കുട്ടികളെ

കുട്ടികളെ കൗൺസിലിങ്ങിന് വിധേയരാക്കുമ്പോൾ !

ലക്ഷ്മി നാരായണൻ

ഇന്ന് ആളുകൾ പലപ്പോഴും ആവശ്യത്തിനും ഇല്ലാതെയും ഉപയോഗിക്കുന്ന ഒരു വാക്കാണ് കൗൺസിലിങ്. പ്രത്യേകിച്ച് അൽപം കുസൃതിയും വാശിയുമുള്ള ഒരു കുട്ടിയെ കണ്ടാൽ ഉടനടി നാട്ടുകാരുടെ ഉപദേശം വരും 'ഇവനെ ഒന്ന് കൗൺസിലിങ്ങിന് വിട്ടു കൂടെ' . അങ്ങനെ തോന്നും വിധത്തിൽ ചെയ്യാനുള്ളതല്ല കൗൺസിലിങ്. അതിന് വ്യക്തമായ ചില ഉദ്ദേശ ലക്ഷ്യങ്ങൽ ഉണ്ട്. ഉപദേശിച്ച് നേരേയാക്കലാണ് കൗൺസിലിങ് എന്നാണ് മിഥ്യാധാരണ. തന്റെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയാൻ ഒരു വ്യക്തിയെ പരിശീലനം നേടിയ ഒരാൾ സഹായിക്കുകയാണ് കൗൺസിലിങിലൂടെ ചെയ്യുന്നത്.

കുട്ടികളുടെ പ്രശ്നങ്ങൾ ഒരിത്തിരി നേരം മനസ്സിരുത്തി കേൾക്കാനോ അവരോടൊപ്പം സമയം ചെലവഴിക്കാനോ മാതാപിതാക്കൾക്കു സമയമില്ലാത്ത അവസ്ഥയിൽ നിന്നുമാണ് കൗൺസിലിങ്ങിന്റെ ആവശ്യകത ഉണ്ടാകുന്നത്. പണ്ടൊക്കെ കൂട്ടുകുടുംബങ്ങളിൽ കുടുംബത്തിലെ ഒരു അംഗത്തിനുണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളും പ്രശ്നങ്ങളും ചർച്ച ചെയ്യാനുള്ള അവസരങ്ങൾ ഒരുപാടുണ്ടായിരുന്നു. എന്നാൽ ഇന്ന് അതല്ല അവസ്ഥ. പലവിധ പ്രശ്നങ്ങളുമായും കൗൺസിലർമാരെ തേടി വരുന്ന മാതാപിതാക്കളുണ്ട്. എന്നാൽ ഇതിൽ പ്രധാനമായും വരുന്നത് അനുസരണക്കേട്‌, നിയന്ത്രണാധീതമായ കുസൃതി എന്നിവയാണ്.

പ്രായത്തിനു യോജിക്കാത്ത ബന്ധങ്ങളിൽ ചെന്ന് പെടുക, പ്രായത്തിനു നിരക്കാത്ത വർത്തമാനം പറയുക തുടങ്ങിയ സാഹചര്യങ്ങളിലും കൗൺസിലിങ് ആവശ്യമായി വരാറുണ്ട്. കൗമാരക്കാരുടെ ഈ പ്രശ്നങ്ങൾക്ക് കൗൺസിലിങ് കൊണ്ടു പ്രയോജനമുണ്ടായേക്കാം. ഇതിനെ നമ്മൾ അഡോളസെന്റ് കൗൺസിലിങ് എന്നു പറയും. നിയന്ത്രധീതമായി ദേഷ്യം, വാശി എന്നിവ കാണിക്കുന്ന കുട്ടികൾക്ക് കൗൺസിലിങ്ങിന് പുറമെ ചികിത്സയും ആവശ്യമായി വരും. അത്തരം അവസ്ഥയിലുള്ളവർക്ക് മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സകൾ ആവശ്യമായി വന്നേക്കാം.

കൗൺസിലിങ്ങിനായി ഒരു കുട്ടിയെ കൊണ്ട് പോകുമ്പോൾ ദുർഗുണ പരിഹാരപാഠശാലയിലേക്ക് കൊണ്ട് പോകുന്ന പ്രതീതി ഉണ്ടാവരുത്.

അവരുടെ പ്രശ്നങ്ങൾ തുറന്നു സംസാരിക്കാനും അവർക്ക് പറയാനുള്ളത് കേൾക്കനുമായി ഒരു നല്ല സുഹൃത്തിന്റെ അടുത്തുകൊണ്ടു പോകുന്നു എന്ന രീതിയാണ് സ്വീകരിക്കേണ്ടത്.

കൗൺസിലിങ്ങിന് ശേഷം കൗൺസിൽ ചെയ്ത ആളുകൾ നൽകുന്ന മാർഗ നിർദേശങ്ങൾ അതേ പോലെ പിന്തുടരണം.

കുട്ടികളെ ക്ഷുഭിതരാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം.

മാറ്റത്തിന്റെ പാതയിലൂടെ കുട്ടികൾ സഞ്ചരിക്കുമ്പോൾ പഴയ കാര്യങ്ങൾ ഓർമപ്പെടുത്തരുത്.

കുട്ടികളെ പൂർണമായും പ്രകാശപൂരിതമായ ഒരു നല്ല നാളെയിലേക്ക് കൊണ്ടുവരാൻ മാതാപിതാക്കൾ കൂടെ നിൽക്കണം

Summary : What Every Parent Should Know About Counselling