കുട്ടികളെ ഇങ്ങനെ വളർത്തിയാൽ ഉറപ്പായും അവർ വഷളാകും!
ഒരു കുട്ടി, രണ്ടു കുട്ടി, കൂടിപ്പോയാല്‍ മൂന്നു കുട്ടി...ഇതില്‍ കൂടുതല്‍ കുട്ടികളുള്ള ഒരു കുടുംബമാണ് നിങ്ങളുടേതെങ്കില്‍ ആരില്‍ നിന്നെങ്കിലുമൊക്കെ 'ഓ' എന്നൊരു കമന്റ് തീര്‍ച്ചയായും കിട്ടിയിട്ടുമുണ്ടാകും. കേരളത്തില്‍ സാമൂഹികമായ ഒരലിഖിത നിയമമായി അണുകുടുംബം എന്ന കോണ്‍സെപ്റ്റ് മാറിയിരിക്കുന്നു എന്നത് തന്നെ കാരണം. കുട്ടികളുടെ എണ്ണം കുറഞ്ഞപ്പോള്‍, പക്ഷെ അവരെ എങ്ങനെ വളര്‍ത്തണം എന്ന ഉപദേശത്തിനു കൂടുതല്‍ പ്രചാരംകിട്ടി എന്ന് തോന്നുന്നു. പണ്ടത്തെ പോലെയല്ല, ഗര്‍ഭം ധരിച്ചു തുടങ്ങുന്ന നാളുകളില്‍ തന്നെ അച്ഛനമ്മമാര്‍ക്ക് കിട്ടി തുടങ്ങും കുട്ടിയെ വളര്‍ത്തേണ്ട രീതികളെ കുറിച്ചുള്ള ഉപദേശങ്ങള്‍. പക്ഷെ എന്നിട്ടും പിള്ളേരൊന്നും തെളിച്ച വഴിക്കല്ല എന്ന പരാതിയാണ് പലയിടത്തു നിന്നും കേള്‍ക്കുന്നതെന്നു മാത്രം.
ഇനിപ്പറയുന്ന കാര്യങ്ങള്‍ എങ്ങനെയൊക്കെ കുട്ടികളെ വളര്‍ത്താമെന്നതല്ല മറിച്ചു എങ്ങനെയൊക്കെ വളര്‍ത്തിയാല്‍ അവരെ വഷളാക്കിയെടുക്കാം എന്നതാണ്.
1. കുട്ടികള്‍ പറയുന്ന ബഹുഭൂരിപക്ഷം കാര്യങ്ങളും സാധിച്ചുകൊടുക്കുക. അവര്‍ എന്ത് ചോദിച്ചാലും അങ്ങ് വാങ്ങി കൊടുക്കുക. പണവും മെറ്റീരിയലിസ്റ്റിക്കായിട്ടുള്ള കാര്യങ്ങള്‍ക്കും ആണ് ജീവിതത്തില്‍ പരമപ്രാധാന്യം എന്ന് അവരറിയാതെ തന്നെ നമ്മുടെ പ്രവൃത്തികളിലൂടെ അവരെ ബോധ്യപ്പെടുത്തുക.
2. കുട്ടിയാണ് ലോകത്തിന്റെ തന്നെ സെന്റര്‍ എന്ന് തോന്നിക്കും വിധം പെരുമാറുക. എന്തെങ്കിലും വാങ്ങിയാല്‍ (പ്രത്യേകിച്ചും ഇഷ്ടപ്പെട്ട
ഭക്ഷണ സാധനങ്ങള്‍) കുട്ടിയുടെ ആവശ്യം കഴിഞ്ഞേ മുതിര്‍ന്നവര്‍ എടുക്കു എന്നുറപ്പു വരുത്തുക. ഷെയറിങ്ങിന്റെ ആവശ്യമോ, അതില്‍ നിന്ന് ലഭിക്കുന്ന സന്തോഷവും സംതൃപ്തിയുമോ ഒന്നും കുഞ്ഞു അറിയുകയേ ചെയ്യരുത് എന്ന അവസ്ഥ സൃഷ്ടിക്കുക.
3. ഒരിക്കലും കുഞ്ഞിനെ അച്ചടക്കം പഠിപ്പിക്കാന്‍ ശ്രമിക്കരുത്. അവനോ അവളോ സ്വതസിദ്ധമായ രീതിയിലങ് വളരട്ടെ എന്ന് കരുതണം. അതാണ് കൂള്‍, അതാണ് ഫ്രീക് എന്നൊരു കാഴ്ച്ചപ്പാടാകണം മാതാപിതാക്കള്‍ക്ക്. എന്നാലേ കാലത്തിനൊപ്പം അവര്‍ക്കു സഞ്ചരിക്കാനാവൂ എന്ന തോന്നല്‍.
4. അയൽപക്കത്തെ കുട്ടിയുമായി വഴക്കുണ്ടാക്കിയാല്‍ അങ്ങ് കണ്ണടച്ചേക്കണം. എന്തായാലും വളര്‍ന്നു വന്നാല്‍ ജീവിക്കേണ്ടതു ഒരു ദുഷിച്ച ലോകത്താണല്ലോ. അതിനൊരു പ്രാക്ടീസ് ചെറുപ്പത്തിലേ തുടങ്ങുന്നത് നല്ലതാണ് എന്ന മട്ടായിരിക്കണം നമുക്ക്. എങ്ങനെ ?
5. കുട്ടിയുടെ പ്രശ്‌നങ്ങള്‍ സംസാരിക്കാനായി അദ്ധ്യാപകര്‍ എപ്പോഴെങ്കിലും വിളിപ്പിച്ചാല്‍ കഴിയുമെങ്കില്‍ ആ ഭാഗത്തേക്ക് പോകാതിരിക്കുക. ഇനി പോയാല്‍ത്തന്നെ കുട്ടിയെ ന്യായീകരിച്ചേ സംസാരിക്കാവൂ.
6. കുട്ടികള്‍ക്കായി ഡ്രസ്സ് തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. കഴിയുമെങ്കില്‍ ഡിസൈനര്‍ ഡ്രസ്സ് തന്നെയാവാം. പുറമോടികളിലാണ് കാര്യങ്ങളുടെ മുഴുവന്‍ കിടപ്പെന്നു അവര്‍ക്കു തോന്നട്ടെ.
മുകളില്‍ പറഞ്ഞ പല കാര്യങ്ങള്‍ക്കും ആക്ഷേപഹാസ്യത്തിന്റെ ചുവയുണ്ടെങ്കിലും പലപ്പാഴും നിത്യജീവിതത്തില്‍ മാതാപിതാക്കള്‍ക്ക് പറ്റുന്ന കൈപ്പിഴകളുടെ അതിശയോക്തികലര്‍ന്ന ഒരാവിഷ്‌കാരം മാത്രമാണത്.
ചെറിയതോതിലെങ്കിലും ഇപ്പറിഞ്ഞ ഏതെങ്കിലുമൊക്കെ കാര്യങ്ങള്‍ കുട്ടികളറിയാതെ അവരുടെ മനസിലെത്തിക്കുന്നതിനു മാതാപിതാക്കള്‍ കാരണക്കാരാവാറുണ്ട്. കുട്ടികളുടെ മനസിലുടലെടുക്കുന്ന വികലമായ പല ചിന്താഗതികളുടെയും സ്വഭാവദൂഷ്യങ്ങളുടെയും അടിസ്ഥാനം മുതിര്‍ന്നവരില്‍ നിന്ന് സംഭവിക്കുന്ന ഈ കൊച്ചു കൊച്ചു തെറ്റുകളാണ്.