ജെമ്മോളജി കോഴ്സ്

രത്നങ്ങളെക്കുറിച്ചും കല്ലുകളെക്കുറിച്ചുമുള്ള ശാസ്ത്രശാഖയായ ജെമ്മോളജി ധാരാളം തൊഴിലവസരങ്ങളുള്ള മേഖലയാണ്. ജെമ്മോളജിയിൽ ആഭരണ ഡിസൈൻ, ടെക്നോളജി, വിപണനം, തൊഴിൽ സംരംഭകത്വം എന്നിവയിൽ ഡിഗ്രി, ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുണ്ട്. രാജ്യത്തിനകത്തും വിദേശത്തും ജെമ്മോളജി, ജ്വല്ലറി ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടുകളും കോളജുകളുമുണ്ട്. ഡിസൈനിങ്, ഉൽപന്ന നിർമാണവുമായി ബന്ധപ്പെട്ട വിദഗ്ധർ, കൺസൾട്ടന്റ്, CAD ഡിസൈനർ, സെയിൽസ് ആൻഡ് മാർക്കറ്റിങ്, ജ്വല്ലറി സംരംഭകൻ, അഡ്വർടൈസിങ് തുടങ്ങി നിരവധി തൊഴിലവസരങ്ങളാണ് ഈ രംഗത്തുള്ളത്.

ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് മുതൽ 3–4 വർഷത്തെ ഡിഗ്രി, ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. ഡൽഹി, നോയിഡ, അഹമ്മദാബാദ്, പുണെ, ബെംഗളൂരു എന്നിവിടങ്ങളിൽ ജ്വല്ലറി ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുണ്ട്. പ്ലസ്ടു പൂർത്തിയാക്കിയവർക്കുള്ള മികച്ച ഉപരിപഠന മേഖലയാണിത്. ബിരുദധാരികൾക്കുള്ള പിജി ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. നോയിഡയിലെ ജ്വല്ലറി ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഇൻഡോ ജർമൻ എക്സ്പോർട്ട് കൗൺസിലിന്റെ സഹകരണേത്താടെയുള്ളതാണ്.

ജ്വല്ലറി ഡിസൈനിങ്, സ്റ്റോൺ കട്ടിങ്, എൻഗ്രേവിങ് ആൻഡ് പോളിഷിങ്, ഇലക്ട്രോപ്ലേറ്റിങ്, ക്വാളിറ്റി കൺട്രോൾ തുടങ്ങിയവയിൽ ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. കനിഷ്ക, KBS, ACPL, റിനൈസെൻസ് മുതലായവ ജ്വല്ലറി ഡിസൈനിങ് തൊഴിൽ രംഗത്തു പ്രവർത്തിക്കുന്ന മികച്ച സ്ഥാപനങ്ങളാണ്. ജ്വല്ലറി ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിനു ദുബായ്, ചെന്നൈ, ഡൽഹി, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ ശാഖകളുണ്ട്. ഇന്റർനാഷനൽ ജെമ്മോളജി ഇൻസ്റ്റിറ്റ്യൂട്ട് (മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, തൃശൂർ).

പേൾ അക്കാദമി (ന്യൂഡൽഹി, ജയ്പൂർ, മുംബൈ) യിൽ മൂന്നു വർഷ ബി.എ. ലക്ഷ്വറി ബ്രാൻഡ്, നാലു വർഷം ബി.എ. (Hons) ജ്വല്ലറി ഡിസൈനിങ് കോഴ്സുകളുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെമ്മോളജിയിൽ ഡിപ്ലോമ കോഴ്സുകളുണ്ട്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, ഡൽഹി, IMS ഡിസൈൻ ആൻഡ് ഇന്നവേഷൻ അക്കാദമി, ഡൽഹി എന്നിവ മികച്ച സ്ഥാപനങ്ങളാണ്. അമേരിക്കയിലെ കാൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ബഫല്ലോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഇൻഡിയാന, സാൻഡിയാഗോ സർവകലാശാലകൾ, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മിച്ചിഗൺ യൂണിവേഴ്സിറ്റി എന്നിവയിൽ ജ്വല്ലറി ഡിസൈനിങ് കോഴ്സുകളുണ്ട്.