കുഞ്ഞിനെ ഡേ കെയറിൽ വിടുന്നുണ്ടോ?; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ
ലോകം നഗരവത്കരണത്തിലേക്ക് ചുവടുമാറിയപ്പോൾ, അണുകുടുംബങ്ങൾ കൂടുതലായി സൃഷ്ടിക്കപ്പെട്ടു. അച്ഛനും അമ്മയും മക്കളും മാത്രമടങ്ങുന്ന കുടുംബം രസകരമാണെന്നും അല്ലെന്നും പല്ലവികൾ കേട്ടു തുടങ്ങി. വാസ്തവം എന്തുതന്നെയാണെങ്കിലും അണുകുടുംബങ്ങളിലെ മാതാപിതാക്കൾ ഏറെ വേദനിക്കുന്ന ഒരു സന്ദർഭമാണ് കൊച്ചുകുഞ്ഞുങ്ങളെ നോക്കാൻ വീട്ടിൽ ആളില്ലാത്ത അവസ്ഥ. അച്ഛനും അമ്മയും ഒരേ പോലെ ജോലിക്കാരാകുമ്പോൾ കുഞ്ഞുങ്ങളെ നോക്കാൻ വീട്ടിൽ അമ്മൂമ്മയോ അപ്പൂപ്പനോ ആരും ഇല്ലാത്ത അവസ്ഥ അണുകുടുംബങ്ങളുടെ ശാപമാണ്. എന്നാൽ മുന്നോട്ട് പോയല്ലേ മതിയാവൂ. അതിനാൽ ഡേ കെയറുകളിൽ കുഞ്ഞുങ്ങളെ ആക്കുന്നതിനു മാതാപിതാക്കൾ നിർബന്ധിതരാകുന്നു.
കുഞ്ഞുങ്ങളെ ഡേ കെയറിൽ വിടുന്നത് ശരിയല്ലെന്നും കുഞ്ഞുങ്ങളോട് സ്നേഹമില്ലാത്ത മാതാപിതാക്കളാണ് ഇത്തരത്തിൽ ചെയ്യുന്നത് എന്നുമൊക്കെയുള്ള വാദങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നു വരാറുണ്ട്. എന്നാൽ കുഞ്ഞുങ്ങളുടെ നല്ല ഭാവിക്ക് കൂടി വേണ്ടിയാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുക്കുന്നതെന്നു ബോധ്യപ്പെട്ടാൽ പിന്നെ തിരിഞ്ഞു നോക്കേണ്ട കാര്യമില്ല. കുഞ്ഞുങ്ങളെ മാതാപിതാക്കളെ പിരിഞ്ഞു ഡേ കെയറിൽ നിൽക്കുന്നതിന് പര്യാപ്തമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആദ്യമായി കുഞ്ഞിനെ ഡേ കെയറിൽ വിടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
1. ഏറ്റവും കുറഞ്ഞത് ഒന്നര വയസ് പ്രായം വരെയെങ്കിലും അമ്മയുടെ ഒപ്പം നിൽക്കാൻ അനുവദിക്കുക. മുലപ്പാൽ അല്ലാതെ മറ്റ് ആഹാരങ്ങൾ കഴിച്ചു തുടങ്ങുന്ന പ്രായത്തിൽ മാത്രം ഡെ കെയറിൽ വിടുക
2 ഡേ കെയറിൽ വിടും മുൻപ് അമ്മയുമായി കുഞ്ഞിനുള്ള അടുപ്പം കുറച്ചു കുറക്കുക. പെട്ടന്ന് ഒരു ദിവസം അമ്മയുടെ അരികിൽ നിന്നും മാറ്റി നിർത്താതെ ഇടയ്ക്കിടെ അമ്മയുടെ അരികിൽ നിന്നും മാറ്റി നിർത്തി പരിശീലനം നൽകുക.
3 അമ്മയുമായി കൂടുതൽ സമയം ചെലവഴിക്കുന്നതിനു പകരം കളിപ്പാട്ടങ്ങളുമായി ചങ്ങാത്തം കൂടാൻ പരിശീലിപ്പിക്കുക
4 ഡേ കെയറിൽ വിട്ടു തുടങ്ങുന്ന ആദ്യ ദിനങ്ങളിൽ മുഴുവൻ സമയം അവിടെ ഇരുത്താതെ ഒന്നോ രണ്ടോ മണിക്കൂർ മാത്രം ഇരുത്തുക
5. വീട്ടിൽ ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങൾ ഈ സമയത്ത് കൊടുത്തു വിടാം
6 ഏതു പ്രായത്തിലുള്ള കുട്ടികളാണെങ്കിലും കൃത്യ സമയത്ത് ഡെ കെയറിൽ നിന്നും വിളിച്ചു കൊണ്ട് പോകണം
7 ഗ്രൂപ്പ് ആക്റ്റിവിറ്റികളിൽ പങ്കെടുക്കാൻ പരിശീലിപ്പിക്കുക
8 ഇഷ്ടമുള്ള ആഹാരം, വസ്ത്രം, വെള്ളം എന്നിവ നൽകി കുഞ്ഞിന്റെ ആരോഗ്യം ഉറപ്പാക്കുക
9 ഡേ കെയർ കുഞ്ഞുങ്ങൾക്ക് ചേരുന്നതാണെന്നു മാതാപിതാക്കൾ ഉറപ്പിക്കുക. എക്കോ ഫ്രണ്ട്ലി കളിപ്പാട്ടങ്ങൾ, മൃദു ഉപകരണങ്ങൾ, അപകടസാധ്യതക്കുറവ് എന്നിവ ഉറപ്പാക്കുക
10 ഒരുമിച്ചുള്ള ദിവസം പരമാവധി സമയം കുഞ്ഞുങ്ങളുടെ കൂടെ ചെലവിടാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക