വേണം കൂടുതൽ ജാഗ്രത

‘നമ്മൾ എത്രമാത്രം തയാറായിട്ടുണ്ട്? കാലാവസ്‌ഥാമാറ്റത്തിന്റെ ദുരിതങ്ങൾക്കുള്ള പോംവഴി തേടി മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ സംസ്‌ഥാന വനം വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ കോട്ടയത്തു നടത്തിയ സെമിനാർ ഉയർത്തിയ ഒരു പ്രധാന ചോദ്യം ഇതായിരുന്നു. ജലം പാഴാക്കാതിരിക്കാനും മഴയുടെ മാറ്റമറിഞ്ഞ് കൃഷിയിറക്കാനും ഏതു കാലാവസ്‌ഥയിലും വിളയുന്ന വിത്തിനങ്ങൾ കണ്ടെത്താനും നിർദേശങ്ങൾ മുന്നോട്ടുവച്ച സെമിനാർ കാലാവസ്‌ഥാമാറ്റത്തിന്റെ പൊള്ളുന്ന പാഠങ്ങളിലേക്കു തിരിച്ചുവച്ച കണ്ണാടിയായി.

പശ്‌ചിമഘട്ടത്തിൽ പോലും മരുവൽക്കരണത്തിന്റെ മുൾപ്പടർപ്പുകൾ വ്യാപിക്കുന്നുവോ എന്നു സംശയമുണർത്തുന്ന രീതിയിലാണ് കാലാവസ്‌ഥാമാറ്റത്തിന്റെ കൊടുംചൂട് കേരളത്തെ പിടികൂടിയിരിക്കുന്നത്. മാറ്റങ്ങളെ നേരിടാൻ കേരളം തയാറാകണമെന്ന് സെമിനാറിൽ പങ്കെടുത്ത വിദഗ്‌ധർ ഒരേ സ്വരത്തിൽ മുന്നറിയിപ്പു നൽകി.

കാലാവസ്‌ഥാ മാറ്റം വിവിധ മേഖലകളെ എങ്ങനെ സ്വാധീനിക്കുമെന്നു വിദഗ്‌ധർ ചർച്ച ചെയ്‌തു. കൃഷി, ജലം, മണ്ണ്, കാലാവസ്‌ഥ, ആരോഗ്യം, മൽസ്യബന്ധനം, തീരദേശം, ഗൃഹനിർമാണം, മാലിന്യനിർമാർജനം, ദുരന്തനിവാരണം, ഗതാഗതം, ഊർജസംരക്ഷണം, മരുവൽക്കരണം, പക്ഷികളുടെ ദേശാടനരീതി തുടങ്ങി പരിസ്‌ഥിതിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും മാറ്റം ബാധിക്കുമെന്നു സെമിനാർ വിലയിരുത്തി. പശ്‌ചിമഘട്ടത്തെ എന്തു വിലകൊടുത്തും സംരക്ഷിക്കണമെന്നു ചൂണ്ടിക്കാട്ടിയ വിദഗ്‌ധർ നിയന്ത്രണമില്ലാത്ത ടൂറിസം പശ്‌ചിമഘട്ടത്തിന് ദോഷകരമാവുമെന്നും വിലയിരുത്തി. പശ്‌ചിമഘട്ടത്തിലെ പാറപൊട്ടിക്കലും തടയണം. ഇതിനായി ആ മേഖലയിലെ ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തണമെന്നും വിദഗ്‌ധർ ആവശ്യപ്പെട്ടു.

കൃഷി

മഴയുടെ വരവ് കാലംതെറ്റിയാവുന്നതിനാൽ ഇപ്പോഴത്തെ കാർഷിക രീതികൾ മാറണമെന്ന് സെമിനാർ ചൂണ്ടിക്കാട്ടി. ഏപ്രിൽ 15 നു വിഷുവിന്‌ആരംഭിച്ച് അടുത്ത വിഷവുവിന് അവസാനിക്കുന്ന സംസ്‌ഥാനത്തിന്റെ ഇപ്പോഴത്തെ കാർഷിക കലണ്ടർ മാറ്റിയെഴുതണം. കാലം തെറ്റി വരുന്ന മഴയെ പഴിക്കാതെ ആ മഴയെ എങ്ങനെ അനുകൂലമാക്കാം എന്നാണു ചിന്തിക്കേണ്ടത്. ഈ മഴ കൃത്യമായി പ്രവചിക്കാനായാൽ കർഷകർക്കു ഗുണകരമാവും. അവർക്ക് അതനുസരിച്ച് കൃഷി ചെയ്യാം.

തൊഴിലുറപ്പു പദ്ധതി അംഗങ്ങളെ വനവൽക്കണത്തിനും കൃഷിപ്പണികൾക്കും പ്രയോജനപ്പെടുത്തണം. റോഡുവക്കിലെ പച്ചപ്പുപോലും വെട്ടിക്കളയുന്ന പണികൾക്കു പകരം പച്ചപ്പിന്റെ സംരക്ഷകരായി ഇവരെ മാറ്റണം. ഊർജം, ജലം, ജൈവവൈവിധ്യം, പച്ചപ്പ് എന്നിവയുമായി ഇണങ്ങിനിൽക്കുന്ന സ്‌മാർട് കൃഷിയാണ് പുതിയ കാലത്തു വേണ്ടത്. വീട്ടുമുറ്റത്തെ നാടൻ മാവ്, പ്ലാവ് ഇനങ്ങൾ നിലനിർത്തി ജൈവവൈവിധ്യം സംരക്ഷിക്കണം. കാലാവസ്‌ഥാ ഇൻഷുറൻസ് വേണം. ഏതു കാലാവസ്‌ഥയിലും വിളയുന്ന വിത്തിനിങ്ങൾ കണ്ടെത്തി കൃഷിയിറക്കണം. അത്തരം വിത്തിനങ്ങൾ കണ്ടെത്താൻ ഗവേഷണം അത്യാവശ്യമാണ്.

കുടുംബകൃഷി എന്നതു തിരിച്ചുകൊണ്ടുവരണം. വീട്ടിലെ എല്ലാ അംഗങ്ങളും ചേർന്നുള്ള കൃഷി വ്യാപിപ്പിക്കണം.

ജലം

മഴവെള്ള സംഭരണത്തിനു പുറമേ നീർത്തടാധിഷ്‌ഠിത വികസനവും സംസ്‌ഥാനത്ത് നടപ്പാക്കണം. മനോരമ പലതുള്ളി മാതൃകയിൽ ജല ബോധവൽക്കരണ പരിപാടി നടത്തണം. അണക്കെട്ടുകളുടെ പ്രവർത്തന നയം മാറണം. വൈദ്യുതി മാത്രമല്ല ഡാമുകളുടെ ലക്ഷ്യം. താഴെ നദിയിലെ നീരൊഴുക്കിനെ ആശ്രയിച്ചു കഴിയുന്ന മനുഷ്യരും സസ്യങ്ങളും ജീവികളുമുണ്ട്. ഓലികൾ ശുദ്ധജല സ്രോതസുകളാക്കണം. കിണറുകൾ നശിപ്പിക്കരുത്. വേനൽമഴ കൊയ്യണം. വേനലിൽ കിണറുകളെ പോഷിപ്പിക്കുന്ന ജലസേചന കനാലുകളുടെ പ്രാധാന്യം തിരിച്ചറിയണം. ചെറുനദികളിലും പഠനം നടത്തണം.

എല്ലാ കുളങ്ങളും ജലാശയങ്ങളും വൃത്തിയാക്കിയാൽ തന്നെ കൂടുതൽ ജലം സംഭരിക്കാനാവും. ജലസംഭരണത്തിൽ വലിയ കാൽവയ്‌പാവും ആ നടപടിയിലൂടെ സാധിക്കുക. മാലിന്യം തള്ളിയിരുന്ന കുളങ്ങൾ വൃത്തിയാക്കിയാലും ജനം പിന്നീട് ഉപയോഗിക്കാൻ മടിക്കുന്ന പ്രവണതയുണ്ട്. ഇത്തരം കുളങ്ങളിലെ വെള്ളം പരിശോധിച്ച് ശുദ്ധമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. നദികളുടെ നീരൊഴുക്കു സംബന്ധിച്ചുള്ള വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ ശേഖരിച്ചു സൂക്ഷിക്കണം.

മണ്ണ്

കേരളത്തിലെ മണ്ണ് 70 ശതമാനവും വെട്ടുകല്ലാണ്. വളക്കൂറു കുറയും. അതിനാൽ മണ്ണു പരിശോധിച്ച് ആവശ്യമായ ജൈവവളമോ നേരിയ തോതിൽ രാസ വളമോ നൽകണം. മണ്ണുപരിശോധനയിലൂടെ മാത്രമേ വളപ്രയോഗം പാടുള്ളൂ എന്നു നിഷ്‌കർഷിക്കണം. കൂടുതൽ മണ്ണു പരിശോധനാ ലാബുകൾ തുറക്കണം.

കാലാവസ്‌ഥ

കേരളത്തിൽ മുന്നൂറോളം കാലാവസ്‌ഥാ നിരീക്ഷണ സംവിധാനങ്ങളുണ്ടെങ്കിലും ഇവയിൽ 70 എണ്ണം മാത്രമാണ് വിവരങ്ങൾ കൈമാറുന്നത്. ഇതുമൂലം മഴയുടെയും ചൂടിന്റെയും ആധിക്യം പോലുള്ള അടിസ്‌ഥാന വിവരങ്ങൾ പോലും ലഭിക്കാൻ ബുദ്ധിമുട്ടാണ്. ഈ രീതി മാറണം. ദീർഘദൂര ദുരന്ത നിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഇത് ആവശ്യമാണ്. ഡോപ്ലർ റഡാറുകൾ സ്‌ഥാപിച്ചാൽ മേഘനിരീക്ഷണത്തിലൂടെ എപ്പോൾ എവിടെ എത്ര അളവിൽ മഴപെയ്യുമെന്നു പറയാനാവും. വെള്ളപ്പൊക്കം നിയന്ത്രിക്കാൻ ഇതു സഹായകമാണ്. അതിനാൽ കേരളത്തെ ഉടൻ തന്നെ ഡോപ്ലർ റഡാറുകളുടെ നിരീക്ഷണ വലയത്തിലാക്കണം.

ആരോഗ്യം

കേട്ടുകേൾവിയില്ലാത്ത രോഗങ്ങളാണ് അടുത്തിടെ കേരളത്തിലെത്തുന്നത്. ഇവയ്‌ക്ക് കാലാവസ്‌ഥാമാറ്റവുമായി ബന്ധമുണ്ട്. കാലാവസ്‌ഥാവ്യതിയാനം ഇവ പരക്കുന്നതിന് അനുകൂല സാഹചര്യം ഒരുക്കുകയാണ്. കൊതുകുജന്യ–ജലജന്യ രോഗങ്ങളാണ് ഇന്ന് ആലപ്പുഴ പോലുള്ള ജില്ലകളുടെ ശാപം. മുമ്പ് 14 ദിവസം കൊണ്ട് വളർന്നിരുന്ന കൊതുകിനു വളരാൻ ഇപ്പോൾ ആറു ദിവസം മതി. രോഗങ്ങളുടെ ക്രമം തെറ്റിയതിനാൽ ചികിൽസയുടെയും താളം തെറ്റുന്നു. അതിനാൽ പുതിയ ആരോഗ്യ കലണ്ടർ വേണം. വേനൽക്കാലത്ത് കേരളത്തിലും സൂര്യാഘാത സാധ്യത ഏറുന്നു. മാധ്യമങ്ങളിലൂടെ കർഷകർക്കുമുന്നറിയിപ്പു നൽകണം.

പുതിയ രോഗങ്ങൾ ബാധിച്ചവരെ ചികിൽസിക്കാൻ ആശുപത്രികളിൽ സൗകര്യമൊരുക്കുകയും ഡോക്‌ടർമാർക്ക് അതിനുള്ള പരിശീലനം നൽകുകയും വേണം.

മൽസ്യബന്ധനം

കടലിൽ ചൂടേറി മത്തിപോലുള്ള മൽസ്യങ്ങൾ കേരളതീരം വിട്ടകലുന്നതിനാൽ ഉൾനാടൻ മൽസ്യകൃഷിയും കുളങ്ങളിലെ മൽസ്യകൃഷിയും പ്രോൽസാഹിപ്പിക്കണം. കായലിന്റെ സ്വഭാവം മാറുകയാണ്. കടൽ ജീവികൾ കായലിലേക്കു കുടിയേറുന്നു. ഇതു മൽസ്യസമ്പത്തിനെ ബാധിക്കും. അടക്കംകൊല്ലി വല ഉപയോഗിച്ചുള്ള ആഴക്കടൽ ട്രോളിങ് നിയന്ത്രിക്കണം.

തീരദേശം

കടൽനിരപ്പുയരുന്നതാണ് കാലാവസ്‌ഥാ മാറ്റത്തിൽ നിന്നു കേരളം നേരിടുന്ന പ്രധാന ഭീഷണി. കണ്ടൽ കാടു വച്ചുപിടിപ്പിച്ചതുകൊണ്ടു മാത്രം തീരം സംരക്ഷിക്കാനാവില്ല. ബീച്ചുകളുടെ സംരക്ഷണം പ്രധാനമാണ്. തിരയേറ്റം തടയാൻ ഇത്തരം ബീച്ചുകൾ സഹായകമാണ്. കടൽ നിരപ്പ് ഉയരുന്നതു പഠിക്കാൻ ടൈഡൽ ഗേജ് സ്‌റ്റേഷൻ സ്‌ഥാപിച്ച് തിരയേറ്റം പഠിക്കണം. തീരസംരക്ഷണ നിയമം പാലിക്കണം.

ഗൃഹനിർമാണം

ഗൃഹനിർമാണത്തിന് ഉപയോഗിക്കുന്ന വെള്ളത്തിൽ 32 ശതമാനവും കുടിക്കാനുള്ള വെള്ളമാണെന്നു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. അന്തരീക്ഷത്തിലെ ചൂടു കൂട്ടുന്നതിൽ നിർമാണമേഖലയ്‌ക്കു കാര്യമായ പങ്കുണ്ട്. വലിയ വീടുകളുടെ നിർമാണം നിയമം മൂലം തടയാനാവുമോ എന്നു നോക്കണം. വീടുകളും ഫ്‌ളാറ്റുകളും വാങ്ങി താമസിക്കാതെ ഒഴിച്ചിടുന്ന പ്രവണത നിരുൽസാഹപ്പെടുത്തണം. ഇതിനെതിരെ നടപടിയെടുക്കാനാവുമോ എന്നു ചിന്തിക്കണം.

ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തികച്ചും താമസയോഗ്യമാക്കാവുന്ന വീടുകൾ വരെ ഇടിച്ചുകളയുന്ന പ്രവണതയുമുണ്ട്. ഇത് കർശനമായി നിരോധിക്കണം. സൗന്ദര്യത്തിന്റെ പേരിൽ മാത്രം വീട് ഇടിച്ചുകളഞ്ഞു പുതിയതു പണിയുകയാണ് പലരും. ഇടിച്ചുകളയുന്നതിന് അധികൃതരുടെ അനുമതി വേണം. പ്രാദേശിക നിർമാണരീതികൾ ഉപയോഗിച്ചുള്ള ഗൃഹനിർമാണം പ്രോൽസാഹിപ്പിക്കണം. ഗൃഹനിർമിതിയിൽ മുളയും മണ്ണും ഉപയോഗിക്കാം.

വീടുകൾ കാലാവസ്‌ഥയ്‌ക്ക് അനുകൂലമായി നിർമിക്കണം. കാറ്റിന്റെ ദിശ നോക്കി ക്രോസ് വെന്റിലേഷനോടു കൂടി വീടു വച്ചാൽ പരിസ്‌ഥിതി സൗഹൃദമാകും. വീടുകളുടെ വലുപ്പം കുറയണം. ജനങ്ങളെ ചെറിയ വീടുകളിലേക്കു മടങ്ങാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാവണം. തേയ്‌ക്കാത്ത വീടുകൾക്ക് നികുതി കുറയ്‌ക്കുകയും തേച്ച വീടുകൾക്ക് നികുതി കൂട്ടുകയും ചെയ്യുന്നത് ആലോചിക്കാം.

മാലിന്യ നിർമാർജനം

മാലിന്യം വെള്ളത്തിൽ കലരാൻ അനുവദിക്കരുത്. മാലിന്യം കൈകാര്യം ചെയ്യാൻ അടിയന്തര നടപടി ആവശ്യം. ഖരമാലിന്യവും ദ്രവമാലിന്യവും സംസ്‌കരിക്കണം.

ദുരന്തനിവാരണം

പഞ്ചായത്തു തലത്തിൽ ദുരന്തനിവാരണ നിധി രൂപീകരിക്കുക. എന്തെങ്കിലും ദുരന്തമുണ്ടായാൽ പെട്ടെന്നുതന്നെ എന്തെങ്കിലും ചെയ്യാൻ ഈ നിധി ഉപകരിക്കും.

ഗതാഗതം

പൊതുഗതാഗതം സംബന്ധിച്ച് സർക്കാരിന്റെ നയത്തിൽ കാര്യമായ മാറ്റം വരുത്തണം. സ്വകാര്യ ബസുകളെയും പൊതുഗതാഗതസംവിധാനം എന്ന വിശാല അർഥത്തിൽ ഈ ഗണത്തിൽ പെടുത്തണം. പൊതുഗതാഗതം പ്രോൽസാഹിപ്പിക്കുകയാണു വേണ്ടത്. അപ്പോൾ സ്വകാര്യ ബസുകളിൽ നിന്ന് നികുതി ഈടാക്കുന്നതിനു പകരം ആനുകൂല്യങ്ങൾ നൽകുകയല്ലേ വേണ്ടത് എന്നു സെമിനാറിൽ ചോദ്യമുയർന്നു.

അന്തരീക്ഷത്തിന്റെ ചൂടു കൂട്ടുന്നതിൽ റോഡ് നിർമാണവും ഒരു പങ്കു വഹിക്കുന്നുണ്ട്. ഏറ്റവും കുറവു ചൂടു പുറത്തുവിടുന്ന റോഡ് നിർമാണരീതിയേതെന്നു കണ്ടെത്തി അത് അവലംബിക്കണം. വിദേശത്തേതുപോലെ സൈക്കിളുകൾ പരമാവധി പ്രോൽസാഹിപ്പിക്കുക. ഇന്ധനവും ലാഭിക്കാം. ആരോഗ്യവും ലഭിക്കും.

ഊർജസംരക്ഷണം

സൂര്യപ്രകാശം, കാറ്റ്, ജൈവമാലിന്യം എന്നിവയിൽ നിന്നെല്ലാം ഊർജം ഉൽപ്പാദിപ്പിക്കാൻ പദ്ധതി ആരംഭിക്കണം.

പരമ്പരാഗത കാഴ്‌ചപ്പാടുകളിൽ തിരുത്തൽ ആവശ്യമാണെന്നു ചൂണ്ടിക്കാട്ടുന്നതായിരുന്നു സെമിനാർ. അന്തരീക്ഷ താപനില രണ്ടു ഡിഗ്രി സെൽഷ്യസ് ഉയർന്നാൽ തന്നെ ഇന്ത്യയിൽ 42000 കോടി രൂപയുടെ കാർഷികോൽപാദനനഷ്‌ടമുണ്ടാവുമെന്നുള്ള പഠനം വലിയ ഭീഷണിയായി മുന്നിൽ നിൽക്കുന്നു. 2050 ആവുമ്പോഴേക്കും റബർ ഉൽപാദനത്തിൽ കേരളത്തിനു മേൽക്കൈ നഷ്‌ടപ്പെടുമെന്നുമുള്ള പഠനവും നമ്മെ വിഷമിപ്പിക്കുന്നുണ്ട്. വിവിധ രംഗങ്ങളിൽ സമൂലമായ പൊളിച്ചെഴുത്താണ് കാലാവസ്‌ഥാമാറ്റത്തിന്റെ തീച്ചൂളയിൽ നിന്നു പുറത്തുകടക്കാനുള്ള വഴിയെന്ന് വിദഗ്‌ധർ ഓർമിപ്പിക്കുന്നു.

© Copyright 2015 Manoramaonline. All rights reserved.