ശകാരം

ശകാരം കൊണ്ട് കാര്യമില്ല, വികൃതിക്ക് പിന്നിലെ കാര്യങ്ങൾ അറിയാം

പലപ്പോഴും മാതാപിതാക്കൾ പറഞ്ഞുകേൾക്കുന്ന ഒരു കാര്യമാണ്, കുട്ടികളുടെ വാശിമൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ. എത്ര ശ്രമിച്ചിട്ടും ദിനം പ്രതി വാശിയും ശാഠ്യവും കൂടുന്നതല്ലാതെ കുറയുന്ന മട്ടില്ല. ഈ അവസ്ഥയിൽ കുഞ്ഞുങ്ങളെ അച്ചടക്കം പഠിപ്പിക്കുക എന്നത് എളുപ്പത്തിൽ നടപ്പുള്ള കാര്യമല്ല. വാശിക്കുടുക്കകളെ കൈകാര്യം ചെയ്യുന്നതിന് നല്ല ക്ഷമയും സഹനവും ആവശ്യമാണ്. ഇത്തരത്തിൽ കുട്ടികൾ വാശി കാണിക്കുമ്പോൾ മാതാപിതാക്കൾ ആദ്യം ചെയ്യുക കുട്ടികളുടെ സ്വഭാവരീതികൾ മനസിലാകാതെ അവരെ ശകാരിക്കുകയാണ്. എന്നാൽ ഇത്തരത്തിൽ ശകാരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും ഉണ്ടാകില്ല. ഒന്നുകിൽ കുട്ടികളുടെ വാശി വർദ്ധിക്കും അല്ലെങ്കിൽ ശകാരിച്ചവരുമായി കുട്ടികൾ അനിഷ്ടത്തിലാകും.

കുട്ടികളുടെ വാശിക്കും ദേഷ്യത്തിനും പിന്നിലെ യഥാർത്ഥ കരണങ്ങളെ കണ്ടെത്തുകയാണ് ഇവിടെ കാര്യം. കുട്ടികളിലെ ദുസ്വഭാവങ്ങള്‍ മിക്കവാറും പ്രായത്തിന്‍റെ ഭാഗമാണ് ക്രമേണ അത് കുറഞ്ഞ് വരികയും ചെയ്യും. ചെറിയ കുട്ടികളില്‍ ഇത്തരം സ്വഭാവം കാണുമ്പോള്‍ ശരിയായ പ്രശ്നം കണ്ടെത്താന്‍ സൂക്ഷ്മ നിരീക്ഷണം നടത്തുക. അല്പം ശ്രദ്ധിച്ചാൽ മാറ്റിയെടുക്കാൻ കഴിയുന്ന ചില കാരണങ്ങൾ മൂലമാകാം കുട്ടികൾ വാശിപിടിക്കുന്നത്.

1 ആകാംഷ - കുട്ടികള്‍ ശല്യക്കാരാകുന്നതിനുള്ള ഒരു കാരണമാണിത്. അവര്‍ ചുറ്റുപാടും ഉള്ളതിനെക്കുറിച്ചെല്ലാം അറിയാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാൽ പലപ്പോഴും അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാതെ വരുന്നു. അപ്പോൾ അനുഭവപ്പെടുന്ന അസഹിഷ്ണുത അവരെ ദേഷ്യക്കാരും വാശിക്കാരുമാക്കി മാറ്റുന്നു.

2.സ്വാഭാവിക വികാരപ്രകടനം മാത്രം - ചില കുട്ടികളെ സംബന്ധിച്ച് വാശി, ദേഷ്യം എന്നിവ അവരുടെ സങ്കടവും ഭയവും ആശങ്കകളും പ്രകടിപ്പിക്കുന്നതിനുള്ള വഴിയാണ് . ഇത്തരത്തിലുള്ള അവസ്ഥകൾ താങ്ങാനാവാതെ വരുമ്പോള്‍ കുട്ടികള്‍ ഒച്ചയിടുകയോ അലറുകയോ ചെയ്യും. ഇത് സ്വാഭാവികമാണ്. എന്നാൽ ഇത് മനസ്സിലാക്കണമെങ്കിൽ കുട്ടികളുടെ സ്വഭാവത്തെപ്പറ്റി ശരിയായ അറിവുണ്ടായിരിക്കണം

3. ഉള്‍പ്രേരണ - മിക്ക കുട്ടികള്‍ക്കും തങ്ങളുടെ ഉള്‍പ്രേരണകളെ നിയന്ത്രിക്കാനാവില്ല. ഇത് അവരുടെ സ്വഭാവത്തില്‍ പ്രകടമാകും. തീര്‍ച്ചയായും കുട്ടികള്‍ക്ക് തങ്ങളുടെ വികാരങ്ങള്‍ ശരിയായി നിയന്ത്രിക്കാനാവില്ല. ഇക്കാരണത്താല്‍ അവര്‍ കോപിക്കുകയും ശബ്ദമുയര്‍ത്തി സംസാരിക്കുകയും ചെയ്യും. കുട്ടികളെ ഇങ്ങനെ ചെയ്യുന്നതിനായി പ്രേരിപ്പിക്കുന്ന സാഹചര്യങ്ങൾ ആദ്യം മനസിലാക്കുക.

4. സ്വാതന്ത്ര്യം - തങ്ങളെ അടക്കി നിര്‍ത്തുന്നതായി തോന്നുന്നതിനാല്‍ മാത്രം ചില കുട്ടികള്‍ മിടുക്കരാകുന്നു. എന്നാൽ വേറെ ചില കുട്ടികളാകട്ടെ അമിതമായി അവരെ അടക്കി നിർത്തുന്നു എന്ന് തോന്നിയാൽ പ്രശ്നക്കാരാകുന്നു. ഇത്തരത്തിലുള്ള കുട്ടികളിലാണ് വാശിയും ദേഷ്യവും കൂടുതലായി കാണുന്നത്. എന്നാൽ ഇത് മനസിലാക്കാതെ മാതാപിതാക്കൾ വീണ്ടും ശകാരവുമായി അടുത്ത് കൂടുന്നു. അതോടെ പ്രശ്നം വീണ്ടും ഗുരുതരമാകുന്നു.