ഭക്ഷണമാണ്, കളഞ്ഞ് കഷ്ടമാക്കരുത്...

സഹാറ മരുഭൂമിയുടെ തെക്കുഭാഗത്തെ ആഫ്രിക്കൻ രാജ്യങ്ങളെ കൂട്ടത്തോടെ വിളിക്കുന്നത് സബ്–സഹാറൻ ആഫ്രിക്കയെന്നാണ്. അവിടത്തെ എല്ലാ രാജ്യങ്ങളും ചേർന്ന് വർഷം തോറും ഉൽപാദിപ്പിക്കുന്ന ഭക്ഷ്യവിഭവങ്ങൾ 23 കോടി ടൺ വരും.

എന്നാൽ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടനുസരിച്ച് സബ്–സഹാറൻ മേഖലയിൽ പട്ടിണി കിടക്കുന്നത് 24 കോടിയോളം ജനങ്ങളാണ്. സങ്കടകരമായ കാര്യം ഇതൊന്നുമല്ല, വികസിത രാജ്യങ്ങളിൽ ഓരോ വർഷവും വെറുതെ കളയുന്ന ഭക്ഷണമുണ്ടായാൽ മതി ഈ പട്ടിണിപ്പാവങ്ങൾക്ക് സുഭിക്ഷമായി ജീവിക്കാൻ.

അതായത് വികസിത രാജ്യങ്ങൾ പ്രതിവർഷം ചുമ്മാതെ കളയുന്നത് 22 കോടി ടൺ വരുന്ന ഭക്ഷ്യവസ്തുക്കളാണ്. ലോകത്ത് ആകെ ഉൽപാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവിഭവങ്ങളിൽ മൂന്നിലൊന്നും ഉപയോഗശൂന്യമായിപ്പോവുകയാണെന്നാണു കണക്ക്.

പ്രതിവർഷം 130 കോടി ടണ്ണോളം വരും അത്. പല തലങ്ങളിലാണ് ഇതിന്റെ പ്രത്യാഘാതം. സമൂഹത്തിലുണ്ടാക്കുന്ന അസ്ഥിരതയും അരക്ഷിതാവസ്ഥയും അസ്വസ്ഥതയും ഒരു വശത്ത്. പാരിസ്ഥിതികമായ പ്രത്യാഘാതങ്ങൾ മറുവശത്ത്.

കരുതൽ വേണം, കരയാതിരിക്കാൻ

പ്രകൃതിവിഭവങ്ങള്‍ കരുതലോടെ ഉപയോഗിക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതിദിന സന്ദേശം. അതുമായി ചേർത്തു വയ്ക്കുമ്പോൾ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ഭക്ഷ്യവിഭവങ്ങളിൽത്തന്നെയാണ്. ഒരു ഗുണവുമില്ലാതെ നഷ്ടമാകുന്ന 130 കോടി ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കാൻ വേണ്ടി വരുന്ന മറ്റ് പ്രകൃതി വിഭവങ്ങളെപ്പറ്റി ഒന്നാലോചിച്ചു നോക്കുക:

വെള്ളം, ഭൂമി, ഊർജം, വളം, മുടക്കുമുതൽ, കൃഷിക്കു വേണ്ട മനുഷ്യമണിക്കൂറുകൾ, അധ്വാനം ഇവയെല്ലാം വെറുതെയായിപ്പോവുകയാണ്. ഒരു കാര്യവുമില്ലാത്ത കാര്യത്തിന് വേണ്ടി അമൂല്യമായ പ്രകൃതിവിഭവങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്നു ചുരുക്കം.

അവിടം കൊണ്ടും തീരുന്നില്ല. ഉപയോഗശൂന്യമാകുന്ന ഭക്ഷ്യവസ്തുക്കൾ ഒന്നുകിൽ മാലിന്യക്കൂനകളിലേക്ക് അല്ലെങ്കിൽ സ്ഥലം നികത്തുന്നതിനാണ് ഉപയോഗിക്കുന്നത്. അവ അഴുകി ഉണ്ടാകുന്ന മീഥെയ്ൻ ഉൾപ്പെടെയുള്ള ഹരിതഗൃവാതകങ്ങൾ നയിക്കുന്നത് ആഗോള താപനത്തിലേക്കും കാലാവസ്ഥാ വ്യതിയാനങ്ങളിലേക്കുമെല്ലാമാണ്.

ആശ്വസിക്കാൻ ചില കാര്യങ്ങൾ

ഭക്ഷ്യവസ്തുക്കൾ ഇത്തരത്തിൽ ഉപയോഗശൂന്യമാകുന്നത് തടയാൻ ലോകരാജ്യങ്ങൾ പലതും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നത് ആശ്വാസകരമാണ്. അമേരിക്കയിൽ 2010ൽ ഗ്രോസറി സ്റ്റോറുകള്‍ വഴി മാത്രം 4670 കോടി ഡോളർ വില വരുന്ന ഭക്ഷണമാണ് വെറുതെ കളഞ്ഞത്.

ഫ്രാൻസിലും സ്ഥിതി വ്യത്യസ്തമല്ല. 71 ലക്ഷം ടൺ ഭക്ഷണമാണ് പ്രതിവർഷം അവിടെ ആർക്കും ഉപയോഗമില്ലാതെ നശിച്ചു പോകുന്നത്. ഒരു ഫ്രഞ്ചുകാരൻ പ്രതിവർഷം ശരാശരി 20 മുതൽ 30 കിലോഗ്രാം വരെ ഭക്ഷണം വലിച്ചെറിഞ്ഞു കളയുന്നുണ്ടെന്നും അനൗദ്യോഗിക കണക്കുകൾ.

രാജ്യത്ത് പലരും പട്ടിണി കിടക്കുകയും അതേസമയം ഭക്ഷണം പാഴായിപ്പോവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നിയമം വന്നത്. 4305 ചതുരശ്ര അടി വിസ്തീർണത്തിൽ കൂടുതലുള്ള സൂപ്പർമാർക്കറ്റുകളിൽ നിന്ന് വിൽക്കാതെ കളയുന്ന ഭക്ഷ്യവസ്തുക്കൾ ഇനി മുതൽ ഏതെങ്കിലും സന്നദ്ധസംഘടനകൾക്കു കൈമാറണം.

ഭക്ഷ്യയോഗ്യമല്ലെങ്കിൽ കർഷകർക്ക് വളമാക്കാനോ മൃഗങ്ങൾക്ക് ഭക്ഷണമാക്കാനോ നൽകണം. ഇതു സംബന്ധിച്ച് 2016 ജൂലൈയ്ക്കകം സന്നദ്ധ സംഘടനകളുമായി കരാ‍ർ ഒപ്പിട്ടിരിക്കണം. അല്ലെങ്കിൽ 81600 ഡോളർ വരെ പിഴയും രണ്ടു കൊല്ലം വരെ തടവുമാണ് ശിക്ഷ.

ഭക്ഷ്യവസ്തുക്കൾ പാഴാക്കുന്നതു തടയുന്നതുമായി ബന്ധപ്പെട്ട് ലോകത്തുണ്ടായ ആദ്യത്തെ മികവുറ്റ നീക്കമാണ് ഫ്രാൻസിന്റേതെന്നാണു വിലയിരുത്തപ്പെടുന്നത്.എന്നാൽ ഫ്രാൻസിൽ പാഴായിപ്പോകുന്ന ഭക്ഷണത്തിൽ അഞ്ച് മുതൽ 11% വരെ മാത്രമാണ് സൂപ്പർമാർക്കറ്റുകളിലൂടെയുള്ളത്.

15% റസ്റ്ററന്റുകളിലൂടെയും പൊതുജനം വഴി 67 ശതമാനവും പാഴായിപ്പോകുന്നു. അതായത് നിയമം ഇനിയും വ്യാപിപ്പിക്കേണ്ടി വരുമെന്നു ചുരുക്കം. ഫ്രാൻസിന്റെ ചുവടുപിടിച്ച് രാജ്യാന്തരതലത്തിലും ഇത്തരം നിയമങ്ങൾ നടപ്പാക്കാനാണ് പരിസ്ഥിതി പ്രവർത്തകരുടെ ശ്രമം.

വരാനിരിക്കുന്ന യൂറോപ്യൻ യൂണിയൻ യോഗം, ജി–20 ഫോറം എന്നിവയിലും പാരിസിൽ നടക്കാനിരിക്കുന്ന കാലാവസ്ഥാവ്യതിയാനത്തിനെതിരെയുള്ള യുഎന്‍ കോൺഫറൻസി(സിഒപി 21)ലും വിഷയം അവതരിപ്പിക്കാനിരിക്കുകയാണ് സാമൂഹ്യ–പരിസ്ഥിതി പ്രവർത്തകർ.

© Copyright 2015 Manoramaonline. All rights reserved.