കുട്ടികളെ എങ്ങനെ ധൈര്യശാലികളാക്കി വളർത്താം ?
ലക്ഷ്മി നാരായണൻ
കുഞ്ഞുങ്ങളെ എങ്ങനെ വളർത്തും എന്നതിനെ പറ്റി ആകുലപ്പെടുന്നവരാണ് ഇന്നത്തെ മാതാപിതാക്കൾ. കാരണം സമൂഹത്തിൽ നിന്നും കൂട്ടുകുടുംബത്തിലെ നിന്നും കാര്യങ്ങൾ സ്വയം പഠിച്ചെടുക്കാനും അതിനൊത്ത പെരുമാറാനുമൊന്നുമുള്ള അവസരം ഇന്നില്ല. അതിനാൽ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് സ്വഭാവ രൂപീകരണത്തിലാണ്. കുഞ്ഞുങ്ങളെ ആത്മവിശ്വാസമുള്ളവരും ധൈര്യശാലികളുമാക്കി മാറ്റുക എന്നതാണ് മാതാപിതാക്കൾക്ക് അവരോടു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം. കാരണം ആത്മവിശ്വാസം ഉണ്ടെങ്കിൽ അവർ ഏത് സാഹചര്യത്തെയും എളുപ്പത്തിൽ നേരിടും. തന്റെ വീഴ്ചകൾ തുറന്നു സമ്മതിക്കാനും അത് തിരുത്താനും അവർക്ക് യാതൊരു മടിയുമുണ്ടാകില്ല. അതിനാൽ ആത്മവിശ്വാസത്തോടെ കുട്ടികളെ വളർത്താൻ ചില മുന്നൊരുക്കങ്ങളാവാം
അപകർഷതാബോധം മാറ്റുക
മാതാപിതാക്കളുടെ അസാന്നിധ്യത്തിലും സാന്നിധ്യത്തിലും ചില കുട്ടികൾക്ക് അപകർഷതാബോധം ഉണ്ടാവാറുണ്ട്. തനിക്ക് ശ്രദ്ധ ലഭിക്കുന്നില്ല. സഹോദരങ്ങളോടാണ് സ്നേഹം തുടങ്ങിയ കാരണങ്ങളാണ് ഇതിനു പിന്നിൽ. കുട്ടിയുടെ അപകർഷതാബോധം മാറ്റിയെടുക്കാൻ അവൻ മറ്റുള്ളവരിൽ നിന്ന് സ്പെഷ്യലാണെന്ന് ബോധ്യപ്പെടുത്തണം. മാതാപിതാക്കൾക്കുള്ള വാത്സല്യവും സ്നേഹവും തുറന്നു പ്രകടിപ്പിക്കണം. കുട്ടിയുടെ കഴിവുകൾ എന്തുതന്നെയായാലും അത് പുറത്തുകൊണ്ടുവരുക. കൂടുതൽ പ്രോത്സാഹനം നൽകുക. മറ്റു കുട്ടികളുമായി ഒരിക്കലും അവനെ താരതമ്യം ചെയ്യാതിരിക്കുക
സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പഠിപ്പിക്കുക
ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ കാര്യമാണ് സ്വന്തമായി തീരുമാനങ്ങൾ എടുക്കുക എന്നത്. ചില മാതാപിതാക്കൾക്ക് മക്കൾ എന്തിനും ഏതിനും തങ്ങളോട് അഭിപ്രായം ചോദിക്കണം എന്ന വാശിയാണ്. എന്നാൽ ഇത് നന്നല്ല. മാതാപിതാക്കൾ അവരുടെ തീരുമാനങ്ങൾ കുട്ടിയുടെ മേൽ അടിച്ചേൽപ്പിക്കുകയല്ല വേണ്ടത്. കുട്ടിയെ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പഠിപ്പിക്കണം. അവനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമെന്നാണ് എടുക്കുമ്പോൾ ഇഷ്ടങ്ങൾ ചോദിക്കണം. തിരഞ്ഞെടുക്കേണ്ട വസ്ത്രം, ഭക്ഷണം, ഗെയിമുകൾ എന്നിങ്ങനെ എല്ലാ കാര്യത്തിലും കുട്ടിക്ക് തന്റെ അഭിപ്രായം വ്യക്തമാക്കാൻ അവസരം നൽകണം,
അവൻ സ്വയം ചെയ്യട്ടെ
കുട്ടികളുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്ത വളർത്തുന്നതല്ല സ്നേഹം. അവനെ അല്ലെങ്കിൽ അവളെ കാര്യപ്രാപ്തിയുള്ള വ്യക്തിയാക്കി മാറ്റുക എന്നതാണ്. അതിനാൽ ജോലിയുടെ ഉത്തരവാദിത്വങ്ങൾ കുട്ടികൾക്ക് ഏൽപ്പിച്ചുകൊടുക്കാം. സ്വന്തം കളിപ്പാട്ടങ്ങൾ അടുക്കി വയ്ക്കുന്നത് മുതൽ സ്വന്തം മുറികളും വൃത്തിയാക്കുന്നതും പുസ്തകങ്ങൾ എടുത്തു വയ്ക്കുന്നത് വരെയുള്ള കാര്യങ്ങൾ ആദ്യഘട്ടത്തിൽ അവന്റെ ഉത്തരവാദിത്വമായി നൽകാം. ഉത്തരവാദിത്വങ്ങൾ കുട്ടിയെ ഏൽപ്പിക്കുന്നതോടെ അവർ കൂടുതൽ പ്രാപ്തരും കരുത്തരുമാകും
തെറ്റുകൾ ചൂണ്ടിക്കാട്ടുക
കുട്ടികളുടെ ഭാഗത്തു നിന്നും തെറ്റുകൾ പറ്റുക എന്നത് സ്വാഭാവികമാണ്. എന്നാൽ അതവരെ പറഞ്ഞു ബോധ്യപ്പെടുത്താതെ ക്ഷമിക്കുന്നതോ കുറ്റപ്പെടുത്തുന്ന രീതിയിൽ പറയുന്നതോ ശരിയല്ല. വിമർശനം എപ്പോഴും ആരോഗ്യകരമായിരിക്കണം. അവർ ചെയ്ത പ്രവർത്തിയിൽ തെറ്റെന്താണ് എന്ന് ചൂണ്ടിക്കാട്ടി അത് തിരുത്തുന്നതിനുള്ള മാർഗ നിർദേശം നൽകണം. അവർ തെറ്റു തിരുത്തി എന്ന് ഉറപ്പ് വന്നാൽ അവരെ പ്രശംസിക്കുകയും വേണം.
നല്ല സൗഹൃദങ്ങൾ വളരട്ടെ
കുട്ടികൾക്കു സമാനപ്രയത്തിലുള്ള കുട്ടികളുമായി ഇടപഴകുന്നതിനും സൗഹൃദം വളർത്തുന്നതിനും അവസരം നൽകണം. പഠനങ്ങൾ തെളിയിക്കുന്നത് സൗഹൃദങ്ങൾ മനോഹരമായി സൂക്ഷിക്കുന്ന കുട്ടികൾക്ക് സ്ട്രെസ് ഉണ്ടാകില്ല എന്നും അവർക്ക് കാര്യപ്രാപ്തി കൂടുതലായിരിക്കും എന്നുമാണ്. നല്ല സുഹൃത്തുക്കൾ പോസറ്റിവ് എനർജിയുടെ ഉറവിടമാണ്. സൗഹൃദം കുട്ടികളിൽ സഭാകമ്പം ഇല്ലാതാക്കും. ഇത് ആത്മവിശവസം വർധിപ്പിക്കും.