കുഞ്ഞിന് സ്‌കൂളിൽ പോകാൻ മടിയാണോ? വഴിയുണ്ട്!
അവധിക്കാലം ഏകദേശം കഴിയാറായി ഇനി മെല്ലെ സ്‌കൂൾ തുറക്കലിന്റെ തിരക്കിലേക്ക് കുട്ടിപ്പട്ടാളം തിരിയുന്ന സമയമായി. ഈ കാലയളവിൽ അമ്മമാരേ ഏറ്റവും കൂടുതുതാൽ വട്ടം കറക്കുക, സ്‌കൂളിൽ പോകാനുള്ള കുട്ടികളുടെ മടിയാണ്. ആദ്യമായി സ്‌കൂളിൽ പോകുന്ന കുട്ടികൾക്ക് പുറമേ, അവധിക്കാലത്തിന്റെ ആലസ്യത്തിൽ നിന്നും പിടി വിടാത്ത ചില കുട്ടികളും ഈ മടിയുടെ ഇരയാകാറുണ്ട്.
ഇനി ഒരുവിധം സ്‌കൂളിൽ പറഞ്ഞു വിട്ടാലോ, പഠിക്കാൻ മടിയാണ്. പഠിച്ചാലും ശ്രദ്ധ കിട്ടുന്നില്ല, ഒന്നും ഓർത്തിരിക്കുന്നില്ല.. ഇങ്ങനെ പ്രശ്നങ്ങൾ നിരവധിയാണ്. ഇതിൽ നാം മനസിലാക്കേണ്ട കാര്യം പഠിക്കാനുള്ള ബുദ്ധി ഇല്ലാഞ്ഞിട്ടല്ല പല കുട്ടികളും ഇക്കാര്യത്തിൽ പിന്നോട്ടുപോകുന്നത്. ഏകാഗ്രത കുറവ്, കൃത്യമായ ടൈംടേബിള്‍ ഇല്ലാത്തത്, ഉറക്കകുറവ്, തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു. അതായത് വീട്ടിലെ ചിട്ടയില്ലായ്മ തന്നെയാണ് ഒരുവിധത്തിൽ കുഞ്ഞിന്റെ മടിക്ക് പിന്നിലെ പ്രധാന കാരണം.
അപ്പോൾ മടി മാറ്റാൻ ആദ്യം ചെയ്യേണ്ടത് വീട്ടുകാര്യങ്ങളിലൊരു ചിട്ട കൊണ്ടുവരിക എന്നതാണ്. ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ നിന്നും ആവശ്യമുള്ളവ മാത്രം തിരഞ്ഞെടുക്കാൻ കുട്ടിയെ ശീലിപ്പിക്കുക. ഇതോടൊപ്പം കുട്ടിക്ക് ടൈം ടേബിൾ പ്രകാരം ഒരു പഠനരീതി നിശ്ചയിക്കുക. ഒപ്പം അവർക്ക് കളിക്കാനുള്ള സമയവും നൽകുക. പഠനത്തിനും ഭക്ഷണത്തിനും കളിക്കും ഇടയിൽ കൃത്യമായ ഇടവേള പാലിക്കുക.
അതുപോലെ തന്നെ ഏറെ നിർണായകമായ ഒന്നാണ് കുട്ടിക്ക് ആവശ്യമായ ഉറക്കം ലഭിക്കുന്നുണ്ടെന്നത്. ഉറക്കം എന്നത് ഉണര്‍ന്നിരിക്കുമ്പോള്‍ നമുക്കുള്ള ഊര്‍ജ്ജം ആണ്. ഉറക്കം ശരിയായാൽ മനസ്സും ശരീരവും ഒരേ ദിശയിൽ സഞ്ചരിക്കും. എപ്പോഴും പഠനം പഠനം എന്ന് പറഞ്ഞു കുട്ടിക്ക് പിരിമുറുക്കം ഉണ്ടാകാതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക. പഠനത്തോടൊപ്പം തന്നെ വിനോദത്തിലും കളികളിലും കുട്ടികള്‍ പങ്കെടുക്കണം എന്ന ചിന്ത മാതാപിതാക്കൾക്ക് വേണം.
വീട്ടിലെ ചെറിയ ചെറിയ ഉത്തരവാദിത്വങ്ങൾ കുട്ടികളെ ഏൽപ്പിക്കുന്നത് ഗുണകരമായിരിക്കും. ഉദാഹരണത്തിന് വീട്ടിലേക്ക് ആവശ്യമായ ചെറിയ സാധനങ്ങള്‍ വാങ്ങിക്കാനും മറ്റും അവരെ ഏല്‍പ്പിക്കാം. കുട്ടികളെ സ്വയംപര്യാപ്തർ ആക്കുന്നതിൽ ഇത് സഹായിക്കും. ചില കുട്ടികൾക്ക് പഠനത്തിൽ പ്രയാസം നേരിട്ടേക്കാം. ഇക്കാര്യം പറഞ്ഞു അവരെ കളിയാക്കുകയോ താരതമ്യം ചെയ്യുകയോ ചെയ്യാതിരിക്കുക.
അവധിക്കാലം തീരും മുൻപ് കുട്ടികളുമൊത്ത് ചെറിയ യാത്രകൾ ആവാം. കുട്ടികളുടെയും മാതാപിതാക്കളുടെയും മനസിന് ഉന്മേഷം നൽകാൻ ഇത്തരം യാത്രകൾ സഹായിക്കും.ഇതിന് പുറമേ , ചെയ്യുന്ന എല്ലാ കാര്യത്തിലും കുട്ടികളെ നിരന്തരം പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുക. മടി പമ്പ കടക്കുന്ന വഴി കാണില്ല.