Recipe 1 Recipe 2 Recipe 3

വാഴപ്പൂവ്, ചേനവട കൂട്ടുകറി

ആവശ്യമുള്ള സാധനങ്ങൾ
  1. ചേന 1 കപ്പ്
  2. അരിപൊടി 1ടേബിൾ സ്പൂൺ
  3. പച്ചമുളക് 2 എണ്ണം
  4. വാഴക്കൂമ്പ് ഗ്രേറ്റ് ചെയ്തത് 1/2 കപ്പ്‌
  5. ചുവന്നുള്ളി 5എണ്ണം
  6. ഇഞ്ചി 1/2 ടീ സ്പൂൺ
  7. കറിവേപ്പില 1/2 ടീസ്പൂൺ
  8. തക്കോലം 1
  9. കറുകപ്പട്ട 1കഷ്ണം
  10. ഗ്രാമ്പൂ 4എണ്ണം
  11. തിപ്പലി 4എണ്ണം
  12. കുരുമുളക് 1/2ടീ സ്പൂൺ
  13. ജാതിക്കപൊടി 2നുള്ള്
  14. മഞ്ഞൾ പൊടി, ഉപ്പ് ആവശ്യത്തിന്
  15. കട്ടിക്ക് കലക്കിയ മാഗി കോക്കനട് മിൽക്ക് 2കപ്പ്‌
  16. മധുരകിഴങ്ങു 2എണ്ണം.
തയ്യാറാക്കുന്ന വിധം ഒരു പാത്രത്തിൽ ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന വാഴക്കൂമ്പും ചെറിയ ഉള്ളിയും ചേർത്ത് നന്നായി വഴറ്റുക ഇതിലേക്ക് അല്പം മഞ്ഞൾപൊടിയും ഉപ്പും ചേർക്കാം, വാഴക്കൂമ്പ് വെള്ളം വറ്റി നന്നായി വെന്ത് പാകമാകുമ്പോൾ തീ അണയ്ക്കുക. കഴുകി വൃത്തിയാക്കിയ ചേന ചെറിയ കഷണങ്ങൾ ആക്കി നുറുക്കുക ഇതിലേക്ക് 2 പച്ചമുളക് ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത ചേനയിലേക്കു വഴറ്റി വച്ചിരിക്കുന്ന വാഴക്കൂമ്പും ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയും ചെറുതായി അരിഞ്ഞ കറിവേപ്പിലയും ഇഞ്ചിയും ഒരു നുള്ള് ജീരകവും ആവശ്യത്തിന് ഉപ്പും ചേർത്ത് കുഴച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന ചേന മിശ്രിതം ഉപയോഗിച്ച് ചെറു വടകൾ ഉണ്ടാക്കി മാറ്റിവയ്ക്കാം. കഴുകി വൃത്തിയാക്കി ചെറുകഷ്ണങ്ങൾ ആക്കിയ മധുരകിഴങ്ങു ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് വഴറ്റുക ഇതിലേക്ക് 2മഞ്ഞളിന്റെ ഇലയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക, തുടർന്ന് മഞ്ഞൾ ഇല എടുത്തു മാറ്റുക ഇതിലേക്ക് കട്ടിയുള്ള 1കപ്പ്‌ മാഗി കോക്കനട് മിൽക്ക് ചേർക്കുക, ശേഷം 8-14 ചേരുവകൾ എല്ലാംകൂടി പൊടിച്ചു ചേർക്കുക 1/2 ടീ സ്പൂൺ ഗരം മസാലയും ചേർക്കുക, നന്നായി വെന്ത് കുറുകുമ്പോൾ ബാക്കിയുള്ള മാഗി കോക്കനട് മിൽക്ക് ചേർക്കാം. ശേഷം തയാറാക്കി വച്ചിരിക്കുന്ന വടകൾ ചേർക്കാം 5മിനുട്ട് കൂടി വേവിച്ച ശേഷം വാങ്ങിവച്ചു കടുക് താളിക്കുക.

കരിക്ക് റംബൂട്ടാൻ പച്ചടി

ആവശ്യമുള്ള സാധനങ്ങൾ
  1. ഇളം കരിക്ക് 2ടേബിൾ സ്പൂൺ
  2. റംബുട്ടാൻ ചെറുതായി നുറുക്കിയത് 3ടേബിൾ സ്പൂൺ
  3. പച്ചമുളക് 1എണ്ണം
  4. മാഗി കോക്കനട് മിൽക്ക് പൗഡർ 100 ഗ്രാം
  5. പഞ്ചസാര 1ടേബിൾ സ്പൂൺ
  6. കട്ടിത്തൈര് 1ടേബിൾ സ്പൂൺ
  7. ഉപ്പു പാകത്തിന്
  8. കടുക് ഒന്നേകാൽ ടീസ്പൂൺ
  9. ജീരകപൊടി 1/4 ടീസ്പൂൺ
  10. വെളിച്ചെണ്ണ 1ടേബിൾസ്പൂൺ
  11. കറിവേപ്പില 1തണ്ട്
  12. വറ്റൽ മുളക് 3എണ്ണം
തയ്യാറാക്കുന്ന വിധം ചെറുതായി നുറുക്കിയ റംബൂട്ടാനും കരിക്കും അരക്കപ് മാഗി കോക്കനട് മിൽക്ക് ചേർത്ത് നന്നായി വേവിക്കുക ഇതിലേക്ക് 1പച്ചമുളക് കീറിയിടുക വെന്ത് പാകമാകുമ്പോൾ പച്ചമുളക് എടുത്തു മാറ്റിയശേഷം 1ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കാം. 50 ഗ്രാം മാഗി കോക്കനട് മിൽക്ക് പൗഡർ ആവശ്യത്തിനു ചൂട് വെള്ളം ചേർത്ത് നല്ല കട്ടിയിൽ ക്രീം പോലെ കലക്കിയെടുക്കുക, ഇതിലേക്ക് 1ടീസ്പൂൺ കടുക് ചതച്ചതും ജീരകപൊടിയും ചേർത്ത ശേഷം വെന്ത റംബൂട്ടാൻ കൂട്ടിലേക്ക്‌ ചേർക്കാം, ചെറുതീയിൽ 2മിനിറ്റ് ഇളക്കി പച്ചമണം മാറുമ്പോൾ പാകത്തിന് ഉപ്പു ചേർത്ത് വാങ്ങാം തുടർന്ന് കട്ടിയുള്ള തൈര് ചേർക്കുക, ശേഷം കടുക് താളിക്കുക

മാഗി കോക്കനട് മിൽക്ക് പൗഡർ താള് ഇല (മടന്ത ഇല ) തോരൻ

ആവശ്യമുള്ള സാധനങ്ങൾ
  1. ചേമ്പിൻ താളിന്റെ ഇല 5എണ്ണം
  2. മാഗി കോക്കനട് മിൽക്ക് പൗഡർ 5ടേബിൾ സ്പൂൺ
  3. കടലമാവ് 2ടേബിൾ സ്പൂൺ
  4. അയമോദകം ഒരു നുള്ള്
  5. മഞ്ഞൾപൊടി ഒരു നുള്ള്
  6. മുളകുപൊടി 1/2ടീസ്പൂൺ
  7. ചൂടുവെള്ളം ആവശ്യത്തിന്
  8. വെളിച്ചെണ്ണ 1ടേബിൾ സ്പൂൺ
  9. കടുക് 1/2ടീസ്പൂൺ
  10. ചെറിയ ഉള്ളി അരിഞ്ഞത് 1/2 കപ്പ്‌
  11. വെളുത്തുള്ളി ചതച്ചത് 2അല്ലി
  12. കാന്താരി മുളക് ചതച്ചത് 1/2ടേബിൾ സ്പൂൺ
  13. തേങ്ങ ഗ്രേറ്റ് ചെയ്തത് 1ടേബിൾ സ്പൂൺ
  14. മഞ്ഞൾ പൊടി 1/2ടീസ്പൂൺ
  15. ജീരകപൊടി 1/4 ടീസ്പൂൺ
  16. വറ്റൽമുളക് 2എണ്ണം
  17. കറിവേപ്പില 1തണ്ട്
തയ്യാറാക്കുന്ന വിധം ഒരു ചെറിയ പാത്രത്തിൽ 4ടേബിൾ സ്പൂൺ മാഗി കോക്കനട് മിൽക്ക് പൗഡറും 2ടേബിൾ സ്പൂൺ കടലമാവും ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറു ചൂട് വെള്ളം ഒഴിച്ച് നല്ല കട്ടിയുള്ള ബാറ്റർ തയ്യാറാക്കുക ഇതിലേക്ക് ചേമ്പില ഒഴികെയുള്ള ആദ്യത്തെ ചേരുവകൾ ചേർക്കാം തുടർന്ന് ഈ ബാറ്റർ വൃത്തിയാക്കിയ ചേമ്പിലയിൽ തേച്ചു പിടിപ്പിക്കുക. ശേഷം ഇല ചുരുട്ടി 15മിനിറ്റ് ഇഡ്ഡലി തട്ടിൽ പുഴുങ്ങി എടുക്കാം. തയാറാക്കിയ ചേമ്പില കൂട്ടിനെ ചെറു കഷണങ്ങൾ ആക്കി നുറുക്കി വയ്ക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും വറ്റൽമുളകും കറിവേപ്പിലയും പൊട്ടിക്കുക ഇതിലേക്ക് ചതച്ചു വച്ച വെളുത്തുള്ളി ചേർത്ത് പച്ചമണം മാറുമ്പോൾ ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ചുവന്നുള്ളി കൂടി ചേർത്ത് വഴറ്റാം. ഉള്ളി നന്നായി വഴണ്ട് വരുമ്പോൾ ചതച്ചു വച്ച കാന്താരി മുളക്, മഞ്ഞൾപൊടി, ജീരകപൊടി, ഗ്രേറ്റ് ചെയ്ത തേങ്ങ ആവശ്യത്തിന് ഉപ്പു എന്നിവ ചേർത്ത് നന്നായി ഇളക്കി പാകപ്പെടുത്തുക, തുടർന്ന് ഇതിലേക്ക് 1ടേബിൾ സ്പൂൺ മാഗി കോക്കനട് മിൽക്ക് പൗഡർ ചേർത്ത് യോജിപ്പിക്കുക. നേരത്തെ അരിഞ്ഞു വച്ചിരിക്കുന്ന ചേമ്പിലകൂട്ടു ചേർത്ത് നന്നായി പാകപ്പെടുത്തി എടുക്കുക