മാരിടൈം കോഴ്സുകൾ

ആകർഷകമായ ശമ്പളം, കൂടുതൽ അവധി ദിനങ്ങൾ എന്നിവയുടെ ഗ്ലാമറുള്ള തൊഴിലുകളാണ് മാരിടൈം (മർച്ചന്റ് നേവി) കോഴ്സുകൾ വാഗ്ദാനം നൽകുന്നത്. ഇന്ത്യൻ, വിദേശ ഷിപ്പിങ് കമ്പനികളിൽ നേവൽ ആർക്കിടെക്ചർ, ഷിപ്പ് ബിൽഡിങ് എന്നീ രംഗങ്ങളിൽ ധാരാളം അവസരങ്ങൾ ലഭിക്കും.

ഇന്ത്യൻ മാരിടൈം സർവകലാശാലയുടെ ഡിപ്ലോമ, ഡിഗ്രി, ബിരുദാനന്തര പ്രോഗ്രാമുകൾ മർച്ചന്റ് നേവിയിൽ ജോലി നേടാൻ സഹായിക്കും. ചെന്നൈ, കൊച്ചി, കൊൽക്കത്ത, മുംബൈ, വിശാഖപട്ടണം എന്നീ കേന്ദ്രങ്ങളിൽ മാരിടൈം സർവകലാശാലയുടെ വിവിധ പ്രോഗ്രാമുകളുണ്ട്. മാരിടൈം സർവകലാശാലയുെട കീഴിൽ നോട്ടിക്കൽ സ്റ്റഡീസ്, മറൈൻ എൻജിനീയറിങ്, നേവൽ ആർക്കിടെക്ചർ, മാരിടൈം മാനേജ്മെന്റ്, മാരിടൈം ലോ എന്നീ സ്കൂളുകളുമുണ്ട്.

ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ്, ബിഎസ്‌സി നോട്ടിക്കൽ സയൻസ്, മാരിടൈം സയൻസ് എന്നിവ മൂന്നു വർഷത്തെ പ്രോഗ്രാമുകളാണ്. നോട്ടിക്കൽ ഡിപ്ലോമയ്ക്ക് ചേർന്നാൽ ബിഎസ്‌സി നോട്ടിക്കൽ സയൻസ് പൂർത്തിയാക്കാനുള്ള നടപടിക്രമങ്ങളുണ്ട്. ബിഎസ്‌സി ഷിപ്പ് ബിൽഡിങ് ആൻഡ് റിപ്പയർ തൊഴിൽ സാധ്യതയുള്ള കോഴ്സാണ്. മാരിടൈം എൻജിനീയറിങ്ങിൽ നാലു വർഷത്തെ ബി.ടെക്, ബി.ടെക് നേവൽ ആർക്കിടെക്ചർ, ഓഷൻ എൻജിനീയറിങ് എന്നിവയിൽ പ്ലസ്ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ 60% മാർക്കും ഇംഗ്ലിഷിൽ 50% മാർക്കുമാണു യോഗ്യത.

നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷൻ എൻജിനീയറിങ് എം.ടെക്, മാരിടൈം എൻജിനീയറിങ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, പോർട്ട് ആൻഡ് ഷിപ്പിങ്, ലോജിസ്റ്റിക്സ് എന്നിവയിൽ എം.ബി.എ, മാരിടൈം ലോയിൽ ബിരുദാനന്തര പ്രോഗ്രാം എന്നിവയുമുണ്ട്. മാരിടൈം യൂണിവേഴ്സിറ്റി നേരിട്ടും അംഗീകൃത കേന്ദ്രങ്ങൾ വഴിയും കോഴ്സുകൾ നടത്തിവരുന്നു. പ്രവേശന പരീക്ഷയുണ്ട്.