നിങ്ങളുടെ മക്കളെ ഈ വിഡിയോ കാണിച്ചു കൊടുക്കൂ!
മറ്റുള്ളവരോടുള്ള കരുതലിലും കരുണയിലും വേണം കുട്ടികൾ വളർന്നു വരേണ്ടത്. മുതിർന്നവരെ ബഹുമാനിക്കാനും അവർക്കുവേണ്ട സഹായം ചെയ്യാനുമൊക്കെ കുട്ടികളെ ചെറു പ്രായത്തിൽത്തന്നെ ശീലിപ്പിക്കേണ്ടതുണ്ട്. അങ്ങനെയുള്ള കുട്ടികളേ സാമൂഹിക പ്രതിബദ്ധതയുള്ളവരായി തീരുകയുള്ളൂ. മൗറീസ് ആഡംസ് എന്ന എട്ടുവയസ്സുകാരന്റെ ഈ വിഡിയോ എല്ലാ കുട്ടികൾക്കും മുതിർന്നവർക്കും മാതൃകയാണ്.
സ്ക്കൂളിൽ നിന്നും അമ്മയുമൊത്ത് കാറിൽ മടങ്ങുകയായിരുന്ന മൗറീസ് വഴിയരികെ ഒരു കാഴ്ച കണ്ട് അമ്മയോട് കാറ് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഒരു പ്രായമേറിയ സ്ത്രീ വോക്കറിൽ വളരെ ബുദ്ധിമുട്ടി നടക്കുകയായിരുന്നു. വോക്കറുമായി പടവുകൾ കയറാൻ പാടുപെടുന്ന ആ വൃദ്ധയുടെ അരികിലേയ്ക്ക് മൗറീസ് ഓടിയെത്തി.
ആ സ്ത്രീയെ ചേർത്തു പിടിച്ച് പടവുകൾ കയറാൻ അവരെ സഹായിക്കുന്ന മൗറീസിന്റെ വിഡിയോ ആളുകൾ ഏറ്റടുത്തു കഴിഞ്ഞു. ഈ മനോഹരമായ കാഴ്ച കണ്ടെത്തിയ ഏതോ ഒരാൾ അത് പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. അത് അവന്റെ അമ്മയോ അവനോ അറിഞ്ഞതേയില്ല. അവരെ സഹായിച്ചതിനു ശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ തന്റെ കാറ് തുറന്ന് അകത്തുകയറുന്ന ആ എട്ടുവയസ്സുകാരൻ അനുകരണീയൻ തന്നെയാണ്.
ഇത്തരമൊരു കാഴ്ച കണ്ടാൽ നമ്മിൽ എത്രപേർ മൗറീസിനെപ്പോലെ പെരുമാറും, മിക്കവരും അവരെ അവഗണിച്ച് പോകാനാണ് സാധ്യത. അവന്റെയുള്ളിലെ ആ നന്മ കെടാതെ സൂക്ഷിക്കാൻ അവനാകട്ടെ, അത്തരമൊരു നല്ല സന്ദേശം ലോകത്തിന് പകരാൻ ഈ വിഡിയോയ്ക്കുമാകട്ടെ.