പരീക്ഷാപ്പേടി മാറ്റിയെടുക്കാം; മാതാപിതാക്കൾക്കുള്ള സൂപ്പർ ടിപ്സ്, Ways to help eliminate, Exam Stress, Depression, Parenting, Manorama Online

പരീക്ഷാപ്പേടി മാറ്റിയെടുക്കാം; മാതാപിതാക്കൾക്കുള്ള സൂപ്പർ ടിപ്സ്

ലക്ഷ്മി നാരായണൻ

മാർച്ച് മാസം എത്താറായി, ഇനി പരീക്ഷാ ചൂടിന്റെ കാലമാണ്. എന്നാൽ പരീക്ഷയുടെ പേരിലുള്ള ദേഷ്യപ്പെടലും വിരട്ടലും ഒന്നും വിലപ്പോകില്ല. ഇത് കുട്ടികളെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് കൊണ്ടു ചെന്നെത്തിക്കും എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അപ്പോൾ പകരം ചെയ്യേണ്ടതെന്താണ് ? പരീക്ഷാപ്പേടി മാറ്റിയെടുക്കാൻ മാതാപിതാക്കൾ കൂടെ നിൽക്കുക എന്നതാണ്. ഇത് കുട്ടികളെ കൂടുതൽ ആത്മവിശ്വാസമുള്ളവരാക്കി മാറ്റും. പത്താം ക്ലാസ്, പ്ലസ് റ്റു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളിലാണ് സമ്മർദ്ദം കൂടുതലായി കാണുന്നത്. എന്നാൽ ഈ സമ്മർദ്ദം ഒഴിവാക്കേണ്ട ഉത്തരവാദിത്വം മാതാപിതാക്കൾക്കാണ്. പരീക്ഷയ്ക്ക് ഇനി അവശേഷിക്കുന്ന ദിവസങ്ങൾ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വളരെ പ്രധാനപ്പെട്ടതാണ് എന്ന് മനസിലാക്കുക.

കരുതലും സ്നേഹവുമാണ് പരീക്ഷച്ചൂടിനെ മറികടക്കാൻ കുട്ടികൾക്കാവശ്യം. പരാജയത്തെക്കുറിച്ച് പറഞ്ഞു ഭയപ്പെടുത്തുകയല്ല, വിജയത്തിന്റെ മധുരത്തെക്കുറിച്ച് പറഞ്ഞു പ്രചോദിപ്പിക്കുകയാണ് വേണ്ടത്. കുട്ടികളിൽ ആകാംഷ, ഉത്സാഹം, ഭയം, ദേഷ്യം, ഉത്കണ്ഠ മുതലായ വികാരങ്ങൾ ഈ സമയത്ത് കൂടുതൽ ആയിരിക്കും. ഈ വികാരങ്ങളെ ഒരിക്കലും ചൂഷണം ചെയ്യരുത്.

എങ്ങനെ മാനസികമായി പിന്തുണക്കാം - മാതാപിതാക്കൾ ചെയ്യേണ്ടത്

1. ഒരു കുട്ടി എഴുന്നേൽക്കുന്നത് മുതൽ ആ കരുതൽ നൽകണം. സ്നേഹത്തോടെ വിളിച്ചുണർത്താൻ ശ്രമിക്കണം. തുടക്കം തന്നെ പോസിറ്റിവിറ്റിയോടെ ആകണം.

2. കുട്ടിയോടുള്ള സ്നേഹവും കരുതലും വാക്കുകളാൽ പ്രകടിപ്പിക്കാൻ മടിക്കരുത്.

3. പലപ്പോഴും കുട്ടികളെക്കാൾ പരീക്ഷയെക്കുറിച്ചുള്ള ആശങ്ക മാതാപിതാക്കൾക്കാണ്.അങ്ങനെയുള്ളപ്പോൾ നിങ്ങളുടെ ഉത്കണ്ഠ കുട്ടിയിലേക്ക് പകരരുത്.

4. പരീക്ഷയ്ക്ക് പുറപ്പെടുമ്പോഴും കുട്ടിയുടെ ആത്മവിശ്വാസം കൂട്ടുന്ന കാര്യങ്ങൾ മാത്രം പറയുക. മകന്റെ / മകളുടെ കഴിവിൽ തങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്ന് അവരോട് ഇടയ്ക്കിടെ പറയുക.

5. താരതമ്യം ഒഴിവാക്കുക, പരീക്ഷയുടെ ചോദ്യക്കടലാസ് നോക്കി കുട്ടിയുടെ പ്രകടനം വിലയിരുത്തരുത്. കഴിഞ്ഞ പരീക്ഷ കഴിഞ്ഞു, ഇനി അതേപ്പറ്റി സംസാരിക്കരുത്.

6. പരീക്ഷയുടെ സമയത്ത് കുട്ടിക്ക് വീട്ടിൽ വളരെ സന്തുഷ്ടവും ആരോഗ്യകരവുമായ അന്തരീക്ഷം ഉണ്ടെന്ന് ഉറപ്പുവരുത്തുക. മാതാപിതാക്കൾ തമ്മിലെ അനാവശ്യ ചർച്ചകളും വാദങ്ങളും ഒഴിവാക്കുക.

7. എത്ര മാർക്ക് നേടണം എന്നിങ്ങനെയുള്ള നിബന്ധനകൾ വെയ്ക്കരുത്. ഓരോ കുട്ടികൾക്കും ഓരോ കഴിവുകളാണ് ഉള്ളതെന്ന് മനസിലാക്കുക.

8.ഉറങ്ങുന്നതിനു മുൻപ് കുട്ടിയുമായി നല്ല കാര്യങ്ങൾ സംസാരിക്കുക. ഭാവി പദ്ധതികൾ, സ്വപ്‌നങ്ങൾ എന്നിവ ചർച്ച ചെയ്യുക.

Summary : Ways to help eliminate exam stress