ചെറിയ കുസൃതികൾ വലിയ തെറ്റുകളായി മാറാതിരിക്കാൻ
കുട്ടികളുടെ ചെറിയ കുസൃതികൾ വലിയ തെറ്റുകളായി മാറുന്നതിന് മുൻപ് നിയമങ്ങൾ ലളിതമാക്കി പറഞ്ഞുകൊടുക്കാം
‘എത്ര വട്ടം പറഞ്ഞിട്ടുണ്ട് ജനാലയിൽ വലിഞ്ഞു കയറരുതെന്ന്? താഴെ വീണ് കൈ കാലോ ഒടിഞ്ഞാലോ? ഇനി ഇതാവർത്തിക്കരുത്’.... സിനിമാ സ്റ്റൈലിൽ കട്ടഡയലോഗും പറഞ്ഞ് അമ്മ തിരിഞ്ഞു നടക്കുമ്പോഴേക്കും അതൊന്നും വകവയ്ക്കാതെ അടുത്ത കുസൃതിക്കു തിരി കൊളുത്തും വീട്ടിലെ കാന്താരികൾ.
തനിയെ മുറ്റത്തിറങ്ങരുത്, റോഡിലൂടെ ഓടരുത് എന്നിങ്ങനെ പലതും കർശനമായി പറഞ്ഞിട്ടും കുട്ടികൾ അനുസരിക്കാത്തതിന്റെ കാരണമെന്തെന്ന് ചിന്തിച്ചു നോക്കിയിട്ടില്ലേ?
പലപ്പോഴും മാതാപിതാക്കളുടെ സങ്കൽപത്തിനും നിയമത്തിനുമൊത്തു മാത്രം കുട്ടി വളരണം എന്ന നിർബന്ധമാണ് അനുസരണക്കേടിലേക്ക് അവരെ കൊണ്ടെത്തിക്കുന്നത്. പരിധിയിൽ കവിഞ്ഞ അനുസരണ ശീലം ആവശ്യപ്പെടുമ്പോൾ അത് തെറ്റിക്കാനും തെറ്റിയാൽ എന്തു സംഭവിക്കുമെന്നറിയാനും കുട്ടികൾക്കു തോന്നും. അതുകൊണ്ട് കുട്ടികളിൽ മുഷിപ്പുളവാക്കാതെ അവർക്കായി നിയമങ്ങളുണ്ടാക്കാൻ ശീലിച്ചു തുടങ്ങാം.
അനുസരണക്കേട് കാണിക്കുമ്പോൾ കുട്ടികൾ പറയുന്ന ന്യായങ്ങളും കാരണങ്ങളും ശ്രദ്ധിച്ച് കേൾക്കുക. ഈ കാര്യം എന്തുകൊണ്ടു ചെയ്തൂടാ, ചെയ്താലെന്തു സംഭവിക്കും എന്നൊക്കെ കുട്ടി ചോദിക്കുമ്പോൾ വടി വെട്ടാനോടാതെ കാര്യം പറഞ്ഞു മനസ്സിലാക്കുക. കുട്ടി ചെയ്ത കാര്യത്തിന് അവന്റേതായ ന്യായീകരണമുണ്ടെങ്കിൽ അത് ക്ഷമയോടെ കേട്ടു മറുപടി നൽകുക. അതിലെ തെറ്റ് തിരുത്തി കൊടുക്കുക. അങ്ങനെയാകുമ്പോൾ അവനു തന്നെ സ്വന്തം പ്രവൃത്തി വിലയിരുത്താൻ കഴിയും. തെറ്റ് ബോധ്യമായാൽ അത് ആവർത്തിക്കാതിരിക്കാൻ കുട്ടി സ്വയം ശ്രദ്ധിക്കുകയും ചെയ്യും.
പറയുന്നതിൽ വ്യക്തത വേണം
മാതാപിതാക്കളുടെ മൂഡ് സ്വിങ്ങിന് അനുസരിച്ച് കുട്ടിയുടെ മേൽ നിയന്ത്രണം അടിച്ചേൽപിക്കരുത്. ഒരു സമയത്ത് അരുത് എന്ന് പറയുന്ന കാര്യം മറ്റൊരു സമയത്ത് ‘സാരമില്ല, ഒരു തവണത്തേക്കല്ലേ, നീയങ്ങ് ചെയ്തോളൂ’ എന്ന മട്ടിൽ പറയരുത്. ഒരിക്കൽ അത്തരത്തിൽ അതനുവദിച്ച് കൊടുത്താൽ നാളെയും കുട്ടികൾ വാശിപിടിക്കും.
മാത്രമല്ല, അനുവാദമില്ലാതെ അങ്ങനെ ചെയ്താലും അപകടമൊന്നും പറ്റില്ലെന്ന ചിന്ത കുട്ടികളിൽ ഉണ്ടാകും. വ്യക്തതയുള്ള കാര്യങ്ങൾ മാത്രം കുട്ടികളോടു പറയുക. അല്ലാതെ എല്ലാത്തിനും മാർഗനിർദേശവുമായി ചെല്ലുന്ന രീതി കുട്ടികൾക്കായാലും സ്വീകാര്യമാകില്ല. അങ്ങോട്ട് പോകരുതെന്ന് പറയുമ്പോൾ, പോയാലുണ്ടാകുന്ന പ്രശ്നത്തെ പറ്റിയും പറഞ്ഞു കൊടുക്കണം. അവിടെ പാമ്പുണ്ട്, ഭൂതമുണ്ട് എന്നൊക്കെ കുട്ടിയോട് പറയുമ്പോൾ ആദ്യമൊന്ന് പേടിച്ചാലും പിന്നീട് ആ പേടി ആകാംക്ഷയായി വളരാൻ സാധ്യതയുണ്ട്. അതുകൊണ്ട് നിയന്ത്രണങ്ങളുടെ കാരണം, അത് ലംഘിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് എന്തെന്ന് കുട്ടിക്ക് മനസ്സിലാക്കി കൊടുക്കണം.
കുട്ടിക്ക് ദേഷ്യമുണ്ടായാലും അത് നിയന്ത്രിക്കുക അച്ഛനമ്മമാരുടെ കടമയാണ്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കൂടി അവരുടെ വാദങ്ങൾ മുഴുവൻ ക്ഷമയോടെ കേൾക്കാൻ തയാറാകണം. നിയന്ത്രണങ്ങളിൽ പ്രായത്തിന് അനുസരിച്ച് ആവശ്യമായ പരിഷ്കരണങ്ങൾ വേണം. മാതാപിതാക്കളുടെ മനസ്സിൽ മക്കൾ എപ്പോഴും കുട്ടി തന്നെ എന്നത് ശരി തന്നെ. പ്രായത്തിന് അനുസരിച്ച് നൽകുന്ന ഇളവുകൾ അവർക്ക് നൽകുന്ന അംഗീകാരമായി മക്കൾ കരുതും.