ബി.ആർക്കിന്റെ സാധ്യതകൾ

ബി.ആർക്ക് എന്നാൽ അഞ്ചുവർഷത്തെ ബാച്ചിലർ ഇൻ ആർക്കിടെക്ചർ കോഴ്സാണ്. കെട്ടിടങ്ങളുടെയും മറ്റു നിർമാണങ്ങളുടെയും പ്ലാനിങ്, ഡിസൈനിങ് എന്നിവയിൽ ആർക്കിടെക്ചർ എൻജിനീയറിങ് സാധ്യത ഏറെയുണ്ട്. പുരാതനകാലം മുതൽ ഏറെ വിപുലപ്പെട്ട മേഖലയാണിത്. റോമിലും ഭാരതത്തിലും പുരാതനകാലം മുതൽക്കേ ആർക്കിടെക്ചർ സംസ്കാരം കരുത്താർജിച്ചിരുന്നു. ഗ്രാമീണ നഗര പ്ലാനിങ്, ലാൻഡ്സ്കേപ്പ് ഡിസൈൻ, ഇന്റീരിയർ ഡിസൈൻ, കെട്ടിടങ്ങളുടെ പരിരക്ഷ, പരിസ്ഥിതിക്കിണങ്ങിയ നിർമാണം, സുസ്ഥിര നിർമാണ മേഖല എന്നിവയിൽ ആർക്കിടെക്ചറിന് പ്രസക്തിയുണ്ട്.

നാഷണൽ കൗൺസിൽ ഫോർ ആർക്കിടെക്ചറിന്റെ NATA എന്ന അഭിരുചി പരീക്ഷയെഴുതി പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച വിദ്യാർഥികൾക്ക് ബി.ആർക്കിന് അഡ്മിഷൻ നേടാം. ബി.ആർക്ക് പൂർത്തിയാക്കിയവർക്ക് സ്വന്തമായി ആർക്കിടെക്ടായി പ്രാക്ടീസ് ചെയ്യാം. ഒൗദ്യോഗിക സ്വകാര്യമേഖലയിൽ വരുന്ന ഡിസൈനിങ്ങുകൾ, മാസ്റ്റർ പ്ലാനുകൾ എന്നിവയ്ക്ക് ഇന്ന് പ്രസക്തിയേറിവരുന്നു. ആർക്കിടെക്ടുകൾക്ക് കെട്ടിടങ്ങളുടെ ഡിസൈനിങ് മാത്രമല്ല, ആശ്വാസകരവും സുഖകരവുമായ അവസ്ഥ കെട്ടിടങ്ങളിൽ സംജാതമാക്കുക എന്ന ലക്ഷ്യംകൂടിയുണ്ട്. ഒട്ടേറെ പൊതുമേഖല സ്ഥാപനങ്ങൾ, അർബൻ ഡെവലപ്മെന്റ്, ഡിഫൻസ്, ആർക്കിടെക്ചറൽ ഡിപ്പാര്‍ട്ട്മെന്റ്, കൺസ്ട്രക്ഷൻ കോർപറേഷൻ തുടങ്ങിയവയിൽ തൊഴിൽ ലഭിക്കും. രാജ്യത്തിനകത്തും ഗൾഫ് രാജ്യങ്ങളിലും മറ്റും വികസിത രാജ്യങ്ങളിലുളള ആർകിടെക്ട് കൺസൽട്ടൻസികളിൽ തൊഴിൽ നേടാം.

തുടക്കക്കാർക്ക് പ്രതിമാസം 50,000 രൂപ വരെ ശമ്പളം നേടാം. ഇന്ത്യയിൽ 10000 ആർക്കിടെക്ചറൽ എൻജിനീയർമാരുടെ ആവശ്യകതയുണ്ട്. അമേരിക്ക, ദുബായ്, ഒാസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ റിയൽ എസ്റ്റേറ്റ് ആർക്കിടെക്ചറൽ സ്ഥാപനങ്ങളിൽ യഥേഷ്ടം തൊഴിലവസരങ്ങളുണ്ട്. ബി.ആർക്ക് പൂർത്തിയാക്കിയവർക്ക് കൗൺസിൽ ഫോർ ആർക്കിടെക്ചറിന്റെ റജിസ്ട്രേഷനോടെ ആർക്കിടെക്ടായി പ്രാക്ടീസ് ചെയ്യാം. Duda/Paine, Atelier Bow-Wow, Leo A Baily-Zaha Hadid എന്നിവ പ്രശസ്ത ഇന്റർനാഷണൽ കമ്പനികളാണ്. കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് ആർക്കിടെക്ട്, ആർക്കിടെക്ചർ ഡിസൈനർ, ആർക്കിടെക്ചർ എൻജിനീയർ, ഇന്റീരിയർ ഡിസൈൻ തസ്തികകളിൽ പ്രവർത്തിക്കാം. ആർക്കിടെക്ചറിൽ ബിരുദാനന്തര പഠനം എം.ആർക്ക് പൂർത്തിയാക്കിയവർക്ക് എൻജിനീയറിങ് കോളേജുകളിൽ പ്രവർത്തിക്കാം. വിദേശത്തും ഉപരിപഠന സാധ്യതയുളള മേഖലയാണിത്.