സഹികെട്ടിരിക്കുന്നു, ഇനി നന്നാകാം

നവീൻ മോഹൻ

അറബിക്കഥയിലൊരു അലാവുദ്ദീനുണ്ട്. കക്ഷിക്ക് ഒരിക്കലൊരു വിളക്ക് കിട്ടി. അതിൽ പറ്റിയിരിക്കുന്ന പൊടി തുടച്ചപ്പോഴതാ അകത്തുനിന്നൊരു ഭൂതം വരുന്നു. ഭൂതത്തെ മോചിപ്പിച്ചത് അലാവുദ്ദീനാണത്രേ. ഇനി അവന്റെ ഏത് ആഗ്രഹം വേണമെങ്കിലും ഭൂതം സാധിച്ചു കൊടുക്കും.

അലാവുദ്ദീന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. പക്ഷേ കൂടുതൽ ലഡ്ഡു പൊട്ടും മുൻപേ ഭൂതം പറഞ്ഞു–എല്ലാ ആഗ്രഹങ്ങളുമല്ല, ആദ്യം ആവശ്യപ്പെടുന്ന മൂന്ന് ആഗ്രഹങ്ങൾ മാത്രം സാധിച്ചു തരാം...അലാവുദ്ദീൻ അത്യാഗ്രഹിയല്ലാത്തതുകൊണ്ട് അവന്റെ നല്ല ആഗ്രഹങ്ങളെല്ലാം ഭൂതം സാധിപ്പിച്ചു കൊടുത്തു.

ജനിച്ചുവീഴുന്ന ഓരോ മനുഷ്യനും ഇതുപോലെ ഒരു വിളക്കു കിട്ടുന്നുണ്ട്, ഏതാഗ്രഹവും സാധിപ്പിച്ചു തരുന്ന ഭൂമിയെന്ന വിളക്ക്. പക്ഷേ ആർത്തി മൂത്ത് ഭൂമിയോട് എന്തും ചോദിക്കാമെന്നു കരുതരുത്. അത്യാവശ്യമുള്ള ഏതാനും ആഗ്രഹങ്ങൾ മാത്രം. അതു തന്നെ പാഴാക്കാതെ കൃത്യമായി ഉപയോഗപ്പെടുത്തുക. അല്ലെങ്കിൽ ഒരു പരിധി കഴിയുമ്പോൾ നമുക്കു തരാൻ ഭൂമിയുടെ കയ്യിൽ ഒന്നും ബാക്കിയില്ലാതാകും..

അതുവഴി ഭൂമിയുടെ മാത്രമല്ല വരാനിരിക്കുന്ന തലമുറയുടെ കൂടെ നാശത്തിനായിരിക്കും നാം വഴിതെളിക്കുക. അതായത് ഇപ്പോക്കു പോകുകയാണെങ്കിൽ 15 വർഷം കൂടി കഴിയുമ്പോൾ മനുഷ്യജീവിതം ഭൂമിയിൽ നിലനിർത്തണമെങ്കിൽ ഇന്നത്തേതു പോലുള്ള രണ്ട് ഭൂമി കൂടി വേണ്ടി വരുമെന്നു ചുരുക്കം. വെറുതെ പറയുന്നതല്ല, ഇതുസംബന്ധിച്ച പഠനം നടത്തി രണ്ടു വർഷം മുൻപ് ഐക്യരാഷ്ട്ര സഭ റിപ്പോർട്ട് തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

കാട്, വായു, ജലം തുടങ്ങിയ വിഭവങ്ങളെല്ലാം സ്വയം പുതുക്കലിനു വിധേയമാകുന്നതിനാലാണ് നാമെല്ലാം ഇങ്ങനെ ജീവിച്ചു പോകുന്നത്. പക്ഷേ കാടായ കാടെല്ലാം വെട്ടിത്തെളിക്കുകയും വെള്ളത്തിൽ മുഴുവൻ വിഷം കലക്കുകയും വായുവിൽ മൊത്തം പൊടിയും വിഷവാതകങ്ങളും പടർത്തുകയും ചെയ്താൽ പിന്നെങ്ങനെ ഭൂമിക്കു നിലനിർപ്പുണ്ടാകും?

കാടും കായലുകളും കാറ്റുമെല്ലാം പേടിപ്പെടുത്തുന്ന രീതിയിലാണ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. അതേസമയം 50 വർഷം മുൻപ് ഉണ്ടായിരുന്നതിനേക്കാൾ മനുഷ്യന്റെ ആവശ്യങ്ങൾ ഇരട്ടിയിലേറെയായിരിക്കുകയാണ്. അതിൽത്തന്നെ വികസിത രാജ്യങ്ങളിലുള്ളവരാണ് ‘ആവശ്യക്കാരിൽ’ മുന്നിൽ. ജീവിതനിലവാരം ഏറിയതിനാൽ അവർ ഏറെ കഴിക്കുന്നു, ഏറെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നു, ടെക്നോളജിയിൽ അപ്ഡേറ്റഡാകുന്നു...ഇതെല്ലാമാകട്ടെ വികസ്വര, അവികസിത രാജ്യങ്ങളുടെ ചുമലിലിരുന്നും..

ഇതിനൊരു ഉദാഹരണമുണ്ട്: ഇന്തൊനീഷ്യയിലെ ഒരു സാധാരണക്കാരനെപ്പോലെയാണ് ലോകത്തെല്ലാവരുടെയും ജീവിതശൈലിയെങ്കിൽ ഭൂമിയിൽ ഇന്നുള്ളതിന്റെ മൂന്നിൽ രണ്ടു ഭാഗം പ്രകൃതിവിഭവങ്ങള്‍ മതി ജീവിക്കാൻ. എന്നാൽ ഒരു ശരാശരി അമേരിക്കക്കാരന്റേതു പോലെയാണ് ജീവിതമെങ്കിൽ കുറഞ്ഞത് നാലു ഭൂമിയിലെ പ്രകൃതി വിഭവങ്ങളെങ്കിലും വേണം. ഭാഷയിലും വേഷത്തിലും പോലും പാശ്ചാത്യശൈലിയിലേക്ക് പലരും ചായുന്ന ഇക്കാലത്ത് ഇക്കാര്യം പ്രത്യേകം ഓർത്താൽ നല്ലത്.

ലോകജനസംഖ്യവും നിമിഷം പ്രതി ഏറുകയാണ്. 1950ലുണ്ടായിരുന്നതിനേക്കാൾ ഇരട്ടിയാണ് ഇന്ന് ജനസംഖ്യ. 2011ൽ അത് 700 കോടിയിലെത്തി. 2050 ആകുമ്പോഴേക്കും അത് 930 കോടിയാകും. അപ്പോൾ ഭൂമിയിൽ അതിനനുസരിച്ചുള്ള വിഭവങ്ങളും വേണ്ടേ?

ഇത്തരത്തിൽ ഭൂവിഭവങ്ങളെ ചൂഷണം ചെയ്ത് മലിനപ്പെടുത്തി ജീവിതം തുടർന്നാൽ ഏതെങ്കിലും ഒരുഘട്ടത്തിൽ നല്ലതെല്ലാം നൽകുന്നത് ഭൂമി നിർത്തുമെന്നുറപ്പ്, അതെപ്പോഴാണെന്നത് പ്രവചനാതീതം. പക്ഷേ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ വിരലിലെണ്ണാവുന്ന വർഷങ്ങൾ മതിയാകും അതിന്.

ശതകോടികൾ മുടക്കി പുതിയൊരു ഭൂമിയെ തേടി സൗരയൂഥങ്ങൾ താണ്ടണോ നാം? അതോ നിലവിലെ ഭൂമിയെ നെഞ്ചോടു ചേർത്ത് കാത്തുസൂക്ഷിക്കണോ...? ഓർക്കുക, നമ്മുടെ ഭൂമിയും നമ്മുടെ ജീവിതവും നമ്മുടെതന്നെ കൈകളിലാണ്...

© Copyright 2015 Manoramaonline. All rights reserved.