Recipe 1 Recipe 2 Recipe 3

പൈനാപ്പിൾ മധുരക്കറി

ആവശ്യമുള്ള സാധനങ്ങൾ
  1. നല്ല പഴുത്ത മധുരമുള്ള പൈനാപ്പിൾ തൊലികളഞ്ഞു (പുറം ഭാഗത്തു വരുന്ന കറുത്ത കുത്തുകൾ ചിലർക്ക് അലര്ജി ഉണ്ടാക്കാറുണ്ട്; അത് നീക്കം ചെയ്താൽ കൂടുതൽ നല്ലതു) ഉൾഭാഗത്തെ കൂഞ്ഞയും കളഞ്ഞു വളരെ ചെറുതായി അരിഞ്ഞു എടുത്തത് - രണ്ടു കപ്പ്
  2. പച്ചമുളക് നെടുകെ കീറിയത് - അഞ്ചു എണ്ണം (എരിവ് അനുസരിച്ചു; നാട്ടിലെ എരിവുള്ള ഉണ്ടമുളകു ആണെങ്കിൽ അടിപൊളി സ്വാദു ആണുട്ടോ; അതാകുമ്പോ കുറച്ചു മുളക് മതി; എനിക്കിവിടെ കിട്ടില്ലല്ലോ.. കാന്താരി മുളക് ചേർത്ത് ചെയ്താലും നല്ല സ്വാദാണ്)
  3. കറിവേപ്പില - ഒരു പിടി
  4. മഞ്ഞൾ പൊടി - മുക്കാൽ റ്റീസ്പൂൺ
  5. കശ്‍മീരി മുളക് പൊടി - കാൽ റ്റീസ്പൂൺ (ഒരു ഓറഞ്ച് നിറം ലഭിക്കാൻ to മാത്രം; ഇത് നിര്ബന്ധമില്ല)
  6. ഉപ്പു ആവശ്യത്തിന്
  7. വെളിച്ചെണ്ണ - ആവശ്യത്തിന്
  8. മാഗി കോക്കനട്ട് മിൽക്ക് പൗഡർ - മുക്കാൽ കപ്പ്
  9. നല്ല ജീരകം / ചെറിയ ജീരകം - മുക്കാൽ റ്റീസ്പൂൺ
  10. ഇഞ്ചി നന്നായി ചതച്ചത് - ഒരു ചെറിയ കഷ്ണം
  11. കുരുമുളക് മുഴുവനോടെ - അര റ്റീസ്പൂൺ (മധുരത്തിന്റെ കൂടെ കുരുമുളകിന്റെ എരിവ് എനിക്ക് ഇഷ്ടമാണ്; ഇതിനു പകരം പച്ചമുളക് കൂടുതൽ ചേർത്താലും മതി)
  12. ഒട്ടും വെള്ളം ചേർക്കാത്ത നല്ല കട്ട തൈര് ഉടച്ചു എടുത്തത് - ഒന്നര കപ്പ് (മീഡിയം പുളിയുള്ള തൈരാണ്‌ നല്ലതു; പുളി അനുസരിച്ചു അളവ് വ്യതാസപെടുത്താം)
  13. ഉലുവ വറുത്തു പൊടിച്ചത് - കാൽ റ്റീസ്പൂൺ
  14. ഉലുവ - അര റ്റീസ്പൂൺ
  15. കടുക് - ഒരു റ്റീസ്പൂൺ
  16. വറ്റൽ മുളക് - നാലെണ്ണം രണ്ടായി മുറിച്ചത്
  17. ശർക്കര - രണ്ടു കഷ്ണം (മധുരം അനുസരിച്ചു;)
തയ്യാറാക്കുന്ന വിധം
  1. പൈനാപ്പിളിനു കുറച്ചു വേവ് കൂടുതൽ ആണ്; അതിനാൽ ഒരു കുക്കറിൽ ചെയ്യുന്നതാണ് എളുപ്പം; മൺചട്ടിയിൽ വേവിച്ചു ചെയ്‌താൽ കൂടുതൽ സ്വാദുണ്ടാകും എന്നതിൽ തർക്കമില്ല.. ഞാനിവിടെ കുക്കറിൽ ആണ് ചെയ്തത്; ഒരു കുക്കർ എടുത്തു പൈനാപ്പിളും ആവശ്യത്തിന് ഉപ്പും, പച്ചമുളകും ഇഞ്ചിയും അര റ്റീസ്പൂൺ മഞ്ഞൾ പൊടിയും കശ്‍മീരി മുളക് പൊടിയും അര പിടി കറിവേപ്പില കൈകൊണ്ടു രണ്ടോ മൂന്നോ ആയി കീറിയതും കൂടി നന്നായി ഇളക്കി യോജിപ്പിച്ചു വളരെ കുറച്ചു വെള്ളം (പൈനാപ്പിളിന്റെ മുക്കാൽ ഭാഗം മാത്രം) ഒഴിച്ച് കുക്കർ അടച്ചു മീഡിയം തീയിൽ 3 വിസിൽ കൊടുത്തു വേവിക്കുക; പ്രഷർ പോകാൻ കാത്തിരിക്കുക; ഈ സമയത്തു അരപ്പു തയ്യാറാക്കാം;
  2. മിക്സിയുടെ ജാറിൽ മാഗി കോക്കനട്ട് മിൽക്ക് പൗഡറും ജീരകവും കുരുമുളകും ബാക്കിയുള്ള മഞ്ഞൾ പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് വെണ്ണ പോലെ നല്ല മയത്തിൽ അരച്ചെടുക്കുക;
  3. പ്രഷർ പോയ ശേഷം കുക്കർ തുറന്നു അതിലേക്കു തേങ്ങയുടെ അരപ്പു ചേർത്ത് തുറന്നു വച്ച് മീഡിയം തീയിൽ വേവിച്ചു നന്നായി വറ്റിച്ചു എടുക്കുക; തേങ്ങയുടെ പച്ചമണം ശരിക്കും മാറണം; ഒപ്പം വെള്ളം ഒട്ടുമില്ലാത്തപോലെ വറ്റി വരണം; ചെറിയ തീയിൽ കൂടുതൽ സമയമെടുത്ത് ചെയ്‌താൽ കൂടുതൽ സ്വാദാണ്; ഉപ്പും എരിവും നോക്കി പാകപെടുത്താം; എരിവ് കുറവ് തോന്നിയാൽ പച്ചമുളകോ കുരുമുളകോ ചേർക്കാം; തേങ്ങാ വെന്തു കുറുകി തുടങ്ങുമ്പോൾ ശർക്കര ഉടച്ചു ചേർക്കാം; ഒപ്പം ഉലുവ വറുത്തു പൊടിച്ചതും ചേർത്ത് ഇളക്കി യോജിപ്പിക്കാം; അങ്ങിനെ ശർക്കരയും തേങ്ങയും എല്ലാം ചേർന്ന് വെന്തു നന്നായി കുറുകി വറ്റി വരുമ്പോൾ തീ ഓഫ് ചെയ്യാം; (ഒട്ടും വെള്ളം ഉണ്ടാകാൻ പാടില്ലാട്ടോ)
  4. തീ ഓഫ് ചെയ്ത ശേഷം ഉടനെ തന്നെ ഉടച്ചു വച്ച തൈര് ചേർത്ത് പെട്ടന്ന് തന്നെ കയ്യെടുക്കാതെ അഞ്ചാറു മിനിറ്റ് ഇളക്കി നന്നായി യോജിപ്പിക്കുക; ഉപ്പു, മധുരം നോക്കി ക്രമീകരിക്കാം; (തൈര് ഉടയ്ക്കുന്നതിനു മുൻപ് തൈരിനു മുകളിൽ തെളിഞ്ഞു നിൽക്കുന്ന വെള്ളം ഊറ്റി കളയണം; അല്ലെങ്കിൽ ലൂസ് ആയി ഇരിക്കും) വളരെ കുറുകിയിരിക്കുന്ന പരുവം ആണ് വേണ്ടത്; അല്ലാതെ ഒഴുകി പോവരുത് വിളമ്പുമ്പോൾ ; അതാണ് പരുവം
  5. ഒരു ചെറിയ പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു ഉലുവ പൊട്ടിച്ചു വറ്റൽമുളകും കറിവേപ്പിലയും പൊട്ടിച്ചു കറിക്കു മുകളിൽ ഒഴിച്ചാൽ സ്വാദിഷ്ടമായ മധുരവും എരിവും ഉള്ള പൈനാപ്പിൾ മധുരക്കറി റെഡി.

പച്ചമാങ്ങാ പച്ചടി

ആവശ്യമുള്ള സാധനങ്ങൾ
  1. നല്ല മൂത്ത മാങ്ങാ - ഒരെണ്ണം (ഞങ്ങളുടെ നാട്ടിലൊക്കെ ചെനച്ച മാങ്ങാ എന്ന് പറയും; അതായതു പഴുക്കുന്നതിനു തൊട്ടു മുൻപ് ഉൾഭാഗം മഞ്ഞ നിറം ആയി പുളി കുറഞ്ഞു വരുന്ന പരുവം; നല്ല മൂവാണ്ടൻ മാങ്ങ എന്റെ കൂട്ടുകാരൻ കൊണ്ടുവന്നപ്പോ അതുകൊണ്ടാ ഞാൻ ഉണ്ടാക്കിയത്) ഗ്രേറ്റ് ചെയ്തു എടുക്കുക (തൊലി ചെത്താൻ മറക്കണ്ട)
അരപ്പിനു
  1. ഉപ്പു - ആവശ്യത്തിന്
  2. കട്ടി തൈര് - ഒരു കപ്പ്
  3. മാഗി കോക്കനട്ട് മിൽക്ക് പൗഡർ - നാലു ടേബിൾ സ്പൂൺ
  4. കടുക് - അര റ്റീസ്പൂൺ
  5. പച്ചമുളക് - രണ്ടു മൂന്നു എണ്ണം (എരിവ് അനുസരിച്ചു - നാട്ടിലെ ഉണ്ടമുളകു ആണെങ്കിൽ രുചി പറയാനില്ല...)
  6. ഇഞ്ചി - ഒരു ചെറിയ കഷ്ണം
താളിക്കുന്നതിനു
  1. വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ
  2. കടുക് - അര റ്റീസ്പൂൺ
  3. വറ്റൽ മുളക് - രണ്ടെണ്ണം
  4. കറിവേപ്പില - ഒരു തണ്ടു
തയ്യാറാക്കുന്ന വിധം
  1. അരപ്പിനുള്ള എല്ലാം ചേർത്ത് മിക്സിയിൽ നല്ല വെണ്ണ പോലെ അരച്ചെടുക്കുക;
  2. ഈ അരപ്പ് ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന നല്ല മൂത്ത മാങ്ങയിലേക്കു ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു ആവശ്യമെങ്കിൽ അല്പം ഉപ്പും തൈരും ചെക്കാവുന്നതാണ്
  3. ഒരു ചെറിയ പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുകും, വറ്റൽമുളകും കറിവേപ്പിലയും പൊട്ടിച്ചു ഈ മാങ്ങാ കൂട്ടിനു മുകളിൽ ഒഴിക്കുക.
    പച്ചമാങ്ങാ പച്ചടി റെഡി...

ബീറ്റ്റൂട്ട് കിച്ചടി

ആവശ്യമുള്ള ചേരുവകകൾ: (10 പേർക്ക് സദ്യക്ക് വിളമ്പുന്നതിനു)
  1. ബീറ്റ്റൂട്ട് തൊലികളഞ്ഞു ഗ്രേറ്റ് ചെയ്തത് - ഒന്നര കപ്പ് (2 ചെറിയ ബീറ്റ്റൂട്ട്)
  2. പച്ചമുളക് കനം കുറച്ചു ചെരിച്ചു ചെറുതായി അരിഞ്ഞത് - 8 എണ്ണം (എരിവ് അനുസരിച്ചു; എരിവിനായി മറ്റൊന്നും ചേർക്കുന്നില്ല)
  3. സവാള ചെറിയ ചതുരക്കഷ്ണങ്ങൾ ആയി മുറിച്ചത് - അര കപ്പ് (ഒരു മീഡിയം വലുപ്പമുള്ളതു)
  4. മഞ്ഞൾ പൊടി - കാൽ റ്റീസ്പൂൺ
  5. ഉപ്പു - ആവശ്യത്തിന്
  6. മീഡിയം പുളിയുള്ള കട്ട തൈര് നന്നായി കട്ടയില്ലാതെ ഉടച്ചു എടുത്തത് - ഒരു കപ്പ്
  7. കടുക് - ഒന്നര റ്റീസ്പൂൺ
  8. വെളിച്ചെണ്ണ - ആവശ്യത്തിന്
  9. കറിവേപ്പില - ഒരു തണ്ടു
തയ്യാറാക്കുന്ന വിധം
  1. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തതും പച്ചമുളകും സവാളയും കൂടി ഒരുമിച്ചു ഇട്ടു അല്പം ഉപ്പു ചേർത്ത് തുറന്നു വച്ചു മീഡിയം തീയിൽ പച്ചമണം പൂർണമായും പോകുന്നതുവരെ നന്നായി വഴറ്റിയെടുക്കുക; തീ ഓഫ് ചെയ്തു വഴറ്റിയതിൽ പകുതിയെടുത്തു മിക്സിയിൽ 2 ടേബിൾസ്പൂൺ തൈരും അര റ്റീസ്പൂൺ കടുകും ചേർത്ത് നന്നായി അരച്ചെടുക്കുക; (അരച്ച കടുകിന്റെ മണമാണ് കിച്ചടിയുടെ സ്വാദും മണവും)
  2. വീണ്ടും അടുപ്പുകത്തിച്ചു അരക്കാത്ത വഴറ്റിക്കൊണ്ടിരിക്കുന്ന ബീറ്റ്റൂട്ട് കൂട്ടിലേക്ക്‌ അരച്ച ഭാഗം ചേർത്ത് നന്നായി യോജിപ്പിച്ചു അല്പം മഞ്ഞൾ പൊടി ചേർത്ത് ഉപ്പു നോക്കി നന്നായി വഴറ്റി വറ്റി വരുമ്പോൾ തീ ഓഫ് ചെയ്യുക; അതിലേക്കു ഉടച്ചു വച്ച തൈര് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക; ഒരു അഞ്ചു മിനിറ്റ് കയ്യെടുക്കാതെ ഇളക്കിയത് ആണ് തൈര് പിരിയാതെ ഇരിക്കുള്ളൂ; ഉപ്പു നോക്കി പാകപ്പെടുത്തുക;
  3. ഒരു ചെറിയ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ബാക്കിയുള്ള കടുക് പൊട്ടിച്ചു കറിവേപ്പില പൊട്ടിച്ചു താളിച്ചു ഒഴിച്ചാൽ നല്ല ബംഗിയും സ്വാദും ഉള്ള ബീറ്റ്റൂട്ട് കിച്ചടി റെഡി;