‍. നന്നേ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ ടിവിക്ക് മുന്നില്‍ വന്ന് അടയിരിക്കും. എന്നാല്‍ അച്ഛനോ അമ്മയോ ടിവി വന്ന് ഓഫ് ചെയ്ത് ആ പ്രശ്‌നം പരിഹരിക്കുമായിരുന്നു. നിയന്ത്രണം കുറച്ചുകൂടി എളുപ്പമായിരുന്നു. പിന്നീട് വിഡിയോ ഗെയിമുകളുടെ കാലമായി. എന്നാൽ വിഡിയോ ഗെയിമും മറ്റു കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ അത് ഓഫ് ആക്കി ‌പിന്തിരിപ്പിക്കുന്നത് ഇപ്പോൾ അല്പം പാടുതന്നെയാണ്. ഫോണിലും ടിവിയിലും ഐപാഡിലും കമ്പ്യൂട്ടറിലും എന്നു വേണ്ട മിക്ക ഡിവൈസിലും വിഡിയോഗെയിം അപകടം പതിയിരിക്കുന്നു.

അമ്മേ ഫോണ്‍ ഒന്ന് തരാമോ...എന്നുള്ള ചോദ്യം അസഹ്യമായിത്തീരുന്നുണ്ട് പലര്‍ക്കും. വിഡിയോഗെയിം അഡിക്ഷന് വീടെന്നോ ഷോപ്പിംഗ് മാളുകളെന്നോ ഒന്നുമുള്ള വ്യത്യാസം ഇല്ല. കുട്ടി മാതാപിതാക്കളോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴും സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തുമ്പോഴും സിനിമ കാണുമ്പോഴും എല്ലാം ഫോണ്‍ കയ്യില്‍ പിടിച്ച് അതില്‍ കുത്തിയാണ് നടപ്പും ഇരിപ്പുമെല്ലാം. നമ്മള്‍ വിചാരിക്കും പോലെ ഒട്ടും നിസാരമല്ലത്. ഇത് നോക്കി നോക്കിയിരുന്ന് കുട്ടികളുടെ കഴുത്ത് പോകുന്നത് മുതല്‍ അവരുടെ മാനസികമായ മരവിപ്പിനും വിഡിയോഗെയിമിന്റെ അമിത ഉപയോഗം വഴിവെക്കുന്നുണ്ട്.