സ്വപ്നം കാണാം, ഭൂമിക്കു വേണ്ടി, നമുക്കു വേണ്ടി...

നവീൻ മോഹൻ

‘700 കോടി സ്വപ്നങ്ങൾ, ഒരൊറ്റ ഭൂമി. കരുതലോടെയാകണം ഉപയോഗം...’ ഇതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശം. സ്വച്ഛമായ കാറ്റ്, എങ്ങും പുഞ്ചിരിക്കുന്ന പൂക്കളും പാറി നടക്കുന്ന പൂമ്പാറ്റകളും, തെളിനീരുറവകൾ, അതിൽ മുഖം നോക്കുന്ന പക്ഷിക്കൂട്ടങ്ങൾ, തെളിഞ്ഞ അന്തരീക്ഷം, നേർത്ത തണുപ്പ്...ആഹാ എന്തു മനോഹരമായ നടക്കാത്ത സ്വപ്നം.

ഇന്നത്തെ അവസ്ഥയിലാണെങ്കിൽ ആരും ഇങ്ങനെ പറഞ്ഞുപോകുമെന്നുറപ്പ്. ഇങ്ങനെ എന്തുവേണമെങ്കിലും സ്വപ്നം കാണാൻ നിങ്ങൾക്ക് അവസരമുണ്ട്. ആ സ്വപ്നം നടപ്പാക്കാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നം. പക്ഷേ ഇത്തവണ ആ സ്വപ്നം നടപ്പാക്കുമെന്ന് പ്രതിജ്ഞയെടുത്താലോ?

ഐക്യരാഷ്ട്രസഭയുടെ എൻവയോണ്മെന്റ് പ്രോഗ്രാമിലൂടെ പരിസ്ഥിതി ദിനത്തിൽ പ്രതിജ്ഞയെടുക്കാനുള്ള അവസരമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഒട്ടേറെപ്പേർ ഇതിനോടകം തങ്ങളുടെ പാരിസ്ഥിതിക സ്വപ്നങ്ങളും പ്രതിജ്ഞകളുമെല്ലാം www.unep.org/wed എന്ന വെബ്സൈറ്റിലൂടെ പങ്കുവച്ചു കഴിഞ്ഞു. ഈ സ്വപ്നങ്ങൾ നടപ്പാക്കാൻ സഹായിക്കാനായി ഒരു ഡ്രീം ടീമിനെയും ഒരുക്കിയിട്ടുണ്ട്. ഹോളിവുഡ് താരം ലിയനാർഡോ ഡി കാപ്രിയോ ഉൾപ്പെടെ ഇതിനു പിന്തുണയുമായെത്തിയിട്ടുണ്ട്.

നമുക്കും ഏറ്റെടുത്താലോ പരിസ്ഥിതി ദിനത്തിൽ ഒരു പ്രതി‍ജ്ഞ? ആ പ്രതിജ്ഞയെ ഒരു ചാലഞ്ചാക്കിയും മാറ്റാം. പ്രതിജ്ഞ എത്രയും വേഗം നടപ്പാക്കുകയെന്നതാകണം ചാലഞ്ചിന്റെ ലക്ഷ്യം. വീടും പരിസരവും വൃത്തിയാക്കും, അടുക്കളത്തോട്ടം നിർമിക്കും, ഭക്ഷണം വെറുതെ കളയില്ല, തുടങ്ങി നാടിനെ സുന്ദരമായി സൂക്ഷിക്കാൻ തന്നാലാവുന്നതെല്ലാം ചെയ്യും എന്നുവരെ പ്രതിജ്ഞയെടുക്കാം. ആ പ്രതിജ്ഞയും ഫോട്ടോയും www.unep.org/wed വെബ്സൈറ്റിൽ പോസ്റ്റ് ചെയ്യാം.

ഇതിനോടകം ഒട്ടേെറ മലയാളികളൾ ഉൾപ്പെട തങ്ങളുടെ പാരിസ്ഥിതിക സ്വപ്നങ്ങളൾ സൈറ്റിൽ പങ്കുവച്ചു കഴിഞ്ഞു. സ്വപ്നം വെറുതെ പോസ്റ്റ് ചെയ്ത് ലൈക്ക് ചെയ്താൽ മാത്രം പോരാ ആ പ്രതിജ്ഞ നടപ്പാക്കാന്‍ പരമാവധി പ്രയത്നവും വേണം.

എല്ലാവരും സ്വപ്ങ്ങൾ കാണട്ടെ, അവ സത്യങ്ങളാകട്ടെ. ലോകത്തിലെ 700 കോടി സ്വപ്നങ്ങൾ സത്യമായാൽ പിന്നെ സ്വപ്നങ്ങളിൽ കണ്ടതിനേക്കാളും സുന്ദരമായ ഭൂമിയായിരിക്കും നമ്മുടെ കണ്മുന്നിലെത്തുകയെന്നോർക്കുക...

© Copyright 2015 Manoramaonline. All rights reserved.