സ്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍!‍

മഞ്ജു പി എം

സ്കൂള്‍ ബാഗിന് നിർദിഷ്ട ഭാരമേ പാടുള്ളൂ, ഹോം വര്‍ക്ക്‌ പ്രൈമറി ക്ലാസ്സുകാര്‍ക്ക് നൽകാന്‍ പാടില്ല, കുട്ടികളെ അടിച്ചു ശിക്ഷിക്കാന്‍ പാടില്ല, മാതൃഭാഷ സംസാരിച്ചാല്‍ ശിക്ഷിക്കാന്‍ പാടില്ല തുടങ്ങി നിരവധി ഉത്തരവുകള്‍ സര്‍ക്കാര്‍ ഇടയ്ക്കിടെ പുറപ്പെടുവിക്കുകയും, സ്കൂള്‍ അധികൃതര്‍ ഉത്തരവ് വന്ന ചൂടില്‍ പാലിക്കുകയും പിന്നീട് മനപ്പൂര്‍വ്വം വിസ്മരിക്കുകയും, കുറച്ചു കഴിയുമ്പോള്‍ വീണ്ടും ഉത്തരവ് ഇറക്കി ഓര്‍മിപ്പിക്കുകയും ചെയ്യുന്നത് നമ്മുടെ രാജ്യത്ത് പതിവായി മാറിയിരിക്കുന്നു. നിയമങ്ങള്‍ കടലാസ്സില്‍ മാത്രമായി ഒതുങ്ങുകയുമാണ് ചെയ്യുന്നത്. കൂടുതലായുള്ള വിഷയങ്ങൾ, സ്കൂള്‍ ബാഗിന്റെ ഭാരം എന്നിവയുടെ കാര്യത്തില്‍, ഭാരത സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന എല്ലാ സ്കൂളുകളും നിര്‍ബന്ധമായി പാലിക്കണമെന്ന് നിർദേശിച്ചു കൊണ്ട് മാനവ വിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന പുതിയ നിയമം എത്രകാലം വിദ്യാർഥികളുടെ രക്ഷക്കെത്തുമെന്നു നാം കണ്ടു തന്നെ അറിയണം.

പുതിയ നിയമ പ്രകാരം സ്കൂല്‍ ബാഗിന്റെ ഭാരം
ഒന്നും രണ്ടും ക്ലാസ്സിലെ കുട്ടികളുടെ ബാഗിന് ഒന്നര കിലോ, മൂന്നു മുതല്‍ അഞ്ചാം ക്ലാസ്സ് വരെ മൂന്നു കിലോ വരെ, ആറ്, ഏഴ് ക്ലാസ്സുകാര്‍ക്ക് നാലു കിലോ, എട്ട് ഒന്‍പത് ക്ലാസ്സുകാര്‍ക്ക് നാലര കിലോ, പത്താം ക്ലാസ്സുകാര്‍ക്ക് അഞ്ചു കിലോ എന്ന രീതിയിലേ സ്കൂള്‍ ബാഗിന് ഭാരം ഉണ്ടാകാന്‍ പാടുള്ളൂ എന്നാണ് നിയമം അനുശാസിക്കുന്നത്. പാഠപുസ്തകങ്ങള്‍ കൂടാതെ കൂടുതല്‍ പുസ്തകങ്ങളോ മറ്റു പഠനോപാധികളോ ബാഗില്‍ കൊണ്ട് വരാനും പാടില്ല. എന്‍ സി ഇ ആര്‍ ടി നിർദേശിച്ചിട്ടുള്ള പ്രകാരം ഭാഷയും ഗണിത ശാസ്ത്രവും മാത്രമേ ഒന്നും രണ്ടും ക്ലാസ്സുകളില്‍ പഠിപ്പിക്കാന്‍ പാടുള്ളൂ. മൂന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസ്സുകളില്‍ ഭാഷയും ഗണിത ശാസ്ത്രവും പരിസ്ഥിതി പഠന/ ശാസ്ത്രവും പഠിപ്പിക്കാം. ഒന്നും രണ്ടും ക്ലാസ്സുകളില്‍ ഹോം വര്‍ക്ക് നല്‍കാനും പാടില്ല.

സ്കൂള്‍ ബാഗിന്റെ ഭാരം കുറച്ചില്ലെങ്കില്‍ ...
സ്കൂള്‍ ബാഗിന്റെ അമിത ഭാരം കുട്ടികളില്‍ സൃഷ്ടിക്കുന്ന ശാരീരികമായ പ്രശ്നങ്ങളെ കണക്കിലെടുത്ത് കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് മൂലം ഭാരത്തിനു പരിധി നിശ്ചയിച്ചിരിക്കുന്നത്. അമിത ഭാരമുള്ള സ്കൂൾ ബാഗ്‌ ദിവസവും പുറത്തു തൂക്കി നടക്കേണ്ടി വരുന്നത് കുട്ടികളുടെ സുഷുമ്നാ നാഡിക്ക് വൈകല്യങ്ങള്‍ വരാന്‍ കാരണമാകുന്നുണ്ട്. അമിത ഭാരം ഇടുപ്പുകള്‍ കൊണ്ട് താങ്ങേണ്ടി വരുമ്പോള്‍ കുട്ടികള്‍ കഴുത്ത് മുന്നോട്ട് തള്ളി കുനിഞ്ഞാണ് നടക്കേണ്ടി വരുന്നത്. പേശികള്‍ക്ക് സമ്മർദം വരുമ്പോള്‍ ഇത് മൂലം ചെറിയ തോതില്‍ നടുവേദന തുടങ്ങാനും ഇടയാകുന്നു. ഈ പ്രായത്തില്‍ കുട്ടികളില്‍ അത്തരം വേദനയുടെ ലക്ഷണങ്ങള്‍ ഒന്നും കണ്ടു തുടങ്ങണമെന്നില്ല. ക്രമേണ ശരീരത്തിന്റെ സംതുലനാവസ്ഥ നഷ്ടപ്പെടുന്നതിനും നാഡീവ്യൂഹ വ്യവസ്ഥകളുടെ വീക്കത്തിനും ഇത് കാരണമാകുന്നു. ചുമലുകള്‍ ഭാരത്തെ താങ്ങുമ്പോള്‍ ചുമലുകളിലെ പേശികള്‍ വലിഞ്ഞു ക്ഷതമുണ്ടാകുന്നതിനും കാരണമാകുന്നു. നിവര്‍ന്ന് നടക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമമായ ശരീര ഘടന എന്നാണ് വൈദ്യ ശാസ്ത്രം പറയുന്നത്. സ്കൂള്‍ ബാഗിന്റെ അമിതഭാരം നിവര്‍ന്ന് തലയുയര്‍ത്തി നടക്കാന്‍ കുട്ടികളെ അനുവദിക്കുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പേ മഹാരാഷ്ട്ര സംസ്ഥാനം പുറപ്പെടുവിച്ച ഉത്തരവ്, കുട്ടികള്‍ അവരുടെ ശരീരഭാരത്തിന്റെ പത്തു ശതമാനത്തില്‍ കൂടുതല്‍ ഭാരം ബാഗില്‍ തൂക്കരുത് എന്നായിരുന്നു. നട്ടെല്ലിനു ആരോഗ്യമില്ലെങ്കില്‍ പിന്നെ എത്ര വിദ്യാഭ്യാസം ലഭിച്ചാലും ഭാവിയില്‍ പ്രയോജനം ഉണ്ടാകില്ലെന്ന കാര്യം സ്കൂള്‍ അധികൃതരാണ് മനസ്സിലാക്കേണ്ടത്. സര്‍ക്കാരിന്റെ ഉത്തരവുകളെ പ്രാബല്യത്തില്‍ വരുത്താന്‍ സ്കൂള്‍ അധികൃതരോട് സമ്മര്‍ദം ചെലുത്തേണ്ടത് മാതാപിതാക്കളാണ്.

സ്കൂള്‍ ബാഗിന്റെ ഭാരം കുറക്കാനുള്ള മാര്‍ഗങ്ങള്‍


1. പേപ്പര്‍ നോട്ട്സ്
ഓരോ വിഷയങ്ങളും വെള്ള പേപ്പറില്‍ എഴുതുകയും അധ്യാപകരുടെ തിരുത്തലുകള്‍ക്ക് ശേഷം അത് പ്രത്യേകം ഫയല്‍ ചെയ്തു വീട്ടില്‍ സൂക്ഷിക്കുകയാണെങ്കില്‍ ആവശ്യമുള്ള പേപ്പറുകള്‍ മാത്രം അതാത് ദിവസം സ്കൂളില്‍ കൊണ്ട് പോയാല്‍ മതിയാകും. ക്ലാസ്സ്‌ വര്‍ക്കിനും ഹോം വര്‍ക്കിനുമായി പ്രത്യേകം നോട്ട് ബുക്കുകള്‍ ഓരോ വിഷയത്തിനുമായി കൊണ്ട് പോകേണ്ടി വരുന്നതിനാലാണ് ബാഗിന് അമിതമായ ഭാരം വരുന്നത്. ഹോം വര്‍ക്കുകള്‍ എങ്കിലും പേപ്പറില്‍ എഴുതി സൂക്ഷിക്കുകയാണെങ്കില്‍ ഒരു പരിധി വരെ ഭാരം കുറക്കാന്‍ സാധിക്കും.

2. ഒറ്റ ബുക്കില്‍ മൂന്നു വിഷയങ്ങള്‍
ഒരു നോട്ടു ബുക്കില്‍ മൂന്നോ നാലോ വിഷയങ്ങളുടെ ക്ലാസ്സ്‌ നോട്ടു എഴുതാന്‍ ഉപയോഗിച്ചാല്‍ ബുക്ക്‌ വാങ്ങുന്നതിന്റെ ചിലവും ലാഭിക്കാം ബാഗിന്റെ ഭാരവും കുറയ്ക്കാം.

3. ക്ലാസ്സ്‌ റൂം അലമാരകള്‍
എന്നും ആവശ്യം ഇല്ലാത്ത ബുക്കുകള്‍, മറ്റു പഠനോപാധികള്‍, കനം കൂടിയ ടെക്സ്റ്റ്‌ ബുക്കുകള്‍ എന്നിവ ക്ലാസ്സ്‌ റൂമിലെ അലമാരകളില്‍ തന്നെ എല്ലാ കുട്ടികളുടെയും സൂക്ഷിക്കുക. അതാത് ദിവസം പഠിക്കാനും ഹോം വര്‍ക്ക് ചെയ്യാനും ആവശ്യമായ ബുക്കുകള്‍ മാത്രം അധ്യാപകര്‍ വീട്ടിലേക്ക് കൊടുത്ത് വിടുക.

4. പാഠപുസ്തകങ്ങളുടെ വലുപ്പം കുറയ്ക്കുക
മിക്ക സംസ്ഥാനങ്ങളിലെയും സ്വകാര്യ സ്കൂളുകള്‍ സ്വീകരിച്ചിരിക്കുന്ന രീതിയാണിത്‌. മൂന്നോ നാലോ ടേമുകളായി ഒരു വര്‍ഷത്തെ സിലബസിനെ തിരിക്കുകയും അതാത് ടേമി ലേക്ക് ഓരോ വിഷയത്തിന്റെയും പാഠപുസ്തകങ്ങള്‍ അച്ചടിക്കുകയും ആണ് അവര്‍ ചെയ്യുന്നത്. അപ്പോള്‍ ഓരോ ടേം കഴിയുമ്പോള്‍ ആ ബുക്കുകള്‍ വീട്ടില്‍ സൂക്ഷിച്ച് അടുത്തത് സ്കൂളിലേക്ക് കൊണ്ട് വരാന്‍ സാധിക്കും. ഒരു വര്‍ഷത്തേക്കുള്ള മുഴുവന്‍ ഭാരവും എന്നും കുട്ടികള്‍ ചുമക്കേണ്ടി വരില്ല.

5. നൂതന സാങ്കേതിക വിദ്യകള്‍
ഓരോ സ്കൂളുകളിലെയും സൗകര്യം അനുസരിച്ചു നൂതനമായ സാങ്കേതിക വിദ്യകള്‍ പഠനോപാധികളാക്കി മാറ്റിയാല്‍ പരമ്പരാഗത ശൈലിയിലുള്ള പുസ്തക ഭാരം കുറക്കാന്‍ കഴിയും. സ്മാര്‍ട്ട്‌ ക്ലാസ്സുകളിലൂടെയുള്ള ഡിജിറ്റല്‍ രീതിയിലുള്ള പഠിപ്പിക്കല്‍ കുട്ടികള്‍ക്കും താല്പര്യം വര്‍ദ്ധിപ്പിക്കും. ഓരോ വിഷയങ്ങള്‍ക്കും ടീച്ചിംഗ് എയിഡായി നിരവധി സി ഡി കളും, ആപ്പുകളും ഇന്ന് ലഭ്യമാണ്. സ്കൂളില്‍ പഠിപ്പിച്ച കാര്യങ്ങള്‍ കുട്ടികള്‍ക്ക് വീട്ടില്‍ പോയി പുസ്തകത്തിലൂടെ വായിച്ചു പഠിച്ചാല്‍ മതിയാകുമല്ലോ. വര്‍ക്ക് ഷീറ്റുകള്‍, ഗണിത ശാസ്ത്രത്തിലെ വിവിധ മെത്തേ‍‍ഡുകള്‍ എല്ലാം അധ്യാപകര്‍ കുട്ടികള്‍ക്ക് ഇ മയില്‍ ചെയ്തു കൊടുത്താല്‍ കുട്ടികള്‍ അത് പ്രിന്റ്‌ എടുത്തു സൂക്ഷിക്കാന്‍ സാധിക്കും. നല്ലൊരു ശതമാനം വിദ്യാർഥികളുടെയും മാതാപിതാക്കള്‍ ഇന്ന് സ്വന്തമായി ലാപ്ടോപ്പും ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉള്ള മൊബൈല്‍ ഫോണും ഉള്ളവരാണ്. ആ സൗകര്യത്തെ കുട്ടികള്‍ക്ക് കൂടി ഉപയോഗപ്രദമാക്കി മാറ്റാന്‍ അധ്യാപകരും മാതാപിതാക്കളും മുന്നോട്ട് വരണം.

സ്കൂള്‍ ബാഗിന്റെ അമിത ഭാരം കുറയ്ക്കുക എന്നത് കൊണ്ട്, കുട്ടികള്‍ അമിതമായി ഒന്നും പഠിക്കേണ്ട എന്നല്ല ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ തുടരുന്ന എല്ലാ വിഷയങ്ങളും നല്ല രീതിയില്‍ തന്നെ പഠിക്കാന്‍, സ്കൂള്‍ ബാഗിന്റെ അമിത ഭാരം കുറച്ചു കൊണ്ട് എങ്ങനെ കുട്ടികളുടെ ആരോഗ്യത്തെ സംരക്ഷിക്കാം എന്നാണ് ചിന്തിക്കേണ്ടത്. ഇതിനായി എല്ലാവർക്കും സ്വാഗതാര്‍ഹമായ നടപടികളാണ് സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്. ന്യായവും നല്ലതുമായ തീരുമാനങ്ങളെ അംഗീകരിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. നല്ല നിർദേശങ്ങള്‍ സ്കൂള്‍ അധികൃതരോട് ശുപാര്‍ശ ചെയ്യുകയുമാകാം.