നമുക്ക് ഗെയിം തന്നിട്ട് അവർ ചെയ്യുന്നതെന്തെന്നറിയാമോ ?,  Video games impact, Child development, Parenting, Manorama Online

നമുക്ക് ഗെയിം തന്നിട്ട് അവർ ചെയ്യുന്നതെന്തെന്നറിയാമോ ?

നമ്മൾ രസിച്ചു കാണുന്ന പല വിഡിയോ ഗെയിമുകളുടെയും സ്രഷ്ടാക്കളായ സിലിക്കൺ വാലി ഉദ്യോഗസ്ഥർ അവരുടെ കുട്ടികളെ ടെക് ഫ്രീ ആയി വളർത്താനുള്ള ശ്രമത്തിലാണെന്ന് റിപ്പോർട്ടുകൾ. മിക്ക മാതാപിതാക്കളും കുട്ടികളുടെ സ്ക്രീൻ സമയം വെട്ടിച്ചുരുക്കുകയോ നിരോധിക്കുകയോ ചെയ്യുന്നത്രേ.

മിക്ക സിലിക്കൺ വാലി ഉദ്യോഗസ്ഥരും വീട്ടിൽ നിന്ന് വിഡിയോ ഗെയിം സിസ്റ്റങ്ങളും ടിവിയും നീക്കിയിരിക്കുന്നു. കുട്ടികൾക്ക് സ്വന്തമായി മൊബൈൽഫോണുകളും ഇല്ല. ഗെയിം കളിക്കണമെന്നുണ്ടെങ്കിൽ മാതാപിതാക്കളുടെ ഫോൺ ഉപയോഗിക്കാം. അതും ആഴ്ചയിൽ അര മണിക്കൂർ മാത്രം. ചില മാതാപിതാക്കൾ ഒരുപടി കൂടി കടന്ന് വീട്ടിലേക്ക് വരുന്നതേ മൊബൈൽഫോൺ മാറ്റിവയ്ക്കുന്നു. ഉറങ്ങുന്നതിനു മുൻപായി ഒന്നോ രണ്ടോ തവണ അത്യാവശ്യ സന്ദേശങ്ങളോ വിളികളോ മാത്രം. അത്ര കർശനമായാണ് കുട്ടികളുടെ സ്ക്രീൻ കാര്യത്തിൽ അവർ തീരുമാനമെടുക്കുന്നത്. തങ്ങളുടെ ജോലി വഴിയോ ധാരാളം ടെക്നോളജി സംരംഭങ്ങളുള്ള സ്ഥലത്ത് താമസിക്കുന്നതു വഴിയോ അവർ നേരിട്ട് കാണുന്ന ടെക്നോളജി അഡിക്‌ഷനാണ് ഇത്തരം കർശനമായ ചിട്ട വയ്ക്കാൻ അവരെ പ്രേരിപ്പിക്കുന്നതത്രേ.

ആപ്പിൾ സിഇഒ ആയിരുന്ന സ്റ്റീവ് ജോബ് സ്വന്തം കമ്പനിയുടെ പുതിയ ഐപാഡ് പോലും കുട്ടികൾക്ക് ഉപയോഗിക്കാൻ നൽകിയിരുന്നില്ല. മാത്രമല്ല കുട്ടികൾ സ്ക്രീൻ സമയത്തിന് കൃത്യമായ പരിധിയും വച്ചിരുന്നു. കുട്ടികളെയും കൗമാരക്കാരെയും തങ്ങളുടെ വലയിൽ കുടുക്കാനായാൽ പിന്നെ അവരുടെ ജീവിതകാലം നീളുന്ന ശീലമാക്കി അതിനെ മാറ്റാൻ പറ്റുമെന്ന് ടെക്നോളജി കമ്പനികൾക്ക് നന്നായി അറിയാം. ക്ലാസ് റൂമുകളിൽ ഉപയോഗിക്കാവുന്ന തരം പുത്തൻ ടെക്നോളജികൾ കൊണ്ടുവരുന്നത് ഇത്തരമൊരു ശ്രമത്തിന്റെ ഭാഗമാണെന്നു കാണാം. ഒരുപക്ഷേ, അത് കുട്ടികളിലുണ്ടാക്കുന്ന ദോഷത്തേക്കുറിച്ച് കമ്പനികൾ ചിന്തിക്കുന്നുന്നിണ്ടാവില്ല എന്നു വേണം കരുതാൻ.

മൊബൈലിൽ എപ്പോഴും മുഖം പൂഴ്ത്തിയിരുന്നിട്ട് കുട്ടികൾക്ക് ശ്രദ്ധ കുറവാണെന്നു പരാതിപ്പെടുന്നതിൽ അർഥമില്ല. വിഡിയോ ഗെയിമുകളല്ലാത്ത യഥാർഥ കളികൾ കളിച്ച്, അതിലെ ജയപരാജയങ്ങൾ അറിഞ്ഞുവേണം കുട്ടികൾ വളരാൻ. മൊബൈലിലെ റേസ് കാർ ഗെയിമുകളല്ല, നിശ്ശബ്ദതയിൽ നടത്തുന്ന ധ്യാനപരിശീലനമാണ് അവരുടെ ബുദ്ധിയെയും മനസ്സിനെയും ഏകാഗ്രമാക്കുക. സ്ക്രീൻ സമയം കൂടുന്നത് വിഷാദം, ഉത്കണ്ഠ തുടങ്ങി ആത്മഹത്യാശ്രമം വരെയുള്ള പ്രത്യാഘാതങ്ങൾക്ക് ഇടയാക്കാം. എന്നാൽ സ്ക്രീൻ ഉപയോഗം നിർത്തിക്കഴിഞ്ഞാൽ ഈ പ്രശ്നങ്ങളും മാറുമെന്നതാണ് പുതിയ പ്രതീക്ഷ. 2014ൽ 100 കുട്ടികളിൽ, അഞ്ചു ദിവസത്തോളം ടെക്നോളജി മുക്തമായ അന്തരീക്ഷത്തിൽ മലകയറ്റവും അമ്പെയ്ത്തും പോലുള്ള യഥാർഥ കളികളിൽ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തിൽ കുട്ടികളിലെ സഹാനുഭൂതി (എംപതി) വർധിക്കുന്നതായി കണ്ടു. എന്തായാലും കുട്ടികളിലെ സ്ക്രീൻ ഉപയോഗത്തിന്റെ ഗുണത്തേക്കുറിച്ചും ദോഷത്തേക്കുറിച്ചും കൂടുതൽ ചർച്ചകൾ വേണമെന്ന് ഉറപ്പ്,