കുഞ്ഞുവാവയെ മാമൂട്ടുമ്പോൾ, അമ്മമാർ അറിയാൻ

കുഞ്ഞ് ജനിച്ച് ആറുമാസം മുലപ്പാൽ മാത്രം നൽകിയാൽ മതിയെന്ന് ഡോക്ടർ പറഞ്ഞാലും അമ്മയ്ക്ക് ആധിയാണ്. കുഞ്ഞുവയറു നിറയുന്നുണ്ടോ, വെള്ളം കൊടുക്കാമോ എന്നിങ്ങനെ നൂറ് നൂറ് സംശയങ്ങളാണ് കടിഞ്ഞൂൽ അമ്മമാർക്ക്. അതിന്റെ കൂടെ പ്രായമായവരുടെ അഭിപ്രായങ്ങൾ വേറെയും. കുഞ്ഞിനു പാലു മാത്രം കൊടുത്താൽ എങ്ങനെയാ? കുറുക്കു കൊടുത്തു തുടങ്ങൂ, പഴയകാലത്തെ കഥകൾ നിരത്തി അവർ പറഞ്ഞു തുടങ്ങും. ഇതു കേൾക്കുമ്പോൾ അമ്മയുടെ ടെൻഷൻ പിന്നെയും കൂടും.

സാധാരണ ശരീരഭാരത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആവശ്യമായ ഊർജ്ജവും മറ്റ് പോഷകഘടകങ്ങളും ആറു മാസം മുലപ്പാലിൽ നിന്ന് ലഭിക്കും. അതിനുശേഷം കുറുക്കുകൾ കൊടുത്തു തുടങ്ങാം. പശുവിൻ പാലിൽ കുഞ്ഞിന് കറുക്കുണ്ടാക്കുമ്പോൾ എത്ര പാൽ എടുക്കുന്നോ അതിന്റെ ഇരട്ടി വെള്ളം ചേർത്ത് നന്നായി വേവിച്ചു കൊടുക്കണം.

കുഞ്ഞിനുണ്ടാക്കുന്ന ആഹാരത്തില്‍ ചേർക്കുന്ന എണ്ണ, നെയ്യ് ഇവയുടെയെല്ലാം ഗുണനിലവാരം ഉറപ്പു വരുത്തണം.

ആറുമാസത്തിനു ശേഷം മുട്ടയുടെ മഞ്ഞക്കരു വാട്ടിക്കൊടുക്കുന്നത് വിറ്റമിൻ എ യുടെ ലഭ്യത ഉറപ്പാക്കുന്നു. ഒരു വയസിനു ശേഷം മുട്ടയുടെ വെള്ള കൊടുത്തു തുടങ്ങുന്നതാണ് നല്ലത്. പയറു വർഗങ്ങൾ, അണ്ടിപ്പരിപ്പ്, മത്സ്യം, മാംസം ഇവയും ആഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾക്ക് പഴച്ചാറു നൽകുമ്പോൾ മധുരം ചേർത്ത് നൽകാതിരിക്കുന്നതാണ് നല്ലത്.

കുഞ്ഞിന് ഭക്ഷണം കൊടുത്തു തുടങ്ങുമ്പോൾ വാരിവലിച്ചു കൊടുക്കാതിരിക്കുക, തുടക്കത്തിൽ ഒരു നേരം മാത്രം കൊടുത്താൽ മതിയാകും. പച്ചക്കറികളും മീനും ധാന്യങ്ങളും കിഴങ്ങുവർഗങ്ങളും എല്ലാകൂടി തുടക്കത്തിലേ കൊടുക്കരുത്. ഇത് വയറിളക്കത്തിനും ഛർദ്ദിക്കും കാരണമാകും. ഏറ്റവും ചെറിയ അളവിൽ 1–2 സ്പൂൺ കൊടുത്തു തുടങ്ങുക. കുഞ്ഞിന്റെ ദഹന ശക്തി വർധിക്കുന്നതനുസരിച്ച് അളവ് കൂട്ടിക്കൊണ്ടുവരുക. ആവശ്യത്തിന് ശരീരഭാരം ഉള്ള കുട്ടികൾക്ക് നിർബന്ധിച്ചു ഭക്ഷണം കൊടുക്കരുത്. ഇത് അമിതവണ്ണത്തിന് വഴിവയ്ക്കും.

കുഞ്ഞിന്റെ ഭക്ഷണക്രമം അവന്റെ വളർച്ചയുടെ അടിത്തറയാണ്. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ അവന്റെ വളർച്ചയുടെ പടവുകൾ ഉറപ്പുള്ളതാക്കാൻ അമ്മയ്ക്കു മാത്രമേ കഴിയൂ.