ഫുട്‌വെയർ ഡിസൈനിങ്

പാദരക്ഷകളുടെ ഡിസൈനിങ്ങും മോഡലുകളുമൊരുക്കുന്ന രംഗത്തു വരും വർഷങ്ങളിൽ വൻ തൊഴിലവസരങ്ങളാണ് ഒരുങ്ങുന്നത്.

ഫുട്‌വെയർ ഡിസൈനിങ് രംഗത്തു നിരവധി കോഴ്സുകളുണ്ട്. നാലു വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ, ബിസിനസ് ആൻഡ് ഒൻട്രപ്രണർഷിപ് പ്രോഗ്രാമുകൾ ഇവയിൽപ്പെടുന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലെതർ ഉൽപന്നങ്ങൾ, പാദരക്ഷകൾ, ഫുട്‌വെയർ ഡിസൈനിങ്, റീട്ടെയിൽ എന്നിവയിൽ ലോകോത്തര നിലവാരമുള്ള പുത്തൻ കോഴ്സുകളുണ്ട്. ഫുട്‌വെയർ ഡിസൈൻ ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് FDDI എന്ന പേരിലാണറിയപ്പെടുന്നത്. നോയിഡ, ചെന്നൈ, കൊൽക്കത്ത, രോഹതക്, ചിന്താവര‍, ജോധ്പൂർ, ഫർസാർത്ത്ഗംജ് എന്നിവിടങ്ങളിലായി എട്ടു കേന്ദ്രങ്ങളുണ്ട്. പ്ലസ് ടു വിദ്യാർഥികൾക്ക് ഡിസൈനിങ്ങിൽ നാലുവർഷ ബാച്ചിലർ പ്രോഗ്രാമിന് അപേക്ഷിക്കാം. ഫുട്‌വെയർ ഡിസൈനിങ്, നിർമാണം തുടങ്ങിയവയിൽ ബിരുദ കോഴ്സുകളുണ്ട്.

ബിസിനസ് ആൻഡ് ഒൻട്രപ്രണർഷിപ്പിൽ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് എം.ബി.എ.യും റീട്ടെയിൽ ഫാഷൻ മർച്ചന്റെയ്സ്, ഫുട്‌വെയർ ഡിസൈൻ, പ്രൊഡക്‌ഷൻ, ക്രിയേറ്റീവ് ഡിസൈൻ എന്നിവയിൽ രണ്ടു വർഷ എം.ബി.എ. പ്രോഗ്രാമുകളുമുണ്ട്.

ISO 9001, ISO 14000, ISO 17025 അംഗീകാരമുള്ള, വ്യവസായ മേഖലയുമായി സഹകരിച്ചു നടത്തുന്ന ഫുട്‌വെയർ കോഴ്സിന് PFIGermany, ശാസ്ത്ര–UK, LDI Nagold, Germany, AKS Sutoria, ഇറ്റലി, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി ചേർന്നുള്ള പരിശീലനത്തിനും സ്കിൽ ഡെവലപ്മെന്റിനും പ്രാധാന്യം നൽകിയിട്ടുണ്ട്.

അമേരിക്ക, യു.കെ., ജർമനി, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഡിസൈനിങ്ങിൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് തൊഴിൽ സാധ്യതകളുണ്ട്. ക്യാംപസ് റിക്രൂട്ട്മെന്റ് ഏറെയുള്ള ഫുട്‌വെയർ ഡിസൈനിങ് കോഴ്സുകൾ ആകർഷകമായ ശമ്പളം, തൊഴിൽ സംരംഭകത്വം എന്നിവയ്ക്കുള്ള അവസരങ്ങൾ വർധിപ്പിക്കുന്നു. FDDI യ്ക്കു കീഴിൽ സ്കൂൾ ഓഫ് റീട്ടെയിൽ ആൻഡ് ഫാഷൻ മെർച്ചന്റ്സ്, സ്കൂൾ ഓഫ് ഫാഷൻ ലെതർ ആക്സസറി ഡിസൈൻ, സ്കൂൾ ഓഫ് ഫാഷൻ ഡിസൈൻ, സ്കൂൾ ഓഫ് ബിസിനസ്സ് ആൻഡ് ഓൺട്രപ്രണർഷിപ്പ് അടക്കം അഞ്ചു സ്കൂളുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.fddi.nic.iin സന്ദർശിക്കാം.